കശ്മീര്‍: പരാജയപ്പെട്ടെന്ന് പാക് പ്രധാനമന്ത്രി, മോഡിക്ക് മേല്‍ സമ്മര്‍ദ്ദമില്ലെന്നും ഇമ്രാന്‍

Web Desk
Posted on September 25, 2019, 11:11 am

ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയം രാജ്യാന്തരവല്‍ക്കരിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ഇക്കാര്യത്തില്‍ തനിക്ക് നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പല രാജ്യാന്തര വേദികളിലും പാകിസ്ഥാന്‍ മുതലക്കണ്ണീരൊഴുക്കിയിരുന്നു. എന്നാല്‍ രാജ്യാന്തര സമൂഹം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മേല്‍ യാതൊരു സമ്മര്‍ദ്ദവും ചെലുത്തുന്നില്ലെന്നും ഇമ്രാന്‍ പരാതിപ്പെട്ടു.

എന്നാല്‍ തങ്ങള്‍ ശക്തമായ സമ്മര്‍ദ്ദവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇമ്രാന്റെ വാര്‍ത്താസമ്മേളനത്തില്‍ പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മദൂദ് ഖുറേഷിയും ഐക്യരാഷ്ട്രസഭയിലെ പാക് സ്ഥാനപതി മലീഹ ലോധിയും സന്നിഹിതരായിരുന്നു. ഐക്യരാഷ്ട്ര പൊതുസഭയുടെ സമ്മേളനത്തില്‍ മോഡിയും ഇമ്രാനും ന്യൂയോര്‍ക്കിലാണുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇരുവരും പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടാല്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മധ്യസ്ഥരുടെ ആവശ്യമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

ഇന്ത്യയുടെ സാമ്പത്തിക ശേഷിയും ആഗോള പ്രാധാന്യവും കാരണമാണ് കശ്മീര്‍ വിഷയം മുങ്ങിപ്പോകുന്നതെന്നും ഇമ്രാന്‍ ആരോപിച്ചു. 120 കോടി ജനങ്ങളുള്ള ഒരു കമ്പോളമായാണ് ഇന്ത്യയെ ലോകരാജ്യങ്ങള്‍ കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ ഇന്ത്യയുടെ തീരുമാനത്തെ ലോകരാജ്യങ്ങള്‍ ബഹുമാനിക്കുന്നുണ്ട്. അതേവേളയിലാണ് പാകിസ്ഥാന്‍ ഇക്കാര്യം ഉയര്‍ന്ന് വരുന്നത്. കശ്മീര്‍ വിഷയത്തില്‍ രാജ്യാന്തര പിന്തുണ നേടുന്നതില്‍ പരാജയപ്പെട്ടെന്ന് നേരത്തെ തന്നെ പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി ബ്രിഗേഡിയര്‍ ഇജാസ് അഹമ്മദ് ഷാ സമ്മതിച്ചിരുന്നു. ജനങ്ങള്‍ തങ്ങളെ വിശ്വസിക്കുന്നില്ലെന്നും എന്നാല്‍ ഇന്ത്യയെ വിശ്വസിക്കുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.