ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ പ്രസക്തി

Web Desk
Posted on November 02, 2017, 2:00 am

1931 നവംബര്‍ ഒന്നാം തീയതിയാണ് ഗുരുവായൂര്‍ സത്യാഗ്രഹത്തിന് തുടക്കമാകുന്നത്. കേരളത്തില്‍ നവോത്ഥാന പ്രസ്ഥാനത്തിന് പുത്തന്‍ ഉണര്‍വേകിയ സത്യാഗ്രഹ സമരമായിരുന്നു ഇത്. തീണ്ടലിനും മറ്റനാചാരങ്ങള്‍ക്കും എതിരായി ഒരു സമരം നടത്താന്‍ കോണ്‍ഗ്രസ് നിശ്ചയിച്ചു. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തെപ്പറ്റിയുള്ള ഒരു പ്രമേയം അവതരിപ്പിക്കാന്‍ കേളപ്പന്‍ തീരുമാനിച്ചു. ഗുരുവായൂരെ കെപിസിസി യോഗം ഈ പ്രമേയം അംഗീകരിക്കുകയും സത്യാഗ്രഹം നടത്താന്‍ കേളപ്പനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇത് ചില കോണ്‍ഗ്രസുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. സാമ്രാജ്യത്വത്തിനെതിരായുള്ള സമരമാര്‍ഗത്തില്‍ നിന്ന് ഇത് കോണ്‍ഗ്രസിനെ വ്യതിചലിപ്പിക്കുമെന്നവര്‍ വിചാരിച്ചു.
മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ഒരു കൊല്ലത്തോളം നടന്ന ഉപ്പ് സത്യാഗ്രഹ സമരം കഴിഞ്ഞ ഉടന്‍ രാജ്യത്താകെയുണ്ടായ രാഷ്ട്രീയ കൊടുങ്കാറ്റില്‍ രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ എല്ലാത്തരം പഴമകള്‍ക്കും ആകെ ഒരിളക്കമുണ്ടായി. താല്‍ക്കാലികമായി ഉണ്ടായ രാഷ്ട്രീയ സമാധാനം ജനങ്ങള്‍ക്കു സമൂഹത്തിലെ ഉച്ചനീചത്വങ്ങളുടെ ഉച്ചാടനത്തെപ്പറ്റി വിപ്ലവപരമായി ചിന്തിക്കാന്‍ പറ്റിയ പശ്ചാത്തലമൊരുക്കി.
അയിത്തത്തിന്റേയും ജാതിയുടേയും മതാന്ധവിശ്വാസങ്ങളുടേയും ആഢ്യത്വത്തിന്റെ അവസാനം ആരംഭിച്ചു കഴിഞ്ഞിരുന്നു. സവര്‍ണരില്‍ സവര്‍ണരായ നമ്പൂതിരിമാരുടെയിടയില്‍ വി.ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഉണ്ണിനമ്പൂതിരി പ്രസ്ഥാനം, ജാതിത്തിരുമേനിത്വത്തിന്റെ അന്തഃപുര മറക്കുടകള്‍ പൊളിച്ചു തുടങ്ങിയിരുന്നു. അയിത്തോച്ചാടനത്തിനും ജാതി വിധ്വംസക പ്രവര്‍ത്തനത്തിനും ഈ പ്രസ്ഥാനം പരോക്ഷമായി വളരെയേറെ വേഗവും ശക്തിയും കൂട്ടി.
ഹരിജനോദ്ധാരണ പ്രവര്‍ത്തകനും പിന്നീട് സര്‍വോദയ നേതാവുമായ കെ കേളപ്പന്‍ രാഷ്ട്രീയവും സാമുദായികവുമായ ഈ അനുകൂലാവസരത്തെ വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു. കേരളത്തെ സംബന്ധിച്ചിടത്തോളം പ്രാമാണ്യം കല്‍പ്പിക്കപ്പെട്ടുപോന്നിട്ടുള്ള ഗുരുവായൂരമ്പലത്തില്‍ സര്‍വജാതി ഹിന്ദുക്കള്‍ക്കും പ്രവേശനാരാധന സ്വാതന്ത്ര്യം സമ്പാദിച്ചു കിട്ടാന്‍ ഒരു ബഹുജന പ്രസ്ഥാനം തുടങ്ങിയാല്‍, സാമൂഹ്യരംഗത്താകെ സമത്വം സ്ഥാപിക്കാന്‍ സാധിക്കുമെന്നദ്ദേഹം മനസിലാക്കി. അന്നത്തെ കോണ്‍ഗ്രസ്, ഗുരുവായൂര്‍ സത്യഗ്രഹപ്രസ്ഥാനം തുടങ്ങാന്‍ അനുമതി നല്‍കി. കേളപ്പന്റെ ഈ പ്രസ്ഥാനത്തെ മഹാത്മാഗാന്ധി ശരിവെച്ച് അനുഗ്രഹിക്കുകയും ചെയ്തു.
