ഇംപീച്ച്മെന്റ് : ട്രംപിനെതിരെ ഉന്നത ഉദ്യോഗസ്ഥന്റെ മൊഴി

Web Desk
Posted on November 22, 2019, 12:29 pm

ജോ ബൈഡനെതിരെ വിവരങ്ങൾ ശേഖരിക്കാൻ ഉക്രൈന് മേൽ സമ്മർദ്ദം ചെലുത്താൻ ട്രംപിന്റെ അഭിഭാഷകൻ നിർദേശിച്ചെന്ന് വെളിപ്പെടുത്തൽ
വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ ഉത്തരവുകൾ അനുസരിച്ചാണ് ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനെക്കുറിച്ച് അന്വേഷിക്കാൻ ഉക്രൈന് മേൽ സമ്മർദ്ദം ചെലുത്തിയതെന്ന് യൂറോപ്യൻ യൂണിയൻ സ്ഥാനപതി ഗോർഡൻ സോൻഡ്‌ലാന്റ്. ട്രംപിന്റെ അഭിഭാഷകന്‍ റൂഡി ഗ്വിലാനിയുടെ നിർദേശപ്രകാരമാണ് ഇതെന്നും ഇംപീച്ച്മെന്റ് അന്വേഷണ സംഘത്തിന് മുന്നിൽ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
ഉക്രൈനുള്ള സൈനിക സഹായങ്ങൾ റദ്ദാക്കുമെന്ന് ഭീഷണി മുഴക്കിയായിരുന്നു ട്രംപ് തന്റെ എതിരാളിയായ ബിഡന്റെ മേൽ നിരീക്ഷണങ്ങൾ നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ യാതൊരു ക്രമക്കേടുമുണ്ടായിട്ടില്ലെന്നാണ് ഗ്വിലാനിയുടെ നിലപാട്. തെരഞ്ഞെടുപ്പ് നേട്ടത്തിനായി വിദേശ സഹായം തേടുന്നത് നിയമവിരുദ്ധമാണ്.
2020 പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ശക്തനായ സ്ഥാനാർഥിയാണ് ബൈഡൻ. ഉക്രൈൻ ഭരണാധികാരി വൊളോഡിമർ സെലെൻസ്കിയിൽ നിന്ന് ഗ്വിലാനി റിപ്പോർട്ട് തേടിയിരുന്നെന്നും അമേരിക്കൻ ജനപ്രാതിനിധ്യസഭയ്ക്ക് മുമ്പാകെ സോൻഡ്‌ലാന്റ് വെളിപ്പെടുത്തി. അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണമാണെന്നാണ് ഉക്രൈനെ ബോധ്യപ്പെടുത്തിയിരുന്നത്. ബൈഡന്റെ മകന്റെ കമ്പനിയായ ബുരിസ്മയുടെ പേരും പരാമർശിച്ചിട്ടുണ്ട്.
ട്രംപിനെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ സെനറ്റിൽ അദ്ദേഹം വിചാരണ നടപടികൾ നേരിട്ട് പ്രസിന്റ് പദത്തിൽ നിന്ന് പുറത്താക്കപ്പെടും. അതേസമയം ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കുകൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉള്ള സഭയുടെ വോട്ടും ഇതിനാവശ്യമാണ്.