September 28, 2022 Wednesday

Related news

September 27, 2022
September 24, 2022
September 23, 2022
September 21, 2022
September 20, 2022
September 19, 2022
September 14, 2022
September 12, 2022
September 9, 2022
September 9, 2022

സുപ്രധാന ഹർജികൾ സുപ്രീം കോടതിയിൽ ഇഴയുന്നു; പൗരാവകാശങ്ങൾ തടവറയിൽ

Janayugom Webdesk
ന്യൂഡൽഹി
January 3, 2021 10:15 pm

പൗരാവകാശങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന ഹർജികൾക്ക് സുപ്രീം കോടതിയിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്.
2019 ന് ശേഷം മുത്തലാഖ്, യുഎപിഎ, വിവരാവകാശ നിയമത്തിലെ ഭേദഗതികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള മിക്ക പൗരാവകാശ ഹർജികളും ഒരു തവണമാത്രമാണ് സുപ്രീം കോടതി പരിഗണിച്ചിട്ടുള്ളതെന്നും പല കേസുകളിലും അന്തിമവിധിക്കായുള്ള ഹർജിക്കാരുടെ കാത്തിരിപ്പ് നീണ്ടുപോകുകയാണെന്നും ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു. സിഎഎ, കശ്മീരിലെ അടിച്ചമർത്തൽ തുടങ്ങിയ വിഷയങ്ങള്‍ക്കും സുപ്രീം കോടതിയുടെ ശ്രദ്ധ ലഭിച്ചിട്ടില്ല.

മുത്തലാഖ് മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്ന നിയമത്തെ ചോദ്യം ചെയ്ത് ഒമ്പത് റിട്ട് ഹർജികളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. മുസ്‌ലിം സ്ത്രീകളുടെ ശാക്തീകരണത്തിനുള്ള വലിയൊരു നടപടിയായാണ് കേന്ദ്രം ഇതിനെ അവതരിപ്പിച്ചത്. എന്നാൽ ഈ ബിൽ തീർത്തും വിവേചനപരമാണെന്നു കാട്ടിയാണ് സുപ്രീം കോടതിയിൽ ഹർജികൾ സമർപ്പിച്ചിരിക്കുന്നത്. ഒരേ കുറ്റം ചെയ്യുന്ന മറ്റ് മതക്കാരെയും മുസ്‌ലിങ്ങളെയും വേർതിരിച്ചുകാണുകയാണ് നിയമം. ഇത് തുല്യനീതിയുടെ എല്ലാ സങ്കൽപ്പങ്ങളും തള്ളിക്കൊണ്ടാണെന്നും മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നത് ഭർത്താവും ഭാര്യയും തമ്മിൽ ഒത്തുതീർപ്പിനുള്ള എല്ലാ വഴികളും അടയ്ക്കുമെന്നും ഹർജിക്കാർ വാദിക്കുന്നു.

നിയമത്തിനെതിരെ ഫയൽ ചെയ്ത ആദ്യ നാല് ഹർജികളിൽ 2019 ഓഗസ്റ്റ് 23 ന് സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് നൽകി. തുടർന്ന്, പുതിയ ഹർജികൾ സമർപ്പിച്ച സാഹചര്യത്തിൽ 2019 സെപ്റ്റംബർ 13, 20, ഒക്ടോബർ 14, നവംബർ 13 എന്നീ തീയതികളിലും കോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടി. അതേവർഷം സെപ്റ്റംബർ 30 നും ഒക്ടോബർ 25 നും ഹർജികൾ രണ്ടുതവണ ലിസ്റ്റ് ചെയ്തെങ്കിലും കേന്ദ്രത്തിന് വേണ്ടി ആരും ഹാജരാകുകയോ നോട്ടീസിൽ പ്രതികരണം അറിയിക്കുകയോ ചെയ്തില്ല.

