Friday
22 Feb 2019

ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കലും സര്‍ക്കാരിന്റെ വിപണിയിടപെടലും

By: Web Desk | Wednesday 11 July 2018 10:58 PM IST

പൊതു വിപണിയില്‍ വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതിനുള്ള ശക്തമായ ഇടപെടല്‍ നടത്തുന്ന അപൂര്‍വം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. രാജ്യത്തിനാകെ മാതൃകയായ കുറ്റമറ്റതും സമഗ്രവുമായ പൊതുവിതരണ സംവിധാനം ഇവിടെ കെട്ടിപ്പടുത്തിട്ടുണ്ട്. റേഷന്‍ ഷോപ്പുകള്‍ക്കു പുറമേ മാവേലി സ്റ്റോറുകള്‍, സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഉത്സവ ഘട്ടങ്ങളിലെ പ്രത്യേക ചന്തകള്‍ എന്നിങ്ങനെ വിലനിലവാരം പിടിച്ചുനിര്‍ത്താനും വിപണിയിടപെടല്‍ സാധ്യമാക്കുവാനും സര്‍ക്കാര്‍ നടത്തുന്ന ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ലോകനിലവാരത്തില്‍ തന്നെ പ്രശംസ നേടിയിട്ടുള്ളവയാണ്.
2013 ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ദേശീയ ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുവാന്‍ ആരംഭിച്ചത് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാത്രമായിരുന്നു. നിയമം പാസാകുന്ന വേളയില്‍ ഇവിടെ അധികാരത്തിലുണ്ടായിരുന്ന യുഡിഎഫ് സര്‍ക്കാര്‍ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിച്ചത്. അതുകൊണ്ട് സംസ്ഥാനത്തിന് അര്‍ഹമായ ഭക്ഷ്യധാന്യ വിഹിതം നഷ്ടമാകുമെന്ന സാഹചര്യം പോലുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ 2016 മെയ് മാസം അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിലെ ഭക്ഷ്യ – പൊതുവിതരണ വകുപ്പിന്റെ മുഖ്യവും ഭാരിച്ചതുമായ ആദ്യചുമതല നിയമം നടപ്പിലാക്കുന്നതിനുള്ള തീവ്ര യജ്ഞമായിരുന്നു. പ്രഥമഘട്ടമെന്ന നിലയില്‍ തയ്യാറാക്കേണ്ട മുന്‍ഗണനാ പട്ടികപോലും കുറ്റമറ്റതാക്കാന്‍ അന്നത്തെ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. എന്നാല്‍ അധികാരത്തിലെത്തി ആറുമാസത്തിനകം നിയമം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ധാന്യവിഹിതം നഷ്ടമാകാത്ത സ്ഥിതിയുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് പ്രകടനപത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന്റെയും ദേശീയ ഭക്ഷ്യ ഭദ്രതാനിയമം നടപ്പിലാക്കുന്നതിന്റെയും ഭാഗമായി അതിവേഗതയിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോയത്.
കേന്ദ്ര നടപടികളുടെ ഫലമായി പല ആനുകൂല്യങ്ങളും നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. അവയെല്ലാം തിരികെ വാങ്ങുന്നതിന് ശക്തമായ നടപടികളാണ് സംസ്ഥാന ഭക്ഷ്യ – പൊതുവിതരണ വകുപ്പ് കൈക്കൊണ്ടത്. അവയിലൊന്നായിരുന്നു അഗതി – അനാഥ മന്ദിരങ്ങള്‍ക്കുള്ള വിഹിതം ലഭ്യമാകാത്ത അവസ്ഥ. അതിന് പരിഹാരമുണ്ടാക്കുവാന്‍ സാധിച്ചിട്ടുണ്ട്. അനാഥാലയങ്ങള്‍, പട്ടിക ജാതി – ഒബിസി വിഭാഗങ്ങളുടെ ഹോസ്റ്റലുകള്‍, ശരണാലയങ്ങള്‍ തുടങ്ങിയ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് ആളൊന്നിന് 15 കിലോഗ്രാം ധാന്യം പ്രതിമാസം ലഭ്യമാക്കി തുടങ്ങി. അതിന് പുറമേ എഫ്‌സിഐയിലെ തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പാഴായിപ്പോയ 1283.3 മെട്രിക് ടണ്‍ അരിയും 15.52 മെട്രിക് ടണ്‍ ഗോതമ്പും ലഭ്യമാക്കുന്നതിനും സര്‍ക്കാരിന്റെ പ്രത്യേകിച്ച് പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്റെ ഇടപെടലിനെ തുടര്‍ന്ന് സാധ്യമായിട്ടുണ്ട്.
