ഇമാമും ഭാര്യയും പള്ളിക്ക് സമീപം കൊല്ലപ്പെട്ട നിലയിൽ

Web Desk
Posted on September 09, 2019, 5:17 pm

ഹരിയാന: ഇമാമിനേയും ഭാര്യയേയും പള്ളിക്ക് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ സോന്‍പത്ത് ജില്ലയിലെ മാണിക് മജ്രിയിലെ പള്ളിക്ക് സമീപമാണ് സംഭവം. അക്രമി സംഘം ഇമാമിനേയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇര്‍ഫാന്‍ (38) ഭാര്യ യസ്മിന്‍ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ പ്രാര്‍ത്ഥനയ്ക്കുവേണ്ടി പള്ളിയിലെത്തിയവരാണ് സമീപത്ത് രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ കിടക്കുന്ന ഇരുവരേയും കണ്ടെത്തിയത്.

ഗ്രാമത്തില്‍ ആരുമായും ഇവര്‍ക്ക് യാതൊരു രീതിയിലുമുള്ള പ്രശ്‌നങ്ങളുമില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഗ്രാമത്തിലെ രണ്ടു ഗ്രൂപ്പില്‍പ്പെട്ട ആളുകള്‍ തമ്മില്‍ ഭൂമിതര്‍ക്കം ഉണ്ടായെന്നും കൊല്ലപ്പെട്ട ഇമാം പ്രശ്‌നത്തില്‍ ഇടപെട്ടതായും നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് പ്രശ്‌നത്തില്‍ ഉള്‍പ്പെട്ട ഒരു ഗ്രൂപ്പ് ഇമാമിനെ ഭീഷണിപ്പെടുത്തി. ഇരുവരുടേയും കൊലപാതകത്തിന് പിന്നില്‍ ഈ ഗ്രൂപ്പ് ആണോ എന്ന സംശയമുണ്ടെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി.