അടൂരില്‍ കെട്ടിട നിര്‍മ്മാണത്തിന് നല്‍കുന്ന അനുമതിയുടെ മറവില്‍ വ്യാപകമായ മണ്ണെടുപ്പ്

Web Desk
Posted on March 22, 2018, 10:08 am

അടൂര്‍ : കെട്ടിടനിര്‍മ്മാണത്തിന് നല്‍കുന്ന മണ്ണെടുപ്പിന്റെ മറവില്‍ അടൂരില്‍ വ്യാപക മണ്ണെടുപ്പ്. വലിയ കുന്നുകള്‍ ഇടിച്ച് നിരത്തിയാണ് മണ്ണ് മാഫിയകള്‍ കുന്നിടിച്ച് മണ്ണ് കടത്തുന്നത്. പള്ളിക്കല്‍ പഞ്ചായത്തില്‍ തെങ്ങമം പള്ളിക്കല്‍ തോട്ടുവ, പാറക്കൂട്ടം, നെല്ലിമുകള്‍, മുണ്ടപ്പള്ളി എന്നിവിടങ്ങളിലും കടമ്പനാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളായ മൊതിരചുളിമല, തൂവയൂര്‍, പാണ്ടിമലപ്പുറം, തുടങ്ങിയ ഭാഗങ്ങളിലും ഏറത്ത് പഞ്ചായത്തിലെ കന്നിമല പോലുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും മണ്ണെടുപ്പ് നടക്കുന്നത്. അടൂര്‍ മുനിസിപ്പാലിറ്റിയില്‍ കണ്ണംകോട് പ്രദേശത്തും വ്യാപകമായി മണ്ണെടുപ്പ് നടത്തി വരുന്നു. വീട് നിര്‍മ്മാണത്തിനായി പത്ത് സെന്റ് സ്ഥലത്തെ മണ്ണ് നിരപ്പാക്കുന്നതിന് പാസ് ലഭിച്ചാല്‍ ഏക്കര്‍ കണക്കിന് സ്ഥലത്തു നിന്നും മണ്ണെടുത്തുകൊണ്ടുപോകുന്നത് പതിവായി. ദിവസവും ടിപ്പര്‍ ലോറികളില്‍ ലോഡ് കണക്കിന് മണ്ണ് കടത്തികൊണ്ടുപോകുന്നു. നാട്ടുകാരുടെ എതിര്‍പ്പ് മണ്ണ് മാഫിയാകള്‍ കാര്യമാക്കുന്നില്ല. വന്‍തോതില്‍ മണ്ണ് കടത്ത് വര്‍ദ്ധിച്ചതിനാല്‍ ജലക്ഷാമമും രൂക്ഷമായിരിക്കുകയാണ്. കിണറുകള്‍ വറ്റി തുടങ്ങിയത് കാരണം ദൂരെ സ്ഥലങ്ങളില്‍ പോയാണ് ജനങ്ങള്‍ കുടിവെള്ളം ശേഖരിക്കുന്നത്. മണ്ണെടുക്കുന്നത് തടയാന്‍ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും സ്വീകരിക്കുന്നില്ല. നാടിനെ നശിപ്പിക്കുന്ന മണ്ണ് മാഫിയാകളെ തടയാന്‍ ആര്‍ക്കും കഴിയുന്നില്ല എന്നുള്ള പരാതിയാണ് നാട്ടുകാര്‍ക്കുള്ളത്.