മന്നത്തു പത്മനാഭന്‍ അധ്യക്ഷനും കേളപ്പന്‍ സെക്രട്ടറിയുമായി നാനാ ഹിന്ദു സമുദായ പ്രാതിനിധ്യമുള്ള ഗുരുവായൂര്‍ സത്യാഗ്രഹക്കമ്മറ്റി രൂപവല്‍ക്കരിക്കപ്പെട്ടു. പ്രസിദ്ധീകരണ, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സര്‍വത്ര ആരംഭിച്ചു. അന്നത്തെ മലബാറിന്റെ വടക്കേ അറ്റമായ പയ്യന്നൂരില്‍ നിന്ന് തെക്കേയറ്റമായ ഗുരുവായൂരിലേക്ക് എ കെ ഗോപാലന്റേയും (വോളന്റിയര്‍ ക്യാപ്റ്റന്‍) താഴക്കാട്ട് സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റേയും നേതൃത്വത്തില്‍ കാല്‍നടയായി ഗുരുവായൂര്‍ സത്യാഗ്രഹ ജാഥ പുറപ്പെട്ടു. ജാഥയ്ക്കു വഴിനീളെയുണ്ടായ സ്വീകരണാഘോഷങ്ങള്‍ ചൂടുപിടിച്ച ഒന്നാംതരമൊരു പ്രചരണ പ്രവര്‍ത്തനം കൂടിയായിരുന്നു. ജനങ്ങള്‍ നിര്‍ലോഭം സംഭാവനകള്‍ നല്‍കി. അന്നത്തെ പത്രങ്ങള്‍ സത്യഗ്രഹ പ്രസ്ഥാനത്തിനു വേണ്ടത്ര പ്രാമുഖ്യം നല്‍കി പ്രസിദ്ധീകരിച്ചു. നവംബര്‍ ഒന്നാം തീയതിയായപ്പോഴേക്കും ബഹുജന ശ്രദ്ധ മുഴുവനും ഗുരുവായൂര്‍ക്ക് തിരിഞ്ഞു. പഴമക്കാരും ഗുരുവായൂര്‍ ദേവസ്വക്കാരും കൂടി സംഘടിതമായി ഇതിനെ എതിര്‍ക്കാന്‍ ഒരുങ്ങി. ഗവണ്‍മെന്റും പൊലീസും സമാധാന രക്ഷയ്ക്ക് സര്‍വസജ്ജീകരണങ്ങളും നടത്തി.
1931 നവംബര്‍ ഒന്നാംതീയതി പുലരുമ്പോഴേക്കും ഗുരുവായൂര്‍ ജനനിബിഡമായി. ക്ഷേത്രത്തിന്റെ നാലു നടയിലേക്കും വോളന്റിയര്‍മാര്‍— അയിത്തക്കാര്‍ — സ്‌തോത്ര ഗാനാലാപത്തോടുകൂടി സത്യാഗ്രഹത്തിനു പുറപ്പെട്ടു. ദേവസ്വം നടനിരത്തു തുടങ്ങുന്നേടത്തു വച്ച് — അതിര്‍ത്തിയിലവര്‍ കാല്‍നടവഴി മാത്രം നിര്‍ത്തി മുള്ളുവേലി കെട്ടിയിരുന്നു — പ്രത്യേകം നിയോഗിക്കപ്പെട്ട അമ്പലം കാവല്‍ക്കാര്‍ വോളന്റിയര്‍മാരെ തടഞ്ഞുനിര്‍ത്തി. കേവലമായ അഹിംസ പാലിക്കണമെന്നു വോളന്റിയര്‍മാര്‍ക്ക് നിഷ്‌കൃഷ്ടമായ നിര്‍ദ്ദേശമുണ്ടായിരുന്നു. കാവല്‍ക്കാരുടെ അഭാസശകാരങ്ങളും ചില്ലറ അക്രമങ്ങളും വോളന്റിയര്‍മാര്‍ സ്‌തോത്രനാമാദികളോടെ സത്യാഗ്രഹഭടോചിതമായ രീതിയില്‍ ക്ഷമാപൂര്‍വം സഹിച്ചു പോന്നു. വോളന്റിയര്‍ ക്യാപ്ടനായ എ കെ ഗോപാലനെ ഒരിക്കല്‍ പടിഞ്ഞാറെ നടയില്‍ വച്ച് ആക്രമിച്ചു ബോധരഹിതനാക്കിയതും ചില കല്ലേറുകളും ഉന്തുംതള്ളും മറ്റുമൊഴിച്ചാല്‍ പറയത്തക്ക അക്രമമൊന്നും പത്തുമാസം നീണ്ടുനിന്ന സത്യാഗ്രഹകാലത്തുണ്ടായില്ല.
