തടവിലാക്കി ലൈംഗിക പീഡനം; 8000 ജിബി വീഡിയോ പിടിച്ചെടുത്തു, പിന്നില്‍ 10 ലക്ഷം പേര്‍

Web Desk
Posted on October 17, 2019, 11:22 pm

ഏറ്റവുംവലിയ ചൈല്‍ഡ് പോര്‍ണോഗ്രഫി വെബ്‌സൈറ്റുകളിലൊന്നായ വെല്‍കം ടു വീഡിയോ തകര്‍ത്തു. അമേരിക്കന്‍, ബ്രിട്ടിഷ്, ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വെല്‍കം ടു വീഡിയോ തകര്‍ത്തതായി പ്രഖ്യാപിച്ചത്. 2015 ജൂണില്‍ ആരംഭിച്ച് ബിറ്റ്‌കോയിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന രഹസ്യ സൈറ്റാണിത്. ദക്ഷിണ കൊറിയന്‍ അധികൃതര്‍ പിടിച്ചെടുത്ത ഒരു സെര്‍വറിന്റെ വിശകലനത്തില്‍ വെബ്‌സൈറ്റിന് 10 ലക്ഷത്തിലധികം ബിറ്റ്‌കോയിന്‍ വിലാസങ്ങളുണ്ടെന്ന് വെളിപ്പെടുത്തി. ഇത് വെബ്‌സൈറ്റിന് കുറഞ്ഞത് 10 ലക്ഷം ഉപയോക്താക്കള്‍ക്കെങ്കിലും ശേഷിയുണ്ട്.

വെബ് സൈറ്റിന്റെ ഉപയോക്താക്കള്‍ അതിക്രൂരമായി ദുരുപയോഗം ചെയ്തു വരികയായിരുന്ന അമേരിക്ക, സ്‌പെയിന്‍, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന 23 പ്രായപൂര്‍ത്തിയാകാത്ത ഇരകളെ രക്ഷപ്പെടുത്താന്‍ ഈ ഓപ്പറേഷന്‍ വഴി സാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓപ്പറേഷന്റെ ഫലമായി ഏകദേശം എട്ട് ടെറാബൈറ്റ് കുട്ടികളുടെ ലൈംഗിക ചൂഷണ വീഡിയോകള്‍ പിടിച്ചെടുത്തു.

മുതിര്‍ന്നവരുടെ ലൈംഗികദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്യരുതെന്ന നിര്‍ദേശത്തോടെയാണു സൈറ്റില്‍ അംഗങ്ങളെ ചേര്‍ത്തിരുന്നതെന്നു യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു. മറ്റെവിടെയും ലഭ്യമല്ലാത്ത 2.5 ലക്ഷത്തിലധികം വിഡിയോ ഫയലുകളാണ് കണ്ടെത്തിയത്. യുഎസിനൊപ്പം കൊറിയ, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും സൈറ്റിനെതിരെ രഹസ്യ ഓപ്പറേഷന്‍ നടത്തി. അലബാമ, അര്‍ക്കന്‍സാസ്, കാലിഫോര്‍ണിയ, കണക്റ്റിക്കട്ട്, ഫ്‌ലോറിഡ, ജോര്‍ജിയ, കന്‍സാസ്, ലൂസിയാന, മേരിലാന്‍ഡ്, മസാച്യുസെറ്റ്‌സ്, നെബ്രാസ്‌ക, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, നോര്‍ത്ത് കരോലിന, ഒഹായോ, ഒറിഗോണ്‍, പെന്‍സില്‍വാനിയ, റോഡ്, ഐസ്‌ലന്‍ഡ്, സൗത്ത് കരോലിന, ടെക്‌സസ്, യൂട്ട, വിര്‍ജീനിയ, വാഷിങ്ടണ്‍ സ്‌റ്റേറ്റ്, വാഷിംഗ്ടണ്‍ ഡിസി എന്നിവിടങ്ങളില്‍ നിന്നായി 337 കുട്ടികളുടെ അശ്ലീല വിഡിയോകളുടെ ഉപയോക്താക്കളെ അധികൃതര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്..

യുകെ, ദക്ഷിണ കൊറിയ, ജര്‍മ്മനി, സൗദി അറേബ്യ, യുഎഇ, ചെക്ക് റിപ്പബ്ലിക്, കാനഡ, അയര്‍ലന്‍ഡ്, സ്‌പെയിന്‍, ബ്രസീല്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നും ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐആര്‍എസ്, എച്ച്എസ്‌ഐ, യുണൈറ്റഡ് കിംഗ്ഡത്തിലെ നാഷണല്‍ െ്രെകം ഏജന്‍സി, ദക്ഷിണ കൊറിയയിലെ കൊറിയന്‍ നാഷണല്‍ പൊലീസ് എന്നിവയില്‍ നിന്നുള്ള ഏജന്റുമാര്‍ ചേര്‍ന്നാണ് ചിലരെ അറസ്റ്റ് ചെയ്യുകയും ഡാര്‍ക്ക്‌നെറ്റ് മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന സെര്‍വര്‍ പിടിച്ചെടുക്കുകയും ചെയ്തത്. 2018 മാര്‍ച്ചിലാണു വെല്‍കം ടു വിഡിയോ സൈറ്റ് യുഎസ് അധികൃതരുടെ നിരീക്ഷണത്തിലായതും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും.