ഐഎംഎഫും ലോകബാങ്കും തീവ്രദേശീയതയ്‌ക്കെതിരെ

Web Desk
Posted on October 14, 2017, 11:45 pm

വാഷിങ്ടണ്‍: ആഗോള സാമ്പത്തിക ഉദ്ഗ്രഥനത്തിനുനേരെ പാശ്ചാത്യ മുതലാളിത്ത ലോകത്ത് വളര്‍ന്നുവരുന്ന തീവ്രദേശീയതയുടെ ഉപരോധത്തിനെതിരെ മുന്നറിയിപ്പുമായി അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്)യും ലോകബാങ്കും. 2010നു ശേഷം ആഗോള സമ്പദ്ഘടനയില്‍ വളര്‍ച്ചയുടെയും അഭിവൃദ്ധിയുടെയും സൂചനകള്‍ പ്രകടമാണ്. അത് പിന്തള്ളപ്പെട്ട ജനതകള്‍ക്ക് ലഭ്യമാകുമെന്ന് ഉറപ്പുവരുത്തണം. അതിന് ആവശ്യമായ നയരൂപീകരണത്തിന് ലോകനേതാക്കള്‍ സന്നദ്ധമാകണം. ഐഎംഎഫ്, ലോകബാങ്ക് നേതാക്കള്‍ ശനിയാഴ്ച സമാപിച്ച ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട 189 രാഷ്ട്ര പ്രതിനിധികളോട് ആഹ്വാനം ചെയ്തു.
സ്വതന്ത്ര വ്യാപാരത്തിനും രാഷ്ട്രാന്തര സഹകരണത്തിനുമെതിരെ വളര്‍ന്നുവരുന്ന ജനക്കൂട്ട സന്ദേഹത്തെ ചെറുത്ത് സാമ്പത്തിക അസമത്വത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും നേരിടാന്‍ ലോകനേതാക്കള്‍ തയാറാകണമെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീന്‍ ലഗാര്‍ഡെയും ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിമും ഇരുസ്ഥാപനങ്ങളുടെയും വാര്‍ഷിക പൊതുയോഗത്തില്‍ ആവശ്യപ്പെട്ടു. ആഗോളധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പദ്ധതികള്‍ക്ക് കൂടുതല്‍ പണം അനുവദിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ വൈമുഖ്യത്തിന്റെ പശ്ചാത്തലത്തില്‍ വാര്‍ഷിക പൊതുയോഗത്തിന്റെ ആഹ്വാനം ശ്രദ്ധേയമാണ്. കൂടുതല്‍ പണം ലഭിക്കാത്തപക്ഷം വായ്പാ പദ്ധതികള്‍ മൂന്നിലൊന്നായി വെട്ടിക്കുറയ്‌ക്കേണ്ടിവരുമെന്ന് ലോകബാങ്ക് പ്രസിഡന്റ് വെള്ളിയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനത്തിന്റെയും തീവ്രദേശീയതയുടെ തരംഗത്തില്‍ വ്യാപാരക്കരാറുകള്‍ റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണിയുടെയും ജര്‍മന്‍ തെരഞ്ഞെടുപ്പില്‍ തീവ്രദേശീയ പാര്‍ട്ടികള്‍ കൈവരിച്ച നേട്ടത്തിന്റെയും പശ്ചാത്തലത്തില്‍ ആഗോള ധനകാര്യ സ്ഥാപനങ്ങളുടെ നിലപാട് ശ്രദ്ധേയമാണ്. ‘അമിതമായ അസമത്വം വളര്‍ച്ചയ്ക്ക് വിഘാതവും വിശ്വാസത്തകര്‍ച്ചയ്ക്കും രാഷ്ട്രീയ പിരിമുറുക്കത്തിനും’ വഴിതെളിക്കുന്നതായി ഐഎംഎഫ് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡെ ചൂണ്ടിക്കാട്ടി.
‘മുമ്പെന്നത്തെക്കാളും പരസ്പരബന്ധിതമായ ലോകം ശിഥിലമാകുന്നതും രാഷ്ട്രങ്ങളും ജനങ്ങളും അകലുന്നതും’ ഉല്‍ക്കണ്ഠാജനകമാണെന്ന് ലോകബാങ്ക് പ്രസിഡന്റ് സമകാലിക സംഭവവികാസങ്ങളെ മുന്‍നിര്‍ത്തി പരാമര്‍ശിച്ചു. ഒരു നഗരത്തിലോ രാജ്യത്തോ മേഖലയിലോ ഉണ്ടാകുന്ന സംഭവങ്ങള്‍ സത്വരവും ദീര്‍ഘകാലത്തേക്കുമുള്ള പ്രത്യാഘാതങ്ങള്‍ ലോകത്താകെ സൃഷ്ടിക്കുമെന്നും ജിം യോങ് കിം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ കാര്‍ബണ്‍ പാദമുദ്ര കുറച്ചുകൊണ്ടുവരാന്‍ രാഷ്ട്രാന്തര സഹകരണം ശക്തമാക്കണമെന്ന് പ്രസംഗത്തില്‍ ലഗാര്‍ഡെയും കിമും ആഹ്വാനം ചെയ്തു. കരീബിയനിലും യുഎസിലും ദക്ഷിണേഷ്യയിലും കനത്ത നാശം വിതച്ച പ്രകൃതിദുരന്തങ്ങളെ പരാമര്‍ശിച്ച് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ആഗോളശ്രമങ്ങള്‍ക്കെതിരെ പുറംതിരിഞ്ഞുനില്‍ക്കുന്ന ട്രംപ് ഭരണകൂട നയങ്ങളെ പരോക്ഷമായി വിമര്‍ശിക്കാനും ഐഎംഎഫ്, ലോകബാങ്ക് മേധാവികള്‍ മുതിര്‍ന്നു.