June 6, 2023 Tuesday

ഹോങ്കോംഗ് വീണ്ടെടുക്കാന്‍ സാമ്രാജ്യവാദികള്‍

Janayugom Webdesk
December 8, 2019 9:28 pm

lokajalakam

രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തില്‍ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള സാമ്രാജ്യവാദികള്‍ ഓടിത്തളര്‍ന്ന കിഴട്ട് കുതിരകളായി മാറിയതോടെയാണ് ഇന്ത്യ‍ ഉള്‍പ്പെടെയുള്ള കോളനികള്‍ ഒന്നൊന്നായി സ്വാതന്ത്ര്യം നേടാന്‍ തുടങ്ങിയത്. അപ്പോഴും അവസാനം വരെ പിടിച്ചുനില്‍ക്കാന്‍ നോക്കിയ കൂട്ടത്തിലാണ് ഗോവയിലെ പറങ്കികള്‍. ഇംഗ്ലീഷുകാര്‍ ബര്‍മയിലും ഇന്ത്യയിലും മറ്റും നിന്ന് 1940 കളില്‍ത്തന്നെ കെട്ടുകെട്ടിയപ്പോഴും ചൈനീസ് വന്‍കരയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഹോങ്കോംഗില്‍ അധികാരം യഥാര്‍ഥ അവകാശികളായ‍ ചൈനയ്ക്ക് അവര്‍ കൈമാറിയത് 1997ല്‍ മാത്രമാണ്. അതുതന്നെയും ചില നിബന്ധനകളോടുകൂടിയാണ്. അരനൂറ്റാണ്ടുകാലത്തേയ്ക്ക് അവിടത്തെ സമ്പദ്‌വ്യവസ്ഥ പഴയപടി നിലനിര്‍ത്തണമെന്നതായിരുന്നു ആ വ്യവസ്ഥ. ഒരു രാജ്യം രണ്ട് സമ്പദ്‌വ്യവസ്ഥകള്‍ എന്ന തത്വം ചൈനതന്നെയാണ് മുന്നോട്ടുവച്ചതും. മക്കാവോ എന്ന ദ്വീപിലും ഇതേ വ്യവസ്ഥതന്നെയാണ് അംഗീകരിച്ചിട്ടുള്ളത്.

മുന്‍ ചൈനീസ് പ്രസിഡന്റ് ചിയാംഗ് കൈഷക്ക് അഭയം തേടിയ ഫോര്‍മോസ (തെയ്‌വാന്‍) ദ്വീപിന്റെ കാര്യത്തിലും ചൈന ഇതേ വ്യവസ്ഥയാണ് അംഗീകരിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ചൈന ഈ ധാരണ ഏതാണ്ട് പൂര്‍ണമായി നടപ്പിലാക്കിയിട്ടുമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് സിംഗപ്പൂരിലെപ്പോലെ ഹോങ്കോംഗിലും ഒരു ലോക വാണിജ്യകേന്ദ്രം വളര്‍ന്നുവരികയും ചെയ്തിരുന്നു. ഇന്നും അതിന് വലിയ കോട്ടം തട്ടിയിട്ടുമില്ല. എന്നാല്‍ ഹോങ്കോംഗിന്റെ ഭരണനേതൃത്വം ചൈനയ്ക്കായത് ബ്രിട്ടീഷ് ഭരണത്തിന്‍കീഴില്‍ അവിടത്തെ സമ്പന്നവര്‍ഗങ്ങള്‍ക്കുണ്ടായിരുന്ന ആധിപത്യത്തിന് ചെറിയ കോട്ടം തട്ടിയത് അവര്‍ക്ക് സഹിക്കാനായില്ല. ചൈനയിലെ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ഇടപെടലുകള്‍ അവരെ വല്ലാതെ അലോസരപ്പെടുത്തുകയും ചെയ്തു. ആറു മാസം മുന്‍പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച ഒരു നടപടിക്രമം അങ്ങനെയുള്ള അസംതൃപ്തര്‍ക്ക് അവരുടെ രോഷപ്രകടനത്തിന് ഒരു നല്ല അവസരമായി മാറി.

