കോവിഡിനെതിരെ ജാഗ്രത തുടരണമെന്നും അടുത്ത 14 ദിവസം ഏറെ ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ ക്ലസ്റ്ററുകൾ ഉണ്ടാവാനും ശക്തമായ വ്യാപനത്തിനുമുള്ള സാധ്യത മുന്നിൽ കണ്ട് വേണം ജാഗ്രത പുലർത്തേണ്ടത്. ഇപ്പോൾ ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത് ഒക്ടോബർ അവസാനത്തോടെ കേസുകൾ വീണ്ടും വർധിക്കുമെന്നാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ട് ദിവസമായി പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞു. അത് ജാഗ്രത കുറയ്ക്കാനുള്ള സൂചനയല്ല. ഓണ അവധി ആയിരുന്നതിനാൽ ആളുകൾ പൊതുവെ ടെസ്റ്റിന് പോകാൻ വിമുഖത കാട്ടി. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും ടെസ്റ്റ് കുറഞ്ഞു. അത്തരത്തിൽ പൊതുവിൽ എണ്ണം കുറഞ്ഞതിനാലാണ് കേസുകൾ കുറഞ്ഞത്.
ഓണാവധിക്കാലത്ത് മാർക്കറ്റുകളും പൊതുസ്ഥലങ്ങളും സജീവമായിരുന്നു. ജനങ്ങൾ തമ്മിലുള്ള സമ്പർക്കത്തിന്റെ തോത് വർധിച്ചിട്ടുണ്ട്. ആളുകൾ കൂടുതലായി ഓണാഘോഷത്തിന് നാട്ടിലെത്തിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലമായി രോഗവ്യാപനം വർധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകാൻ ഇനിയും ദിവസങ്ങളെടുക്കും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് രണ്ട് ദിവസങ്ങളിൽ കൂടുതലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അഞ്ചിന് താഴെ നിർത്തണം. രണ്ട് ദിവസങ്ങളിൽ അത് എട്ടിന് മുകളിലാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ് മൊത്തം കേസുകളുടെ 50 ശതമാനത്തിലധികം ഉണ്ടായത്.
ഓണ ദിവസങ്ങളുമായി ബന്ധപ്പെട്ട് അടുത്ത 14 ദിവസം ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം. ഓണം ക്ലസ്റ്റർ എന്ന നിലയിൽ വിപുലീകരിക്കാനുള്ള സാധ്യതയുണ്ട്. ആരോഗ്യ സംവിധാനങ്ങളും വ്യക്തികളും കൂടുതൽ ജാഗ്രത പുലർത്തണം.
ഓണക്കാലത്ത് കടകളിലും ഷോപ്പിങ് മാളുകളിലും മറ്റും നിയന്ത്രണങ്ങൾ നല്ല തോതിൽ പാലിച്ചിട്ടുണ്ട്. എന്നാൽ തീരെ നിയന്ത്രണങ്ങൾ ഇല്ലാത്ത അവസ്ഥ ചില കേന്ദ്രങ്ങളിലുണ്ടായി. കടകളിലോ മാർക്കറ്റുകളിലോ ചെല്ലുന്നവർ പേരെഴുതി ഇടണം എന്നത് നിർബന്ധമാക്കിയിരുന്നു. അതിൽ വീഴ്ചയുണ്ടായി. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി കോഴിക്കോട്ട് വിജയകരമായി പരീക്ഷിച്ച ക്യുആർ കോഡ് സ്കാൻ ചെയ്യുന്ന സംവിധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു കേന്ദ്രത്തിൽ, അത് സർക്കാർ ഓഫീസോ കടകളോ ആകാം. അവിടെ എത്തുന്നവർ അവിടെ പ്രദർശിപ്പിച്ച ക്യുആർ കോഡ് സ്കാൻ ചെയ്യുക. ഇതിലൂടെ അവിടെ എത്തിയ ആളെക്കുറിച്ച് ഇലക്ട്രോണിക് ആയി ആവശ്യമായ വിവരങ്ങൾ രേഖയിൽ വരും. ഈ സ്ഥലത്ത് പിന്നീട് കോവിഡ് ബാധ ഉണ്ടായാൽ അവർക്ക് സന്ദേശവും സ്വീകരിക്കേണ്ട മുൻ കരുതലും ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.