ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ആഗോള മുസ്‌ലിം തീവ്രവാദം വളര്‍ത്തുമെന്ന് ഇമ്രാന്‍

Web Desk
Posted on September 15, 2019, 11:15 am

മുസഫറാബാദ്: കശ്മീരിലെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന ഇന്ത്യന്‍ ഭരണകൂടം ആഗോള മുസ്‌ലിം തീവ്രവാദം വളര്‍ത്താന്‍ സഹായിക്കുകയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

കഴിഞ്ഞ മാസം അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം 4,000 പേരെയാണ് ഇവിടെ തടവിലാക്കിയിരിക്കുന്നത്. അരാജകത്വം ഉത്തുംഗശൃംഖത്തിലെത്തുമ്പോള്‍ ജനങ്ങള്‍ അപമാനജീവിതത്തെക്കാള്‍ മരണം ആഗ്രഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസഫറാബാദില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഖാന്‍. പതിനായിരങ്ങളെ തടവിലാക്കിക്കൊണ്ട് തീവ്രവാദം വളര്‍ത്തുകയാണ് ഇന്ത്യയെന്നും ഖാന്‍ ആരോപിച്ചു.

ജനങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ ഉയര്‍ത്തെഴുന്നേല്‍ക്കും. ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ മാത്രമായിരിക്കില്ല 125 കോടി വരുന്ന ലോക മുസ്‌ലിങ്ങളാകും ഇന്ത്യയ്‌ക്കെതിരെ അണിനിരക്കുകയെന്നും ഖാന്‍ പറഞ്ഞു. അവര്‍ ഇതെല്ലാം വീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. കശ്മീര്‍ വിഷയം സംബന്ധിച്ച് ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ താന്‍ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കശ്മിരിലെ നിയന്ത്രണരേഖയ്ക്ക് അടുത്തേക്ക് പോകേണ്ടെന്നും താന്‍ ന്യൂയോര്‍ക്കില്‍ പോകും വരെ കാത്തിരിക്കാനും അദ്ദേഹം ജനങ്ങളോട് നിര്‍ദേശിച്ചു. കശ്മിരീലെ പട്ടാള സാനിധ്യം ഒരു നരനായാട്ടിനായാണെന്ന ആശങ്ക പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയുമായി പങ്കുവച്ചിരുന്നു.