കുല്‍ഭൂഷണ്‍ കുറ്റക്കാരന്‍; നിയമപരമായി മുന്നോട്ടുപോകും

Web Desk
Posted on July 18, 2019, 11:56 am

ഇസ്‌ലമാബാദ്: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്താന്‍ നിയപമരമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പാക്കരുതെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ ബഹുമാനിക്കുന്നു. എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ക്കെതിരെ കുറ്റം ചുമത്തപ്പെട്ട വ്യക്തിയാണ് ജാദവെന്നും ഇംറാന്‍ ഖാന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.

” കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പാക്കരുതെന്നും ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്നുമുള്ള ഐ.സി.ജെയുടെ വിധിയെ അഭിനന്ദിക്കുന്നു. അദ്ദേഹം പാകിസ്താന്റെ ജനങ്ങള്‍ക്കെതിരായ കുറ്റം ചുമത്തപ്പെട്ടയാളാണ്. പാകിസ്താന്‍ ഇനി നിയമപരമായി മുന്നോട്ടു പോകും” ഇതായിരുന്നു ഇംറാന്റെ ട്വീറ്റ്.  ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ സൈനിക കോടതി ജാദവിന് വിധിച്ച വധശിക്ഷ പുനഃപരിശോധിക്കണമെന്നാണ് ഐ.സി.ജെ ഉത്തരവിട്ടത്. ജാദവിന് നയതന്ത്രതല സഹായത്തിന് അനുമതി നല്‍കണമെന്നും ജഡ്ജി അബ്ദുല്‍ഖവി അഹ്മദ് യൂസുഫ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യന്‍ ചാരന്‍ തന്നെയാണെന്ന വാദമാണ് പാകിസ്താന്‍ ഉയര്‍ത്തിയത്. ‘ചാരനില്‍‘നിന്ന് വിവരങ്ങള്‍ ചോര്‍ത്താനാണ് ഇന്ത്യ നയതന്ത്രതല സഹായം ചോദിച്ചതെന്നും അതിന് അനുമതി നല്‍കാനാകില്ലെന്നും പാകിസ്താന്‍ ഐ.സി.ജെയില്‍ വാദമുയര്‍ത്തിയിരുന്നു. ജാദവ് കുറ്റക്കാരനല്ലെന്ന കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത പക്ഷം കോടതിവിധി ജയം തന്നെ എന്നതാണ് പാകിസ്താന്റെ നിലപാട്.