മോഡി മാതൃകയില്‍ യുഎസില്‍ റാലി സംഘടിപ്പിക്കാനൊരുങ്ങി ഇമ്രാന്‍ഖാന്‍

Web Desk
Posted on July 18, 2019, 11:07 am

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മാതൃകയാക്കി വാഷിങ്ടണില്‍ പാക് സമൂഹത്തെ പങ്കെടുപ്പിച്ച് പൊതുറാലി നടത്താനൊരുങ്ങി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ജൂലായ് 22ന് വൈറ്റ്ഹൗസില്‍ വെച്ച് ഡൊണാള്‍ഡ് ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ചക്ക് മുന്നോടിയായി യുഎസ് ഭരണകൂടത്തിന്റെ മതിപ്പ് നേടുന്നതിന് വേണ്ടിയാണ് ഇമ്രാന്‍ ഖാലി റാലി നടത്തുന്നത്.

അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഇന്ത്യന്‍ നേതാക്കള്‍നടത്തിവരുന്ന ഇത്തരം റാലികള്‍ക്ക് സമാനമായി ഒരു പാകിസ്താന്‍ പ്രധാനമന്ത്രി റാലി നടത്തുന്നത് ഇതാദ്യമാണ്. ജൂലായ് 21നാണ് ഇമ്രാന്‍ ഖാന്റെ റാലി. ജമാഅത്തുദ്ദവ മേധാവി ഹാഫിസ് സയീദിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതും ട്രംപ് ഭരണകൂടത്തെ സ്വാധീനിക്കുന്നതിന് വേണ്ടിയുള്ള നടപടിയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭീകരവാദത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്ന ട്രംപ് പാകിസ്താനുള്ള ഉഭയകക്ഷി സഹായങ്ങള്‍ നേരത്തെ വെട്ടിക്കുറച്ചിരുന്നു. ഇത് പാകിസ്താന് വ്യാപാര രംഗത്തും മറ്റുമേഖലകളിലും കനത്ത തിരിച്ചടി നല്‍കിയിരുന്നു.

അമേരിക്കന്‍ സഹായങ്ങള്‍ വീണ്ടെടുക്കുകയും വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയുമാണ് ഇമ്രാന്‍ ഖാന്റെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. അതിന് മുന്നോടിയായി അമേരിക്കയ്ക്ക്മുന്നിലുള്ള പാകിസ്താന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയാണ് ഇപ്പോഴത്തെ നടപടികളിലൂടെ ഉദ്ദേശിക്കുന്നത്.

2010ലെ സെന്‍സസ് താരതമ്യം ചെയ്തുള്ള റിപ്പോര്‍ട്ട് പ്രകാരം അഞ്ച് ലക്ഷത്തോളം പാക് വംശജര്‍ അമേരിക്കയിലുണ്ടെന്നാണ് കണക്കാക്കുന്നത്. വാഷിങ്ടണില്‍ നടത്തുന്ന റാലിയില്‍ ഇവരില്‍ നല്ലൊരുഭാഗവും എത്തുമെന്നാണ് ഇമ്രാന്‍ഖാന്‍ പ്രതീക്ഷിക്കുന്നത്.