ഹോങ്കോംഗുകാര്‍ ചൈനയില്‍ വച്ച് നടത്തുന്ന കുറ്റകൃത്യങ്ങളുടെ വിചാരണ ചൈനയില്‍തന്നെ നടത്തണമെന്ന പുതിയ ചട്ടം അവരുടെ രോഷപ്രകടനത്തിന് ഒരു വലിയ അവസരം സൃഷ്ടിച്ചു. ആറുമാസം മുന്‍പാണ് ഈ ചട്ടം പ്രഖ്യാപിച്ചത്. ഹോങ്കോംഗുകാരെ ചൈനയിലേയ്ക്ക് ‘നാടുകടത്താനുള്ള’ തന്ത്രമായാണ് പ്രതിഷേധക്കാര്‍ ഈ നിയമത്തെ വ്യാഖ്യാനിച്ചത്. പ്രക്ഷോഭം അതിന്റെ ഉച്ചകോടിയിലെത്തിയപ്പോള്‍ ഹോങ്കോംഗ് ഭരണാധികാരി ആ നടപടി പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചെങ്കിലും കലാപകാരികളായി മാറിയ പ്രക്ഷോഭകര്‍ അടങ്ങിയില്ല. പ്രതിഷേധം കത്തിപ്പടര്‍ന്നത് ഹോങ്കോംഗുകാര്‍ക്ക് പൂര്‍ണ ജനാധിപത്യം വേണമെന്ന അവകാശവാദവുമായാണ്. ഒരു ഗവര്‍ണര്‍ക്ക് സമമായ മുഖ്യ ഭരണാധികാരിയെ നിയമിക്കുന്നത് ചൈനയിലെ കേന്ദ്രസര്‍ക്കാരാണ്.

ലക്ഷക്കണക്കിന് ചെറുപ്പക്കാരെ നിരത്തിലിറക്കാന്‍ ഒരു ഘട്ടത്തില്‍ പ്രക്ഷോഭകാരികള്‍ക്ക് കഴിഞ്ഞു. കേന്ദ്ര ഭരണാധികാരി ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളിലേയ്ക്കും തങ്ങളുടെ പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെടണമെന്നതാണ് അവര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. പ്രക്ഷോഭത്തിന്റെ ഒരു ഘട്ടത്തില്‍ ഒളിപ്പോരിന്റേതായ ഒരു സമരരൂപമാണ് അവര്‍ പ്രദര്‍ശിപ്പിച്ചത്. ഹോങ്കോംഗ് പോളിടെക്‌നിക്കിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ കോളജ് വളപ്പ് ഒരു കോട്ടയാക്കി മാറ്റിക്കൊണ്ട് ആസിഡ് ബോംബ് ഉള്‍പ്പെടെയുള്ള പല ആയുധങ്ങളും അവര്‍ പ്രയോഗിച്ചു. അമ്പ് പോലുള്ള പ്രാചീനകാല ആയുധങ്ങള്‍ വരെ അവര്‍ ഉപയോഗിച്ചു. അതില്‍ ഒരു അമ്പ് കാലില്‍ തറച്ചുകയറിയപ്പോള്‍ മുറിവേറ്റ പൊലീസുകാരന്‍ വേദനിച്ച് പുളഞ്ഞപ്പോള്‍ പ്രക്ഷോഭകാരികളായ വിദ്യാര്‍ഥികള്‍ ആര്‍ത്ത് അട്ടഹസിക്കുന്നതാണ് ചുറ്റും കൂടിയവര്‍ കണ്ടത്. ആഴ്ചകള്‍ക്കുശേഷം കോളജ് വളപ്പില്‍ തമ്പടിച്ചിരുന്ന കുട്ടികളില്‍ പലരും പൊലീസിന് കീഴടങ്ങാന്‍ തയ്യാറായി.

