സൗദി കിരീടാവകാശിയുടെ പ്രത്യേകവിമാനത്തില്‍ ഇമ്രാന്‍ഖാന്‍ അമേരിക്കയിലെത്തി

Web Desk
Posted on September 22, 2019, 12:16 pm

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അമേരിക്കയിലെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രത്യേക വിമാനത്തിലായിരുന്നു യാത്ര. ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 74മത് സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും.

വാണിജ്യ വിമാനം ഉപയോഗിക്കാന്‍ സൗദി രാജകുമാരന്‍ അദ്ദേഹത്തെ സമ്മതിച്ചില്ലെന്ന് ദുനിയ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. താങ്കള്‍ ഞങ്ങളുടെ പ്രത്യേക അതിഥിയാണ് അതുകൊണ്ട് തന്റെ പ്രത്യേക വിമാനത്തില്‍ അമേരിക്കയിലേക്ക് പോകാം എന്ന് അദ്ദേഹം നിര്‍ദേശിക്കുകയായിരുന്നു.
കശ്മീര്‍ വിഷയത്തില്‍ സൗദിയുടെ പിന്തുണ തേടിയാണ് അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഇമ്രാന്‍ സൗദിയിലെത്തിയത്. എന്നാല്‍ കശ്മീര്‍ തികച്ചും ആഭ്യന്തരവിഷയമാണെന്ന് ഇന്ത്യ രാജ്യാന്തര സമൂഹത്തോട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാന്‍ യാഥാര്‍ത്ഥ്യം അംഗീകരിക്കണമെന്നും ഇന്ത്യയ്‌ക്കെതിരായുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

സൗദിയിലെത്തിയ ഇമ്രാന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് രാജാവുമായി വ്യവസായം,നിക്ഷേപം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്തു. വെള്ളിയാഴ്ചയാണ് മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യുക.