2020ൽ രണ്ട് ഹർജികൾ കൂടി സുപ്രീം കോടതിയിൽ ഫയൽ ചെയ്തതിനെ തുടർന്ന് മാർച്ച് ആറ്, ജൂലൈ ആറ് തീയതികളിൽ കേന്ദ്രത്തോട് കോടതി വീണ്ടും പ്രതികരണം ആവശ്യപ്പെട്ടു. 2019 ഓഗസ്റ്റ് മുതൽ ഫയൽ ചെയ്തിട്ടുള്ള ഹർജികളിൽ ഒന്നുപോലും ഇതുവരെ കോടതി തീർപ്പുകൽപ്പിച്ചിട്ടില്ല. വിവരാവകാശ നിയമത്തിലെ ഭേദഗതികൾക്കെതിരെ ഫയൽ ചെയ്തിട്ടുള്ള ഹർജികളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. തുടർച്ചയായി നടപ്പാക്കുന്ന ഭേദഗതികൾ വിവരാവകാശ നിയമ നിർമ്മാണത്തിന്റെ ലക്ഷ്യത്തെ ദുർബലപ്പെടുത്തുന്നു എന്ന് കാട്ടിയാണ് ഹർജികൾ ഫയൽ ചെയ്തിട്ടുള്ളത്.

2019 ജൂലൈയിൽ പാസാക്കിയ പുതിയ ഭേദഗതി വിവരാവകാശ കമ്മീഷണർമാരുടെ കാലാവധി നിശ്ചയിക്കാനും അവരുടെ ശമ്പളം നിർണ്ണയിക്കാനും കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നതാണ്. ഇത് കമ്മിഷന്റെ സ്വാതന്ത്ര്യത്തെ നശിപ്പിക്കുന്നതിലേക്ക് നയിക്കുമെന്നും പ്രവർത്തന മേഖലകളിലേക്ക് സർക്കാരിന്റെ താൽപര്യങ്ങൾ കുത്തിത്തിരുകപ്പെടുമെന്നും ഹർജിക്കാർ വാദിക്കുന്നു. ഹർജികളിൽ നോട്ടീസ് നൽകിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും മറ്റ് പൗരാവകാശ വിഷയങ്ങളിലെന്നപോലെ ഇതിലും മറുപടി നൽകേണ്ടെന്ന തീരുമാനത്തിലാണ് കേന്ദ്രസർക്കാർ.

യുഎപിഎയിൽ വാദം കേട്ടത് ഒരുതവണ

ഭീകരവിരുദ്ധ നിയമമായ യുഎപിഎയുടെ 2019 ലെ ഭേദഗതി പാർലമെന്റ് അംഗീകരിച്ച് ഒരു മാസത്തിന് ശേഷം സെപ്റ്റംബറിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച രണ്ട് അപേക്ഷകളിൽ ഒരുതവണ മാത്രമാണ് കോടതി വാദംകേട്ടത്. ഭേദഗതികൾ വ്യക്തികളുടെ പക്ഷം പരിശോധിക്കാതെ തന്നെ തീവ്രവാദിയായി പ്രഖ്യാപിക്കാൻ സർക്കാരിനെ അധികാരപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജികൾ. നിയമം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ലംഘിക്കുമെന്നും ഹർജിക്കാർ വാദിക്കുന്നു.

പ്രഥമ വാദം കേട്ടപ്പോൾതന്നെ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്രത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ കേന്ദ്രം ഇതുവരെ പ്രതികരണം അറിയിക്കുകയോ ഹർജിയിൽ പിന്നീടിതുവരെ വാദം കേൾക്കുകയോ ചെയ്തിട്ടില്ല. ഭേദഗതി ചെയ്ത യുഎപിഎ പ്രകാരമുള്ള അധികാരങ്ങൾ ദുരുപയോഗം ചെയ്ത് ന്യൂനപക്ഷങ്ങളെയും മാധ്യമപ്രവർത്തകരെയും ഉൾപ്പെടെ തീവ്രവാദികളായി മുദ്രകുത്തുന്ന സമീപനം കേന്ദ്രം തുടരുകയാണ്.

ENGLISH SUMMARY:Important peti­tions are drag­ging on in the Supreme Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.