റെജി കുര്യൻ

December 24, 2019, 9:38 pm

ഇന്ത്യയുടെ വളർച്ച നിരക്കിൽ വൻ ഇടിവുണ്ടാകും: ഐഎംഎഫ്

Janayugom Online

ന്യൂഡൽഹി: ആഭ്യന്തര വളർച്ച നിരക്ക് രണ്ടക്കമാക്കുമെന്ന മോഡിയുടെ വാഗ്ദാനം പാഴ് വാക്കാകുന്നു. ഇന്ത്യയുടെ വളർച്ച നിരക്കിൽ വൻ ഇടിവുണ്ടാകുമെന്ന് ആന്താരാഷ്ട്ര നാണയ നിധി. കോർപേറേറ്റ് നികുതികളിൽ വെട്ടിക്കുറവു വരുത്തിയിട്ടും ഇന്ത്യൻ സമ്പദ് രംഗം കിതപ്പോടെ പിന്നാക്കം പോകുകയാണന്ന് അന്താരാഷ്ട്ര നാണയ നിധി മുഖ്യ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും കഴിഞ്ഞ ദിവസം ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഐ എം എഫ് ഇന്ത്യയുടെ വളർച്ച നിരക്ക് സംബന്ധിച്ച് കണക്കുകൾ അടുത്തമാസം പുറത്തുവിടും. നിലവിൽ ഐഎംഎഫ് കണക്കുകൾ പ്രകാരം ഇന്ത്യയുടെ ആഭ്യന്തര വളർച്ച് 2019ൽ 6.1 ശതമാനവും 2020ൽ ഏഴു ശതമാനവുമായാണ് കണക്കാക്കുന്നത്. എന്നാൽ ഈ കണക്കുകളിൽ കുറവു വരുത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നാണ് അവർ മുന്നറിയിപ്പു നൽകിയത്.

ജനുവരി മൂന്നാം വാരത്തോടെ ഐഎംഎഫ് പുതിയ കണക്കുകൾ പുറത്തുവിട്ടേക്കും. കഴിഞ്ഞ ജൂലൈ-സെപ്റ്റംബർ കാലത്ത് ഇന്ത്യയുടെ ആഭ്യന്തര വളർച്ച നിരക്ക് നാലര ശതമാനമായി കുറഞ്ഞു. ആറുവർഷം മുമ്പ് 2012–13 ജനുവരി-മാർച്ച് പാദത്തിൽ 4.3 ശതമാനം വളർച്ച നിരക്ക് കണക്കിലെടുത്താൽ ആറുവർഷത്തിലെ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കാണിത്. ലോകത്ത് ശക്തി പ്രാപിച്ചു വരുന്ന മാർക്കറ്റുകളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ സമ്പദ് രംഗം വളർച്ച പ്രാപിക്കുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നും ഗീത ഗോപിനാഥ് പറഞ്ഞു. സർക്കാർ ചെലവാക്കുന്ന തുകകൾ മാത്രമാണ് മാർക്കറ്റിലുള്ളത്. സ്വകാര്യ മേഖല പിൻവലിഞ്ഞിരിക്കുന്നു. നിക്ഷേപവും ഉപഭോഗവും കാര്യമായി കുറഞ്ഞു പോയതും സ്വകാര്യ മേഖലയുടെ വിശ്വാസം ആർജ്ജിക്കാൻ സർക്കാരിനു കഴിയാതിരുന്നതും സമ്പദ് രംഗത്തിന് തിരിച്ചടിയായി. കോർപേേററ്റ് നികുതി നിരക്കിൽ കുറവു വരുത്തിയത് സാമ്പത്തിക രംഗത്ത് കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചില്ല.

