ഇലവീഴാപൂഞ്ചിറയിലെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയായി; ഇനി സഞ്ചാരികളിലേയ്ക്ക്

കോട്ടയം: ജില്ലയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുന്ന ഇലവീഴാപൂഞ്ചിറയില്‍ ജലസേചനവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടന്നുവന്നിരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ മേലുകാവ് പഞ്ചായത്തിലാണ് ഇലവീഴാപൂഞ്ചിറ. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 3200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് 225 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള അതിവിശാലമായ കുളവും ചെക്ക്ഡാമുകളുമടങ്ങിയ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
പദ്ധതികള്‍ക്കായി മുന്‍പ് നാലു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. മൊട്ടക്കുന്ന് പ്രദേശമായ ഇവിടെ മലഞ്ചെരിവുകള്‍ക്കിടയിലാണ് വിശാലമായ ചിറ ഉണ്ടായിരുന്നത്. മരങ്ങള്‍ ഒന്നുംതന്നെ ഇല്ലാതിരുന്നതിനാല്‍ ഇലവീഴാപൂഞ്ചിറ എന്ന പേരും ലഭിച്ചു. കാലാകാലങ്ങളായി ഉണ്ടായ മണ്ണൊലിപ്പും മറ്റു പ്രശ്നങ്ങളുംമൂലം ചിറ നശിക്കുകയായിരുന്നു.
മലയിടുക്കുകളില്‍ വേനല്‍ക്കാലത്തും വറ്റാത്ത ഉറവ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജലവിഭവ വകുപ്പ് ചിറ പൂര്‍വസ്ഥിതിയില്‍ കൊണ്ടുവന്നത്. വേനല്‍ക്കാലത്ത് ഉറവയിലൂടെ ലഭിക്കുന്ന വെള്ളവും വര്‍ഷകാലത്തെ മഴവെള്ളവും സംഭരിക്കുകയാണ് ലക്ഷ്യം. അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് വശങ്ങള് സംരക്ഷിച്ചു നിര്‍മിച്ച കുളത്തില്‍ ഏകദേശം 225 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കുവാന്‍ സാധിക്കും.
കുളത്തിനടുത്തുതന്നെ മറ്റൊരു മലഞ്ചെരുവിലെ ഉറവയില്‍ നിന്നും ഒഴുകി വരുന്ന വെള്ളം 2.5 മീറ്റര്‍ മാത്രം വീതിയുള്ള ചെക്ക്ഡാം നിര്‍മിച്ച്, അടിഞ്ഞുകൂടിയ മണ്ണും കാടും നീക്കം ചെയ്തു. ഏകദേശം 110 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കുവാന്‍ സാധിക്കുന്ന മറ്റൊരു പദ്ധതിയും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ചുതന്നെ മറ്റൊരു തടയണയുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്.
കുളവും തടയണകളും ഏറ്റവും ഉയര്‍ന്ന പ്രദേശത്തായതിനാല്‍ മറ്റ് പന്പിംഗ് സൗകര്യങ്ങളൊന്നും കൂടാതെ പൈപ്പുകള്‍ വഴി ശുദ്ധജലം മേലുകാവിലും സമീപ പഞ്ചായത്തുകളിലും എത്തിക്കുവാനും സാധിക്കും.
നട്ടുച്ചയ്ക്ക് കോടമഞ്ഞ് കാണപ്പെടുന്ന ജില്ലയുടെ ഏകപ്രദേശമാണ് ഇലവീഴാപൂഞ്ചിറ. മലമുകളില്‍ നിന്നും കാണുന്ന ഭൂപ്രകൃതിയും, മലങ്കരഡാമിന്റെ ജലാശയവും കണ്ണിന് കൗതുകമേകുന്ന കാഴ്ചയാണ്.
ഇന്ന് രാവിലെ 10.30നു കെ.എം മാണി എംഎല്‍എയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ മന്ത്രി മാത്യു ടി. തോമസ് പദ്ധതി ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും. പൂര്‍ത്തീകരിച്ച പദ്ധതി ജോയി ഏബ്രഹാം എംപി ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനിക്കു കൈമാറും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.