അവരില്‍ ഏറ്റവും പ്രായം കുറഞ്ഞ കുട്ടികളെ പൊലീസ് താക്കീതുകൊടുത്ത് വിട്ടു. നേതാക്കള്‍ പിന്നെയും രക്തസാക്ഷികളാകാനുള്ള സന്നദ്ധതയോടെ വെല്ലുവിളിച്ചെങ്കിലും അവരെയും പുറത്താക്കി അറസ്റ്റ് ചെയ്തതോടെ ആ സമരമുഖം തുടച്ചുനീക്കപ്പെട്ടു. പക്ഷെ, അതുകൊണ്ടും പ്രക്ഷോഭം ശമിച്ചിട്ടില്ലെന്ന് മാത്രമല്ല, അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍ ശക്തികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായസഹകരണങ്ങളോടെ ഹോങ്കോംഗിനെ ചൈനയില്‍ നിന്ന് അടര്‍ത്തിമാറ്റാനുള്ള കുതന്ത്രങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ് പ്രക്ഷോഭകാരികള്‍. സമരത്തിന്റെ നേതാക്കളില്‍ പലരും അമേരിക്കയില്‍ തമ്പടിച്ചുകൊണ്ടാണ് സമരതന്ത്രം ആവിഷ്കരിക്കുന്നത്. അമേരിക്കന്‍ പാര്‍ലമന്റിന് സമമായ കോണ്‍ഗ്രസിന്റെ ഇരു സഭകളും ഹോങ്കോംഗ് സമരത്തെ പിന്തുണയ്ക്കുന്ന ഒരു പ്രമേയം പാസാക്കിയത് ചരിത്രത്തിലെതന്നെ ആദ്യ സംഭവമായിരിക്കും.

ചൈനയുടെ ഉദ്യോഗസ്ഥന്മാര്‍ക്കെതിരായി വിലക്കുകളും ശിക്ഷാനടപടികളും പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. ബ്രിട്ടീഷ് സര്‍ക്കാരും തങ്ങളുടെ മുന്‍ കോളനിക്കെതിരായി വെല്ലുവിളി ആരംഭിച്ചുകഴിഞ്ഞു. കോളനിഭരണം ഉപേക്ഷിച്ച് അന്‍പത് കൊല്ലം കഴിയുന്നതോടെ ഹോങ്കോംഗ് പൂര്‍ണമായും ചൈനയുടെ അധീനതയിലാകുമെന്ന ഉടമ്പടി വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് അവര്‍ ഈ ഗോഗ്വാവിളി നടത്തുന്നതെന്ന് ഓര്‍ക്കണം. ഇതെല്ലാമായിട്ടും ചൈനയുടെ സര്‍ക്കാര്‍ പാലിക്കുന്ന സംയമനം ലോകത്തെ വിസ്മയിപ്പിക്കുന്നുണ്ട്. ചൈനയുടെ മാത്രമായ തെയ്‌വാനെ വിമോചിപ്പിക്കാനും ചൈന ഒരു സായുധ ഇടപെടലിന് തയ്യാറാവാത്തത് ഒരു മൂന്നാം ലോകമഹായുദ്ധത്തിന് ഇടയാകാതിരിക്കാനാണ്. യുദ്ധം പാശ്ചാത്യ വന്‍ശക്തികള്‍ക്ക് ഒരു ലാഭക്കച്ചവടമായിരിക്കുമെങ്കിലും അതുമൂലം ലോകത്തിലെ ജനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകള്‍ വിവരിക്കാനാവില്ല.

