കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധി കൊറോണയേക്കാൾ ഭീതിജനകം: ചീഫ് ജസ്റ്റിസ്

കേന്ദ്രത്തോട് വിശദീകരണം തേടി
Web Desk
Posted on March 30, 2020, 10:06 pm

കൊറോണ വൈറസിന്റെ ഭീതിയേക്കൾ വലിയ പരിഭ്രാന്തിയാണ് നിലവിൽ കുടിയേറ്റ തൊഴിലാളികൾ നേരിടുന്നതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. ലോക്ക്ഡൗണിനെ തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾ പോലും നഷ്ടപ്പെട്ട് സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്ക് സഹായം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. രണ്ട് ഹർജികളാണ് ഇത്തരത്തിൽ സുപ്രീം കോടതിക്ക് മുന്നിലെത്തിയത്.

ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് എൽ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കുടിയേറ്റ തൊഴിലാളികളുടെ ആകുലതകൾ പരിഹരിക്കാന്‍ കേന്ദ്രം ഇപ്പാൾ സ്വീകരിക്കുന്ന നടപടികൾ നടക്കട്ടെയെന്നും ഇതിൽ സുപ്രീം കോടതി ഇടപെടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്നതിൽ ഇന്ന് വിശദീകരണം നൽകാനും കോടതി നിർദേശം നൽകി.

അഭിഭാഷകരായ അലാഖ് അലോക് ശ്രീവാസ്തവ, രശ്മി ബൻസാൽ എന്നിവരാണ് ഹർജി സമർപ്പിച്ചത്. വിഷയത്തിൽ കോടതി എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് കേന്ദ്രത്തിന്റെ നിലപാട് അറിയണമെന്ന് വീഡിയോ കോൺഫറൻസിങ്ങിലൂടെ പരിഗണിച്ച ഹർജിക്കിടെ ബെഞ്ച് വ്യക്തമാക്കി. അതേസമയം വൈറസ് വ്യാപനം തടയുന്നതിനുവേണ്ടി കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് തിരികെ പോകുന്നത് നിര്‍ത്തണമെന്ന് കേന്ദ്രം പറഞ്ഞു. കേന്ദ്രത്തിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.

Eng­lish Sum­ma­ry: Immi­grant Work­ers’ Cri­sis Worse than Coro­na: Chief Jus­tice

You may also like this video