ഐഎംഎ മെഡിക്കല്‍ ബന്ദ് പിന്‍വലിച്ചു

Web Desk
Posted on January 02, 2018, 10:46 pm

ന്യൂഡല്‍ഹി: രാജ്യത്തെ ആതുര മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതമുളവാക്കുന്ന ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ലോക്‌സഭയുടെ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത ബജറ്റ് സമ്മേളനത്തിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍ നിര്‍ദേദേശം നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കേരളത്തിലുള്‍പ്പെടെ ഐഎംഎ ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി നടത്തിവന്ന മെഡിക്കല്‍ ബന്ദ് അവസാനിപ്പിച്ചു.
പ്രതിപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് ബില്‍ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ബില്ലിനെതിരെ അലോപ്പതി ഡോക്ടര്‍മാരില്‍ നിന്നുള്‍പ്പെടെ ഉയര്‍ന്ന വ്യാപകമായ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയാണ് ബില്‍ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഐ എം എയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ബില്ലിലെ വിവാദപരമായ വ്യവസ്ഥകളെ കുറിച്ചുള്ള ആശങ്കകള്‍ മന്ത്രിയെ അറിയിച്ച സംഘം ബില്‍ തിടുക്കത്തില്‍ പാസാക്കാതെ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ആരോഗ്യ മേഖലയില്‍ മാറ്റം കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡ രാജ്യസഭയില്‍ പറഞ്ഞിരുന്നു. മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ഗുണമേ ഉണ്ടാക്കു. ബില്ലുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്കുള്ള ആശങ്ക സംബന്ധിച്ച് ഐഎംഎ പ്രതിനിധികളുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നുവെന്നും നഡ്ഡ അറിയിച്ചിരുന്നു.
ഡോക്ടര്‍മാരുടെ ആശങ്ക നീക്കണമെന്ന് കോണ്‍ഗ്രസും എസ് പിയും രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ബില്ലിലെ വ്യവസ്ഥകള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് എംബിബിഎസ് പഠനം അസാധ്യമാക്കുമെന്ന് ഐ എം എ ദേശീയ അധ്യക്ഷന്‍ രവി വന്‍ഖേദ്കര്‍ കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഹോമിയോ, ആയുര്‍വേദം, യുനാനി തുടങ്ങി ഇതര ചികിത്സ പഠിച്ചവര്‍ക്ക് ഒരു കോഴ്‌സിലൂടെ അലോപതിയിലും ചികിത്സ ചെയ്യാനുള്ള അനുമതി മെഡിക്കല്‍ കമ്മിഷന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. എം ബി ബി എസ് പാസാകുന്നവര്‍ക്ക് നെക്സ്റ്റ് പരീക്ഷ എഴുതിയാല്‍ മാത്രമേ പ്രാക്ടീസ് ചെയ്യാനാകൂ എന്നും ബില്ലില്‍ പറയുന്നു. ഇതിനെതിരെയാണ് പ്രതിഷേധം. എംബിബിഎസ് നേടിയ ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യാനുള്ള അനുവാദം ലഭിക്കുന്നതിനായി വീണ്ടും പരീക്ഷ കൊണ്ടുവരുന്നത് എന്‍ട്രന്‍സ് മാഫിയയെ സഹായിക്കാനുള്ള നീക്കമാണെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. ഗ്രാമ പ്രദേശങ്ങളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനാണ് ഈ നടപടി എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാല്‍ വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാനുള്ള അവസരം ആയുഷിന് ചെറിയ കോഴ്‌സിലൂടെ നല്‍കുന്ന നടപടി വ്യാജവൈദ്യത്തിന് കാരണമാകുമെന്നാണ് ഐ എം എയുടെ വാദം.

