Web Desk

ചെന്നൈ

April 19, 2020, 8:25 pm

സഹായം ലഭിക്കാതെ ചെന്നൈയിലെ കുടിയേറ്റ തൊഴിലാളികള്‍

Janayugom Online

ലോക്ഡൗണിനെത്തുടർന്ന് തൊഴിലും കൂലിയും നഷ്ടമായ ചെന്നൈയിലെ കുടിയേറ്റ തൊഴിലാളികള്‍ തെരുവിലുറങ്ങേണ്ട സ്ഥിതിയിലേക്ക്. ഗതാഗതം നിലച്ചതോടെ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ എഗ്മോറിലെയും ചെന്നൈ സെന്‍ട്രലിലെയും ചെറിയ ലോഡ്ജുകളിൽ താമസിച്ചിരുന്ന തൊഴിലാളികളാണ് വാടക നൽകാൻ കഴിയാതെ കുടിയിറക്ക് ഭീഷണി നേരിടുന്നത്. ആയിരത്തോളം തൊഴിലാളികളാണ് സെൻട്രൽ റയിൽവേ സ്റ്റേഷന് സമീപമുള്ള ചെറിയ ലോഡ്ജുകളിൽ താമസിക്കുന്നത്.

പശ്ചിമബംഗാൾ, ഝാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇവരിലേറെയും കേരളത്തിൽ ജോലി ചെയ്തിരുന്നവരാണ്. ലോക്ഡൗൺ പ്രഖ്യാപന സൂചന ലഭിച്ചതോടെ ഏതുവിധേനയും നാട്ടിലെത്തുക എന്ന ലക്ഷ്യത്തോടെ പുറപ്പെട്ടവരും ട്രെയിൻ ഇല്ലാതെ റയിൽവേ സ്റ്റേഷനിൽ കുടുങ്ങുകയായിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ റയിൽവേ സ്റ്റേഷനിൽ കുടുങ്ങിയ ആയിരത്തോളം തൊഴിലാളികൾക്ക് സർക്കാർ ഇടപെട്ട് താമസസൗകര്യം ഒരുക്കിയിരുന്നു.

ഇത് ലഭിക്കാതെ വന്നവരാണ് ലോഡ്ജുകളെ ആശ്രയിക്കേണ്ടിവന്നത്. ഒരാൾക്ക് നൂറുമുതൽ 150 രൂപ വരെയാണ് ലോഡ്ജുകള്‍ ഈടാക്കുന്നത്. എന്നാൽ നാലഞ്ച് ദിവസമായി വാടക നൽകാൻ പണമില്ലെന്നും ഭക്ഷണത്തിനായി സന്നദ്ധസംഘടനകളെ ആശ്രയിക്കുകയാണെന്നും ബംഗാൾ സ്വദേശിയായ റബീയുൾ ഷെയ്ഖ് പറഞ്ഞു. വാടക നൽകാതെ വന്നതോടെ ചില ലോ‍ഡ്ജ് ഉടമകൾ മുറികളിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചിരുന്നു. ചില സംഘടനകൾ വിഷയത്തിൽ ഇടപെട്ടതിനുശേഷമാണ് ഇവ പുനസ്ഥാപിച്ച് നൽകിയതെന്നും തൊഴിലാളികൾ പറയുന്നു.

you may also like this video;