സത്യാഗ്രഹവും തല്‍സംബന്ധമായ പ്രവര്‍ത്തനവും പതിവുപോലെ നടന്നുപോന്നു. എന്തൊക്കെ നിവേദനങ്ങള്‍ നടത്തിയിട്ടും ദേവസ്വം ട്രസ്റ്റിയായ സാമൂതിരിപ്പാട് ക്ഷേത്രപ്രവേശം അനുവദിക്കാന്‍ കൂട്ടാക്കാതെ നിന്നു.
ഒടുവില്‍ ഗുരുവായൂര്‍ കിഴക്കേ നടയ്ക്കല്‍ ഉപവാസം തുടങ്ങാന്‍ കേളപ്പന്‍ മഹാത്മജിയുടെ അനുവാദം വാങ്ങുകയും 1932 സെപ്റ്റംബര്‍ ഒന്നാം തീയതി ഉപവാസം തുടങ്ങുകയും ചെയ്തു.
ഉപവാസം രണ്ടുമൂന്നു ദിവസമായപ്പോഴേക്കും ജനങ്ങളാകെ ഇളകിത്തുടങ്ങി. ഗുരുവായൂര്‍ നട, ദിനംപ്രതി വര്‍ധിച്ചുവരുന്ന ജനക്കൂട്ടത്തിന്റെ സഹഭാവപ്രകടന രംഗമായി. അമ്പലത്തിനുള്ളില്‍ ചിലര്‍ നിരാഹാരം തുടങ്ങാനുള്ള പുറപ്പാടായി.
ഉപവാസം ഉപേക്ഷിപ്പിക്കുവാന്‍ മഹാത്മജിയുടെ നിര്‍ദ്ദേശം വാങ്ങാനും അങ്ങനെ കേളപ്പന്റെ ജീവന്‍ രക്ഷിക്കാനും ഉന്നതവൃത്തങ്ങളില്‍ ശ്രമം നടന്നു. ഒരു അഖില കേരള സവര്‍ണ സമ്മേളനം വിളിച്ചുകൂട്ടി സവര്‍ണാഭിപ്രായം അറിയണമെന്നാണ് മഹാത്മജി ആദ്യം നിര്‍ദ്ദേശിച്ചത്.
സ്ഥിതിഗതികള്‍ മനസിലാക്കിയശേഷം ഗാന്ധിജി ഒടുവില്‍ സത്യാഗ്രഹ സര്‍വാധിപതി എന്ന അധികാരമുപയോഗിച്ച് സെപ്തംബര്‍ പന്ത്രണ്ടാംതീയതി ഉപവാസം അവസാനിപ്പിക്കണമെന്ന് കേളപ്പന് നിര്‍ദ്ദേശം അയക്കുകയും സത്യാഗ്രഹകാര്യം വേണ്ടിവന്നാല്‍ താന്‍ നേരിട്ട് ഏറ്റെടുക്കുന്നതാണെന്ന് അറിയിക്കുകയും ചെയ്തു.
പിറ്റേന്നു മുതല്‍ ഗാന്ധിജി ചില പ്രസ്താവനകള്‍ പുറപ്പെടുവിച്ചു. അധ:കൃതര്‍ ഹരിജനങ്ങളായത് ആ പ്രസ്താവനകള്‍ മുതല്‍ക്കാണ്. കേരളത്തിന്റെ ഹരിജനപ്രസ്ഥാനത്തിന് ഗാന്ധിജി പിന്നെ ചെയ്ത സേവനങ്ങള്‍ സര്‍വസ്ഥിദിതമാണല്ലോ.
കേളപ്പന്‍ 1932 സെപ്തംബര്‍ 13-ാം തീയതി രാവിലെ ഉപവാസം അവസാനിപ്പിച്ചു.