സംസ്ഥാനത്ത് പൂര്‍ണ്ണം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ജനവിരുദ്ധമെന്നാരോപിച്ച് ഇന്ത്യന്‍മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) നേതൃത്വത്തില്‍ നടത്തിയ മെഡിക്കല്‍ ബന്ദ് സംസ്ഥാനത്ത് പൂര്‍ണ്ണം. സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ 90% ഡോക്ടര്‍മാരും പണിമുടക്കി പ്രതിഷേധത്തില്‍ പങ്കെടുത്തു. എന്നാല്‍ അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.
തിരുവനന്തപുരത്ത് പണിമുടക്കിയ ഡോക്ടര്‍മാരും, വിദ്യാര്‍ഥികളും നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ നാലായിരത്തിലധികം പേര്‍ പങ്കെടുത്തു. മാര്‍ച്ചും ധര്‍ണ്ണയും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ കെ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി) ബില്‍ രാജ്യത്ത് നടപ്പിലാക്കിയാല്‍ രാജ്യത്തെ പൊതുജനാരോഗ്യരംഗം താറുമാറാകുമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത ഡോ. ഇ കെ ഉമ്മര്‍ പറഞ്ഞു. വികലമായ നയത്തില്‍ നിന്നും കേന്ദ്രം പിന്‍മാറണം അല്ലെങ്കില്‍ ആരോഗ്യരംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി) ബില്‍ ഇപ്പോഴത്തെ നിലയില്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ.എന്‍ സുള്‍ഫി പറഞ്ഞു. ഇത് നടപ്പിലാക്കിയാല്‍ രാജ്യത്തെ ആരോഗ്യമേഖല തകരും, വ്യാജ ഡോക്ടര്‍മാരെയും വ്യാജ വൈദ്യന്‍മാരെയും സൃഷ്ടിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നിന്ന് സാധാരണക്കാരെ മാറ്റി നിര്‍ത്താനേ ഇത് ഉപകരിക്കൂ.അതിനാല്‍ ഡോക്ടര്‍മാരെ അനിശ്ചിതകാല സമരത്തിലേക്ക് തള്ളിവിടാതെ കേന്ദ്ര സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും ഡോ.എന്‍ സുള്‍ഫി ആവശ്യപ്പെട്ടു. ധര്‍ണ്ണയില്‍ കെജിഎംസിടിഎ പ്രസിഡന്റ് ഡോ.കവിത, കെജിഎംഒഎ പ്രസിഡന്റ് ഡോ.ജി എസ് വിജയകൃഷ്ണന്‍, നാഷണല്‍ സ്റ്റുഡന്‍സ് വിങ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ശ്രീജിത്ത് എന്‍ കുമാര്‍, മെഡിക്കല്‍ സ്റ്റുഡന്‍സ് വിങ് സംസ്ഥാന ചെയര്‍മാന്‍ ശബരിനാഥ് തുടങ്ങിയവരും പങ്കെടുത്തു.
അതേസമയം, ബില്‍ ലോക്‌സഭ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിട്ട സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു. രാജ്ഭവനു മുന്നില്‍ മൂന്ന്ദിവസമായി നടന്നുവന്ന സമരവും അവസാനിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി രാവിലെ ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും രാജ്ഭവന്‍ മാര്‍ച്ചും നടത്തിയിരുന്നു.
പ്രതിഷേധസൂചകമായി ഇന്നലെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിയ മെഡിക്കല്‍ ബന്ദില്‍ രോഗികള്‍ വലഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ ഒരു മണിക്കൂര്‍ ഒപി ബഹിഷ്‌ക്കരണം മാത്രമാണ് നടത്തിയതെങ്കിലും സമരം അറിയാതെ ആശുപത്രിയിലെത്തിയ രോഗികള്‍ ബുദ്ധിമുട്ടിലായി. സംസ്ഥാനത്തെ മുപ്പതിനായിരത്തിലധികം ഡോക്ടര്‍മാര്‍ നടത്തിയ സമരത്തില്‍ ആശുപത്രികളെല്ലാം നിശ്ചലമായി. സ്വകാര്യ ആശുപത്രികളിലും ഡോക്ടര്‍മാര്‍ രാവിലെ ജോലിക്കെത്തിയില്ല. അത്യാഹിതവിഭാഗം മാത്രമാണ് ഇവിടെ പ്രവര്‍ത്തിച്ചത്. തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയില്‍ രോഗികളെ പരിശോധിക്കാതെ ഡോക്ടര്‍ പണിമുടക്കില്‍ പങ്കെടുക്കാന്‍ പോയത് പ്രതിഷേധത്തിനിടയാക്കി.