September 30, 2023 Saturday

അനധികൃത കശാപ്പുശാലകളും കാലി കടത്തും വ്യാപകം

ആർ ബാലചന്ദ്രൻ
ആലപ്പുഴ
October 18, 2022 8:32 am

അശാസ്ത്രീയമായ കശാപ്പുശാലകളും കാലികടത്തും കേരളത്തിൽ വ്യാപകമാകുന്നു. സംസ്ഥാനത്ത് പ്രതിവർഷം വിതരണം ചെയ്യുന്ന 4.5 ലക്ഷം ടൺ മാംസത്തിൽ 95 ശതമാനവും എത്തുന്നത് അനധികൃത കശാപ്പു ശാലകളിൽ നിന്നാണെന്ന് കേരള സ്റ്റേറ്റ് അനിമൽ വെൽഫെയർ ബോർഡ് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇത് ആരോഗ്യമേഖലയിൽ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. അനധികൃത കശാപ്പ് തടയാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് റിപ്പോർട്ട് അടിവരയിടുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന കന്നുകാലികളെ കൃത്യമായി പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം. എങ്കിൽ മാത്രമേ നടപടികൾ പൂർണമാകൂ.

അതേസമയം, ഇക്കാര്യങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യവിഭാഗം എന്നിവയുടെ സംയുക്ത പരിശോധന ജില്ലകളിൽ ആരംഭിച്ച് കഴിഞ്ഞു. അനധികൃത കശാപ്പ് അവസാനിപ്പിക്കാൻ സർക്കാരിന് വ്യക്തമായ പദ്ധതികളുണ്ട്. ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കുകയാണ് ലക്ഷ്യം. ഭക്ഷ്യയോഗ്യമായ മാംസത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് ആദ്യം. മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് മാംസ ഉല്പാദനം വർധിപ്പിക്കും. കൂടാതെ ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്ന മൃഗങ്ങളെ പരിശോധിക്കാനും ചെക്ക് പോസ്റ്റുകളിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

അസുഖബാധിതരായ മൃഗങ്ങളെ ചെക്ക്പോസ്റ്റുകളിൽ ക്വാറന്റൈനിലാക്കാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കശാപ്പ് ശാലകളും ഇറച്ചികടകളും നിയമവിധേയമായി എങ്ങനെ പ്രവർത്തിക്കണമെന്ന് പഞ്ചായത്ത് രാജ് ആക്ടിൽ പ്രതിപാദിച്ചിട്ടുണ്ട്. ഒരു വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യത്തിൽ വൃത്തിയുള്ള സാഹചര്യത്തിൽ യന്ത്രങ്ങളുടെ സഹായത്താലേ നിയമപരമായി മാടുകളെ കശാപ്പു ചെയ്യാവൂ. എന്നാൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ തോന്നിയയിടത്ത് മാടുകളെ കശാപ്പ് ചെയ്ത് പ്രദർശിപ്പിച്ചാണ് വില്പന. വഴിയോര വില്പനകളും ആരംഭിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുവാദമില്ലാതെ ഒരറവുശാലയ്ക്കും പ്രവർത്തിക്കാൻ കഴിയില്ല. പക്ഷേ, ഈ ചട്ടവും പലപ്പോഴും ലംഘിക്കപ്പെടുകയാണ്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ തുടർച്ചയായി വീഴ്ച്ച വരുത്തിയത് കാരണം അടച്ച് പൂട്ടിയ അറവ് ശാലകൾ മൊബൈൽ അറവുശാലകളായി മാറി. കേരളത്തിലെ മാംസ ഉപഭോഗം വർധിക്കുന്നതനുസരിച്ച് ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്.

Eng­lish Sum­ma­ry: Ille­gal slaugh­ter­hous­es and cat­tle smuggling
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.