സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ നീക്കം

Web Desk
Posted on September 29, 2018, 10:13 pm

ബേബി ആലുവ

കൊച്ചി: കള്ളക്കടത്തുകാര്‍ക്ക് സഹായകമാകും വിധം സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ കേന്ദ്ര നീക്കം.10 ശതമാനം നികുതി നിലവിലുള്ള ഈ അവസ്ഥയില്‍പ്പോലും സ്വര്‍ണ്ണക്കടത്തു കൊണ്ട് രാജ്യം പൊറുതിമുട്ടുന്നതിനിടയിലാണ്, തീരുവ 12.13 ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഈ വര്‍ഷം 14 ശതമാനത്തിന്റെ ഇടിവുണ്ടായ പശ്ചാത്തലത്തില്‍, വിലയിടിവില്‍ നിന്നു രൂപയെ പിടിച്ചു നിര്‍ത്താനാണ് സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കിലും, ഇതുമൂലം രാജ്യത്തേക്കുള്ള അനധികൃത സ്വര്‍ണ്ണത്തിന്റെ ഒഴുക്ക് വിപുലവും വ്യാപകവുമാകാനുള്ള സാധ്യതകളിലേക്കാണ് സാമ്പത്തിക വിദഗ്ധര്‍ വിരല്‍ ചൂണ്ടുന്നത്. മാത്രമല്ല,രാജ്യത്തെ സ്വര്‍ണ്ണവിപണിയിലും വലിയ തോതില്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും അഭിപ്രായപ്പെടുന്നു.

രാജ്യത്തെ മൊത്തം സ്വര്‍ണ്ണാഭരണ വില്‍പ്പനയുടെ 10 ശതമാനം കേരളത്തിലാണ്. അതില്‍ത്തന്നെ കൂടുതല്‍ തൃശൂരിലും. വാണിജ്യനികുതി വകുപ്പിന്റെ രജിസ്‌ട്രേഷനുള്ള 7000ത്തിലധികം സ്വര്‍ണ്ണക്കടകളുണ്ട് കേരളത്തില്‍.അസംഘടിത മേഖലയിലുള്ളത് 5000 ത്തോളം വ്യാപാരികളാണ്. ലൈസന്‍സുള്ളവര്‍ അതിന്റെ മറവില്‍ നികുതി വെട്ടിച്ചും കച്ചവടം നടത്തുന്നുണ്ട്. അവിടങ്ങളില്‍ വില കുറച്ചുള്ള വില്‍പ്പനയുമുണ്ട്.പ്രധാനമായും തൃശൂര്‍ കേന്ദ്രീകരിച്ചാണ് സമാന്തര വിപണി പ്രവര്‍ത്തിക്കുന്നത്.ഈ മേഖലയില്‍ വില്‍പ്പന കൂടുന്നത് സ്വര്‍ണ്ണക്കടത്തിന് വളമാണ്. അതിനൊപ്പം സര്‍ക്കാരിനു നികുതിയായി ലഭിക്കേണ്ട വന്‍തുക നഷ്ടമാവുകയും ചെയ്യും.

നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നിലവില്‍ സ്വര്‍ണ്ണക്കടത്ത് സജീവമാണ്. തിരുവനന്തപുരം വിമാനത്താവളം വഴിയും അനധികൃത സ്വര്‍ണ്ണമെത്തുന്നുണ്ട്. ഇങ്ങനെ നികുതി വെട്ടിച്ചു കടത്തുന്ന സ്വര്‍ണ്ണം പ്രമുഖ നഗരങ്ങളിലെ ജ്വല്ലറികളിലേക്കാണ് പോകുന്നതെന്നു കണ്ടെത്തിയിട്ടുമുണ്ട്. നേരായ മാര്‍ഗ്ഗത്തിലൂടെയുള്ള സ്വര്‍ണ്ണത്തിന് തീരുവ ഉയരുമ്പോള്‍ സ്വാഭാവികമായും ജ്വല്ലറികള്‍ കൂടുതലായി സ്വര്‍ണ്ണക്കടത്ത് റാക്കറ്റിനെ ആശ്രയിക്കും.നിലവില്‍ വിമാനത്താവളങ്ങളിലും മറ്റുമുള്ള പരിശോധനാ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കാതെ ഇറക്കുമതി തീരുവ ഉയര്‍ത്താനുള്ള നീക്കം കള്ളക്കടത്ത് വര്‍ദ്ധിപ്പിക്കാനിടയാക്കുമെന്നു തന്നെയാണ് റവന്യു ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് കസ്റ്റംസ് വിഭാഗങ്ങളുടെ വിലയിരുത്തലും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരില്‍ നിന്ന് വിമാനത്താവളത്തിനു പുറത്തു വച്ച് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ സ്വര്‍ണ്ണം പിടിച്ചത് ഈയിടെയാണ്. വിമാനത്താവളങ്ങളിലെ പരിശോധനകളില്‍ സംഭവിക്കുന്ന വന്‍വീഴ്ചകളാണ് ഇതിലൂടെ വ്യക്തമാകുന്നത്.

പരിശോധനകളെ അതിജീവിക്കുന്ന നവീന രീതികളാണ് കള്ളക്കടത്തുകാര്‍ പയറ്റുന്നതും. മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷം 87 കിലോഗ്രാം സ്വര്‍ണ്ണമാണ് നെടുമ്പാശ്ശേരിയില്‍ മാത്രം പിടിച്ചത്.എല്ലാ വിമാനത്താവളങ്ങളില്‍ നിന്നുമായി 335 കോടിയുടെ 1,339 കിലോഗ്രാം സ്വര്‍ണ്ണം.
അതേസമയം, ഇന്ത്യയുമായി സ്വതന്ത്രവ്യാപാരക്കരാര്‍ നിലനില്‍ക്കുന്ന ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍തോതില്‍ സ്വര്‍ണ്ണത്തിന്റെ ഒഴുക്കുള്ളതായി തെളിഞ്ഞിട്ടുണ്ട്. പക്ഷേ, ഇവയ്ക്ക് ഇറക്കുമതി തീരുവ ചുമത്താനാവില്ല. സ്വതന്ത്രവ്യാപാരക്കരാര്‍ നിലവിലുള്ള മറ്റു രാജ്യങ്ങളില്‍ നിന്നും ഇതുപോലെ സ്വര്‍ണ്ണത്തിന്റെ ഒഴുക്കുണ്ടാകാം എന്നാണ് വിലയിരുത്തല്‍. എന്നിട്ടും ആ വശത്തെക്കുറിച്ചു ആലോചിക്കാതെ, ഇപ്പോഴുള്ള ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനു പിന്നില്‍ സംശയിക്കത്തക്ക പലതുമുണ്ടെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.