2024 ൽ അഞ്ച് ട്രില്യൺ ഡോളറിന്റെ സമ്പദ് ഘടനയായി ഇന്ത്യയെ മാറ്റുമെന്ന ആഗ്രഹങ്ങൾ നല്ലതുതന്നെ. എന്നാൽ കണക്കുകൾ പരിശോധിക്കുമ്പോൾ ഇതു വൻ വെല്ലുവിളി തന്നെയാണ്. ഇത് പ്രാപ്തമാകണമെങ്കിൽ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തിൽ പത്തര ശതമാനം വീതം വളർച്ച അടുത്ത അഞ്ച് വർഷത്തേക്കുണ്ടാകണം. എന്നാൽ കഴിഞ്ഞ ആറുവർഷമായി ഇന്ത്യയുടെ ആഭ്യന്തര വളർച്ച ആറു ശതമാനം മാത്രമാണ്. ഇന്ത്യൻ കാർഷിക രംഗത്ത് ഉത്പാദന വളർച്ച അനിവാര്യമാണ്. ഭൂമി, തൊഴിൽ മേഖലയിലും ഘടനാപരമായ മാറ്റങ്ങൾ വരേണ്ടതുണ്ടെന്നും ഗീത ഗേപിനാഥ് പറഞ്ഞു.
അതേസമയം രാജ്യത്തെ പൊതു കടം വർദ്ധിച്ചു വരികയാണെന്നും ബജറ്റിതര ചെലവഴിക്കൽ കൂടുകയാണെന്നും ഐ എം എഫ് പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്. സാമ്പത്തികരംഗത്തിന്റെ യഥാർത്ഥ സ്ഥിതിഗതി സംബന്ധിച്ച് റിപ്പോർട്ടുകൾക്ക് സുതാര്യതയില്ല. ഇവ സുതാര്യമെങ്കിൽ ഇന്ത്യൻ സമ്പദ് ഘടനയുടെ മുന്നോട്ടുള്ള വളർച്ചയ്ക്ക് ശരിയായ ദിശാബോധം നൽകാൻ നയരൂപീകരണത്തിലൂടെ സാധ്യമാണ്.

പൊതുസ്വകാര്യ മേഖലകളിലെ നിക്ഷേപം വർദ്ധിപ്പിക്കുക. സാമ്പത്തിക വികസനം മുന്നിൽകണ്ട് സാമൂഹ്യ പ്രതിബന്ധതയുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ഐഎംഎഫ് മുന്നോട്ടു വയ്ക്കുന്നത്. അതേസമയം ജിഎസ്‌ടി നടപ്പിലാക്കിയതുവഴി നടപ്പു സാമ്പത്തിക വർഷം സംസ്ഥാനങ്ങൾക്ക് കിട്ടേണ്ട നികുതി വിഹിതത്തിലെ കുറവുവരുന്ന 63,000 കോടി രൂപ സംസ്ഥാനങ്ങൾക്ക് എവിടുന്നു നൽകുമെന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന് ഇനിയും കൃത്യമായ ധാരണയില്ല. ഇതിനു പുറമെയാണ് പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യയുടെ പൈലറ്റുമാർ തങ്ങളുടെ ശമ്പള കുടിശിക ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തു നൽകിയത്. എയർ ഇന്ത്യ ശമ്പള കുടിശിഖ തീർക്കാത്ത സാഹചര്യത്തിൽ നല്ലൊരു ശതമാനം പൈലറ്റുമാരും രാജിവച്ചു.

ബിഎസ്എൻഎല്ലിനു പുറമെ എയർ ഇന്ത്യയെന്ന പൊതുമേഖലാ സ്ഥാപനവും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. എല്ലാ പൊതുമേഖല സ്ഥാപനങ്ങളും വിറ്റു തുലച്ച് രാജ്യത്തിന്റെ സമ്പദ് ഘടനയെ ശക്തിപ്പെടുത്താമെന്നത് അപ്രായോഗികമായ തീരുമാനമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കേന്ദ്ര സർക്കാരിന്റെ കുത്തഴിഞ്ഞ സാമ്പത്തിക നയങ്ങൾ ഇന്ത്യൻ സമ്പത്ഘടനയെ തളർച്ചയുടെ ആഴങ്ങളിലേക്ക് തള്ളിയിടുകയാണെന്ന് ഐഎംഎഫും അടിവരയിടുന്നു.

you may also like this video