Saturday
16 Feb 2019

ലൈസന്‍സുള്ളത് 200 താഴെ, അനധികൃതം 750 ലേറെ; മലപ്പുറം ജില്ലയില്‍ അനിധികൃത ക്വാറിമാഫിയ പിടിമുറുക്കുന്നു

By: Web Desk | Monday 11 February 2019 3:17 PM IST

സുരേഷ് എടപ്പാള്‍

മലപ്പുറം: ക്വാറി മാഫിയയുടെ കൂത്തരങ്ങായി മാറയിരിക്കുന്നു മലപ്പുറം ജില്ല. ഭൂമിയെ പിളര്‍ന്നു ഒട്ടനവധി ക്വാറികളാണ് എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍ പറത്തി യഥേഷ്ടം പ്രവര്‍ത്തിച്ചു വരുന്നത്. നിര്‍മ്മാണമേഖല സജീവമായതോടെ മലകളെല്ലാം പൊളിച്ചടുക്കുന്ന തിരക്കിലാണ് ഈ മേഖലയിലെ വന്‍കിടക്കാര്‍. പരിസ്ഥിതിക്കും പ്രദേശവാസികള്‍ക്കും കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കരിങ്കല്‍ ഖനനത്തിനെതിരെ പരാതികള്‍ ഉയരുന്നുണ്ടെങ്കിലും നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. ഒരു രേഖയും ഇല്ലാതെ മലകള്‍ തകര്‍ക്കാനും ഖനനം നടത്താനും ഒരുമ്പെടുന്ന ക്വാറി മാഫിയക്കു മുന്നില്‍ പകച്ചിരിക്കയാണ് ജനം.
സര്‍ക്കാരിന്റെ അനുമതിയോടെ 200 ല്‍ താഴെ ക്വാറികള്‍ പ്രവര്‍ത്തിക്കമ്പോള്‍ 750 ലേറെ അനധികൃത ക്വാറികളാണ് ഒരു രേഖയുമില്ലാതെ കരിങ്കല്‍ ഖനനം തുടരുന്നു. നിയമാനുസൃതമായ ലൈസന്‍സുകളുമായി പ്രവര്‍ത്തിക്കുന്നവരെ നോക്കുകുത്തികളാക്കി ഈ മേഖല അടക്കി വാഴുകയാണ് അനധികൃത ലോബി. കരിങ്കല്‍ പൊട്ടിച്ചെടുക്കുന്ന ക്വാറികള്‍, അതുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്രഷറുകള്‍,യാഡുകള്‍ എന്നിവക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ലൈസന്‍സുകള്‍ ആവശ്യമാണെന്നിരിക്കെ ഒരു നിയമവും പാലിക്കാതെയാണ് 750 ല്‍ പരം ക്വാറികള്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്നതെന്നത് ഈ രംഗത്തുള്ള ഉദ്യോഗ്‌സഥര്‍ തുടരുന്ന മൗനാനുവാദത്തിന് ഉത്തമ ദൃഷ്ടാന്തമാണ്. സര്‍ക്കാരിലേക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ നികുതിയാണ് ഈ രംഗത്ത് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്.വേങ്ങര, കണ്ണമംഗലം പഞ്ചായത്തുകളിലാണ് അനധികൃത ക്വാറികളിലേറെയും പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പു കാലത്ത് ഇത്തരം ക്വാറികള്‍ക്കെതിരെ ജനരോഷം ശക്തമാകാറുണ്ടെങ്കിലും ചില രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് പ്രതിഷേധം ഇല്ലാതാക്കുകയാണ് പതിവ്. വേങ്ങര മേഖലയിലെ പ്രകൃതി സുന്ദരമായ മലകളിലേറെയും അനധികൃത ക്വാറികള്‍ വന്നതോടെ ഇല്ലാതായി. കനത്ത പരിസ്ഥിതി പ്രശ്‌നങ്ങളാണ് ഇതുയര്‍ത്തുന്നത്. പ്രദേശവാസികളുടെ ജീവന് വലിയ വെല്ലുവിളികളാണ് ഇവിടെ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളടക്കം നിരവധി തൊഴിലാളികള്‍ ഈ ക്വാറികളില്‍ ജോലിക്കിടെ മരിക്കുന്നുമുണ്ട്.അനധികൃത ക്വാറികള്‍ക്കെതിരെ നടപടിയെടുക്കേണ്ട റവന്യു,ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടങ്ങളില്‍ പരിശോധന നടത്തുന്നതിനോ നടപടിയെടുക്കുന്നതിനോ തയ്യാറാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്. കനത്ത നികുതി നഷ്ടമാണ് വരുന്നതെങ്കിലും ജി.എസ്.ടി.വകുപ്പ് അധികൃതരും ഈ മേഖലയിലേക്ക് തിരിഞ്ഞു നോക്കുന്നില്ല. പ്രളയത്തെ തുടര്‍ന്ന് പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പാറപൊട്ടിക്കുന്നത് തടയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറുകുന്നില്ലന്ന പരാതിയും ശക്തമാണ്. അനധികൃമായി പ്രവര്‍ത്തിക്കുന്ന ക്വാറികളെ തടയണമെന്നാവശ്യപ്പെട്ട് അംഗീകൃത ക്വാറി ഉടമകളുടെ സംഘടന സജീവമായ രംഗത്തുണ്ടെങ്കിലും സമ്മര്‍ദ്ധങ്ങള്‍ക്ക് ഫലമില്ലെന്നു മത്രമല്ല, മത്സരം ലൈസന്‍സുള്ളവരുടെ കച്ചവടത്തെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.