ഒക്‌ടോബര്‍ 20-ാം തീയതി എ കെ ഗോപാലന്‍, എന്‍ പി ദാമോദരന്‍, ടി സുബ്രഹ്മണ്യന്‍ തിരുമുമ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു ജാഥ ക്ഷേത്രപ്രവേശന പ്രചരണാര്‍ത്ഥം, ഒരു നിശ്ചിത പരിപാടി അനുസരിച്ച്, കേരളം ചുറ്റിസഞ്ചരിക്കാന്‍ പുറപ്പെട്ടു. 1933 ല്‍ ഗുരുവായൂര്‍ ക്ഷേത്രപ്രവേശത്തെ സംബന്ധിച്ച മഹാത്മജിയുടെ നിര്‍ദ്ദേശപ്രകാരം മലബാറിലെ സവര്‍ണരുടെ ഒരു റഫറണ്ടം നടത്തണമെന്ന് നിശ്ചയിക്കപ്പെട്ടു. അതിന്റെ മേല്‍നോട്ടത്തിനു സി രാജഗോപാലാചാരിയെ മഹാത്മജി നിയോഗിക്കുകയും ചെയ്തു. 1933 മാര്‍ച്ചില്‍ മഹാത്മജി ഗുരുവായൂര്‍ സന്ദര്‍ശിച്ചു.
റഫറണ്ടകാലത്തു പല നേതാക്കന്മാരും കേരളം സന്ദര്‍ശിക്കുകയുണ്ടായി. കസ്തൂര്‍ബാ ഗാന്ധി, ഊര്‍മ്മിളാദേവി, വാസന്തീദേവി എന്നിവരുടെ പേരുകള്‍ പ്രത്യേകം പ്രസ്താവ യോഗ്യമാണ്. മലബാറിലെ ഭൂരിപക്ഷം സവര്‍ണരും ക്ഷേത്രപ്രവേശനത്തിന്നനുകൂലമാണെന്നു റഫറണ്ടം തെളിയിച്ചു.
സത്യാഗ്രഹം കൊണ്ട് ക്ഷേത്രപ്രവേശനം സാധിച്ചില്ലെങ്കിലും വലിയൊരു സാമുദായിക പരിവര്‍ത്തനം സാധിച്ചു. നൂറ്റാണ്ടുകളായി നിലനിന്നു പോന്ന ജാത്യാചാരാദി വിരോധാഭാസങ്ങള്‍ കഷ്ടിച്ചു രണ്ടു കൊല്ലംകൊണ്ടു കേവലം അസ്തമിച്ചു എന്നുള്ളതാണ് എണ്ണപ്പെട്ട നേട്ടം.
ഹരിജനോദ്ധാരണ പ്രവര്‍ത്തനത്തിനു പില്‍ക്കാലത്ത് വലിയ വളര്‍ച്ചയുണ്ടായി. 1936 ല്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റ് ക്ഷേത്രപ്രവേശന വിളംബരം കൊണ്ടുവന്നു. നിയമനിര്‍മ്മാണം കൊണ്ടല്ലാതെ മലബാറില്‍ ക്ഷേത്രപ്രവേശം സാധിക്കില്ലെന്നു വ്യക്തമായി. പക്ഷേ, അന്നത്തെ വിദേശ ഗവണ്‍മെന്റ് മതകാര്യത്തില്‍ നിയമനിര്‍മ്മാണത്തിന്നൊരുങ്ങിയില്ല. (1939 ല്‍ രണ്ടാം ലോകമഹായുദ്ധം തുടങ്ങി. യുദ്ധം കഴിയുന്നതുവരെ മറ്റു കാര്യങ്ങള്‍ക്കു പ്രസക്തിയില്ലാതായി)
1947 ല്‍ ടി പ്രകാശത്തിന്റെ നേതൃത്വത്തിലുള്ള മദിരാശി ഗവണ്‍മെന്റ്, തിരുവിതാംകൂര്‍ മാതൃകയനുസരിച്ച്, ക്ഷേത്രപ്രവേശന നിയമം കൊണ്ടുവരികയും 1947 ജൂണ്‍ 12-ാം തീയതി ഗുരുവായൂര്‍ ക്ഷേത്രപ്രവേശനം നടപ്പാക്കുകയും ചെയ്തു. എല്ലാ പൊതു ക്ഷേത്രങ്ങളിലും എല്ലാ ഹിന്ദുക്കള്‍ക്കും പുതിയ നിയമം പ്രവേശനമനുവദിച്ചു.
കേരളത്തില്‍ ഉയര്‍ന്നുവന്ന നവോത്ഥാന പ്രസ്ഥാനത്തിന് ഊടും പാവും നെയ്തത് ഗുരുവായൂര്‍ സത്യാഗ്രഹമാണ്. നാം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളാകെ തല്ലിക്കെടുത്താനും നവോത്ഥാന നായകരെ അപകീര്‍ത്തിപ്പെടുത്താനും ബോധപൂര്‍വമായ ശ്രമം ഛിദ്രശക്തികള്‍ നടത്തുന്ന കാലമാണിത്. വര്‍ഗീയ‑ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തിന് ഗുരുവായൂര്‍ സത്യാഗ്രഹം ഉയര്‍ത്തിവിട്ട സന്ദേശം ആവേശം പകരും.