ഇമ്പ്രെസാരിയോ മിസ് കേരള മത്സരം 16‑ന്

Web Desk
Posted on October 13, 2018, 2:43 pm
എറണാകുളം ലെ മെറിഡിയനില്‍ ഇമ്പ്രെസാരിയോ മിസ് കേരള-2018 ന് മുന്നോടിയായി മിസ് കുലിനറി എന്ന വിഭാഗത്തില്‍ മത്സരിക്കുന്നവര്‍

കൊച്ചി: ഇമ്പ്രെസാരിയോ മിസ് കേരള-2018 ഒക്‌ടോബര്‍ 16‑ന് വൈകീട്ട് 6.30 ന് ഹോട്ടല്‍ ലെ മെറിഡിയനില്‍ നടക്കുമെന്ന് ഇമ്പ്രെസാരിയോ ഇവന്റ് മാര്‍ക്കറ്റിംഗ് കമ്പനി സിഇഒ ഹരീഷ് ബാബു പത്രസമ്മേളനത്തില്‍ അറിയിച്ചു. തുളസി വില്ലാസ് ആന്‍ഡ് അപ്പാര്‍ട്ടുമെന്റ്‌സാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടലിന്റെ നേതൃത്വത്തില്‍ പാചകറാണിയെ കണ്ടെത്തുന്നതിനായി മിസ് കുലിനറി എന്നൊരു മത്സരവും ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച നടത്തി.

22 മത്സരാര്‍ത്ഥികളില്‍ നിന്നാണ് മിസ് കേരളയെ തിരഞ്ഞെടുക്കുന്നത്. മുരളിമേനോന്‍, നൂതന്‍ മനോഹര്‍ ഫാഷന്‍ കൊറിയോഗ്രാഫറായ പ്രിയങ്ക ഷാ തുടങ്ങിയവര്‍ മത്സരാര്‍ത്ഥികള്‍ക്ക് മിസ് കേരളയ്ക്കായി പരിശീലനം നല്‍കും.

മിസ് വോയിസ്, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ഫിറ്റ്‌നസ് തുടങ്ങി ഒമ്പതോളം സബ്‌ടൈറ്റില്‍സും മിസ് കേരളയിലൂടെ തിരഞ്ഞെടുക്കും. ഇത്തവണ ആദ്യമായി മിസ് കേരളാ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഉണ്ടാവും. www.tecgtheater.com / liv-eev-ent/missker­ala2018 എന്ന വെബ്‌സൈറ്റില്‍ മത്സരം തല്‍സമയം കാണാം.

നാല് മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന മത്സരത്തിന്റെ വിധിനിര്‍ണയത്തിനായി ഇന്ത്യയിലെ മുന്‍നിര ഡിസൈനര്‍മാരും സിനിമാ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും ഇതിന്റെ ഭാഗമാകും. കൈത്തറി മേഖലയ്ക്ക് മിസ് കേരളയില്‍ പ്രാധാന്യം നല്‍കും. പ്രതീക്ഷയുടേയും അതിജീവനത്തിന്റെയും സന്ദേശം നല്‍കി ഇന്ത്യയുടെ തന്നെ ആത്മാവായ തനത് നെയ്ത്ത് മേഖലകളെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
പത്രസമ്മേളനത്തില്‍ തുളസി വില്ലാസ് ആന്‍ഡ് അപ്പാര്‍ട്ടുമെന്റ്‌സ് ചെയര്‍മാന്‍ തുളസീദാസും പങ്കെടുത്തു.