ഇതിന് പുറമേ ഭക്ഷ്യവിതരണം കുറ്റമറ്റതും വിപുലവും വ്യാപകവുമാക്കുന്നതിന് നിരവധി നടപടികളാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തങ്ങള്‍ക്ക് സൗകര്യവും ഇഷ്ടവുമുള്ള റേഷന്‍ കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങാമെന്ന സുപ്രധാനമായ തീരുമാനം അതിലൊന്നാണ്. താമസിക്കുന്ന സ്ഥലത്ത് റേഷന്‍ കാര്‍ഡ് നേടുക, പിന്നീട് അത് മറ്റൊരിടത്തേയ്ക്ക് മാറ്റുക തുടങ്ങിയ പ്രക്രിയകള്‍ അതീവ ദുഷ്‌കരമായിരുന്ന അവസ്ഥയ്ക്കാണ് ഇതിലൂടെ പരിഹാരമാകുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ സുപ്രധാനമായ മാറ്റമായിരുന്നു ഇപോസ് മെഷീന്‍. ഇതിന്റെ കൂടെ തന്നെ എവിടെ നിന്നും റേഷന്‍ വാങ്ങുന്നതിനുള്ള സംവിധാനവും ഒരുക്കി. ഇത് നടപ്പിലാക്കുമ്പോള്‍ റേഷന്‍ ലഭ്യത കുറയാതിരിക്കാന്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഒന്നര മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടകള്‍ക്ക് നല്‍കുന്നതിനും തീരുമാനിച്ചു.
പൊതുവിതരണ രംഗത്തെ ആധുനികവത്ക്കരണം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരംഭിക്കാന്‍ വൈകിയെങ്കിലും വളരെ വേഗത്തിലാണ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കുണ്ടായിരുന്ന ഫീസ് എടുത്തുകളയുകയും നാല് വര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന റേഷന്‍ കാര്‍ഡ് അപേക്ഷ സ്വീകരിക്കല്‍ പുനരാരംഭിക്കുകയും ചെയ്തു. ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളസോഷ്യല്‍ ഓഡിറ്റിങ് ആരംഭിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയാക്കി. റേഷന്‍ വിതരണം സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള പരാതികള്‍ അറിയിക്കുന്നതിനായി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക മൊബൈല്‍ നമ്പര്‍ നല്‍കുകയും ചെയ്തു. ഇതിലൂടെ ഭക്ഷ്യവിതരണ മേഖല കൂടുതല്‍ സുതാര്യവും കൃത്യവുമാക്കുവാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.
ഈ വിധത്തില്‍ പൊതുവിപണിയിടപെടല്‍ ശക്തിപ്പെടുത്താനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനുമുള്ള ശ്ലാഘനീയമായ നടപടികളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. അതോടൊപ്പം സുരക്ഷിത ഭക്ഷണമെന്ന പുതിയ കാഴ്ചപ്പാട് നടപ്പില്‍ വരുത്തുന്നതിനുള്ള കര്‍ശന നിലപാടുകളും ഉണ്ടായിട്ടുണ്ട്. മായം കലരാത്ത ഭക്ഷണവും ഉല്‍പ്പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അക്കാര്യത്തില്‍ ചുരുങ്ങിയ കാലത്തിനകം ഉണ്ടാക്കിയ നേട്ടങ്ങള്‍ സര്‍ക്കാരിന്റെ ശിരസിലെ പൊന്‍തൂവല്‍ തന്നെയാണ്.

Related News