രണ്ടാം ലോകമഹായുദ്ധത്തിന്റെ ദുരിതം നേരില്‍ കണ്ടറിഞ്ഞവര്‍ ഇനിയും ലോകത്തിന്റെ പലഭാഗങ്ങളിലും ശേഷിക്കുന്നുമുണ്ട്. പക്ഷെ, യുദ്ധംകൊണ്ട് ലാഭം മാത്രം കൊയ്തെടുക്കുന്നവര്‍ക്ക് അതൊന്നും ഒരു പ്രശ്നമല്ലെന്നു മാത്രം. അവരാണ് അമേരിക്കയുടെ നേതൃത്വത്തില്‍ സമീപകാലത്തുമാത്രം കൊളോണിയലിസത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഹോങ്കോംഗ് ജനതയെ കരുവാക്കിക്കൊണ്ട് അത്തരമൊരു സംഘര്‍ഷത്തിന് വഴിവയ്ക്കുന്നത്. ബ്രിട്ടന്റെ കോളനി വാഴ്ചയില്‍ നിന്ന് ആ പ്രദേശത്തെ വിമോചിപ്പിക്കുന്നതിന് ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ലാത്തവരാണ് ഹോങ്കോംഗില്‍ ആറു മാസമായി നടക്കുന്ന കലാപത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇല്ലാത്ത പ്രശ്നങ്ങള്‍ കുത്തിപ്പൊക്കുകയാണ് അവര്‍ ചെയ്യുന്നത്. ഹോങ്കോംഗ് എന്ന പുതിയൊരു രാജ്യം സൃഷ്ടിക്കാനും സമ്പത്‌സമൃദ്ധിയും അവകാശ സമത്വവും നിലനില്‍ക്കുന്ന ഒരു രാജ്യത്തെ നുള്ളിനോവിക്കാനും മാത്രമല്ല അവര്‍ ലക്ഷ്യമിടുന്നത്.

എഴുപത് സംവത്സരക്കാലം അവകാശസമത്വം ഉയര്‍ത്തിപ്പിടിച്ചിരുന്ന സോവിയറ്റ് യൂണിയനെ അഞ്ചാം പത്തികളെ ഉപയോഗിച്ച് ഇല്ലായ്മ ചെയ്തതുപോലെ ചൈനയുടെയും കഥകഴിക്കാനാണ് അമേരിക്ക പദ്ധതികള്‍ മെനയുന്നത്. സോവിയറ്റ് യൂണിയനുമായി തെറ്റിപ്പിരിഞ്ഞ ചൈന അമേരിക്കയുമായി ചങ്ങാത്തമുണ്ടാക്കിക്കൊണ്ട് ചൈനയില്‍ വിദേശ മൂലധനത്തിന് പ്രവേശനം അനുവദിച്ചകാലത്ത് ഈ ചൈനാവിരോധം ഒട്ടും ദൃശ്യമായിരുന്നില്ലെന്നുകൂടി പറയേണ്ടതുണ്ട്. സാമ്പത്തിക പുനര്‍നിര്‍മ്മാണത്തിലൂടെ ചൈനയ്ക്ക് ഒപ്പമെത്തുമെന്ന് കണ്ടപ്പോഴാണ് അവര്‍ ചൈനയ്ക്കെതിരായി വാണിജ്യയുദ്ധം ആരംഭിച്ചത്. അമേരിക്കയില്‍ ആസന്നമായ പുതിയ തെരഞ്ഞെടുപ്പില്‍ നിലവിലുള്ള പ്രസിഡന്റിന് രണ്ടാംവട്ടവും വിജയസാധ്യത വര്‍ധിപ്പിക്കാന്‍കൂടിയാണ് ഡൊണാള്‍ഡ് ട്രംപ് ഹോങ്കോംഗില്‍ ഒരു കലാപത്തിന് കളമൊരുക്കുന്നതെന്നുപോലും സംശയിക്കാവുന്നതാണ്. അക്കൂട്ടത്തില്‍ ആ ദ്വീപിനെ അമേരിക്കന്‍ ചേരിയിലേയ്ക്ക് എത്തിച്ചാല്‍‍ അത് അവര്‍ക്ക് ഒരു നേട്ടമാവുമല്ലൊ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.