May 28, 2023 Sunday

അനധികൃത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു

Janayugom Webdesk
കൊച്ചി
January 16, 2020 7:02 pm

മറൈന്‍ ഡ്രൈവിലെ സൗന്ദര്യവര്‍ധക വസ്തുക്കളുടെ മൊത്ത വിതരണ കേന്ദ്രത്തില്‍ നിന്ന് അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരിശോധനയിലാണ് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത അനധികൃത ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. മുടി വളരാനുള്ള വൈറ്റമിന്‍ ഇ ഗുളികകള്‍, ഹെയര്‍ ഓയില്‍, അലോവേര ജെല്‍, ഹെന്ന പൗഡര്‍, സൗന്ദര്യ വര്‍ധനവിന് മുഖത്ത് തേക്കുന്ന ക്രീമുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.

മിഡാസ് എന്ന സ്ഥാപനത്തിലായിരുന്നു പരിശോധന. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഇതില്‍ ഹെയര്‍ ഓയിലും വിറ്റമിന്‍ ഇ ഗുളികയും ചൈനയില്‍ നിന്ന് തമിഴനാട്ടിലെത്തി അവിടെ നിന്നാണ് കൊച്ചിയിലേക്ക് എത്തുന്നത്. ഇവിടെ നിന്നും ഹെയര്‍ ഓയില്‍ വാങ്ങി ഉപയോഗിച്ച മലപ്പുറം സ്വദേശിനി അലര്‍ജി വന്നതിനാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡ്രഗ്‌സ് വിഭാഗം പരിശോധന നടത്തിയത്.

അതേസമയം ഉത്പന്നങ്ങളെക്കുറിച്ച് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു വ്യാപാരിയുടെ വാദം. ഇവര്‍ക്ക് കേരളത്തില്‍ ആറ് ബ്രാഞ്ചുകളുണ്ട്. സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ നിര്‍മ്മാണ തീയതിയോ, കാലാവധി കഴിയുന്ന തീയതിയോ ഉത്പന്നങ്ങളില്‍ രേഖപ്പെടുത്തിയിരുന്നില്ല. നിര്‍മ്മാതാക്കളെക്കുറിച്ചുള്ള വിവരങ്ങളും പാക്കിങില്‍ രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ ഉത്പന്നങ്ങളുടെ ശരിയായ ബില്ലും വില്പനക്കാരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. ഇത്തരത്തില്‍ യാതൊരു രേഖകളുമില്ലാതെയാണ് ഇവ ഷോപ്പില്‍ സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത ഉല്‍പന്നങ്ങള്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം സാമ്പിളുകള്‍ ഗുണനിലവാര പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.