‘ജ്യൂസ് ഐസ് പോലെ, കോഴിമുട്ട പൊട്ടിക്കാന്‍ ചുറ്റിക’; സിയാച്ചിനിലെ നരകയാതന തുറന്നുകാട്ടി സൈനികര്‍

Web Desk
Posted on June 09, 2019, 9:06 pm

സിയാച്ചിന്‍: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധ ഭൂമിയായ സിയാച്ചിനിലെ ഇന്ത്യന്‍ സൈനികര്‍ അനുഭവിക്കുന്നത് നരകജീവിതം. കോഴിമുട്ടയും ജ്യൂസും പൊട്ടിക്കാന്‍ സിയാച്ചിനിലെ ഇന്ത്യന്‍ സൈനികര്‍ അനുഭവിക്കുന്ന കഷ്ടപ്പാട് അവര്‍തന്നെ തുറന്നുകാട്ടുകയാണ് വീഡിയോയിലൂടെ.. ജ്യൂസ് ഐസ് പോലെ, പുറത്തെടുത്തത് കത്തി കൊണ്ടു കുത്തിക്കീറിയും.… ഇഷ്ടികകൊണ്ടും മേശയില്‍ വലിച്ചെറിഞ്ഞുമാണ് കോഴിമുട്ട പൊട്ടിക്കുന്നത്. പച്ചക്കറികള്‍ക്കും ഇതേ അവസ്ഥയാണ്.

മൈനസ് 40 മുതല്‍ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ ജീവിക്കുന്നത് അത്ര എളുപ്പമല്ലെന്ന വാക്കുകളോടെയാണ് സൈന്യം വീഡിയോ പങ്കുവെക്കുന്നത്. ജ്യൂസ് കത്തികൊണ്ട് കുത്തിക്കീറി തുറന്നെടുത്തെങ്കിലും സവാളയും തക്കാളിയും ഇഞ്ചിയും ഉരുളക്കിഴങ്ങുമൊക്കെ പൊട്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. ഇടയ്ക്കിടെ നര്‍മസംഭാഷണങ്ങളൊക്കെ കേള്‍ക്കാമെങ്കിലും സിയാച്ചിനിലെ ജീവിതം കഠിനമായിരിക്കുന്നുവെന്നാണ് ഒരു സെനികന്‍ പറയുന്നത്. ഉറച്ചു കട്ടിയായ ജ്യൂസ് ചൂടാക്കിയാല്‍ മാത്രമേ കുടിക്കാനാകൂ. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങള്‍ വീഡിയോ ഏറ്റെടുത്തതോടെ വൈറലായി.

https://www.facebook.com/IMA.Dehradun.Uk/videos/364614397587955/

ഒട്ടേറെ പേരാണ് സമൂഹമാധ്യമങ്ങളിലൂടെ സിയാച്ചിനിലെ സൈനികരുടെ നിശ്ചദാര്‍ഢ്യത്തിനും സഹിഷ്ണുതയ്ക്കും ഐക്യദാര്‍ഢ്യം അറിയിക്കുന്നത്. ശക്തമായ മഞ്ഞുവീഴ്ചയോടും തണുത്തുറഞ്ഞ കാറ്റിനോടുമൊക്കെ യുദ്ധം ചെയ്താണ് സൈനികര്‍ കഴിയുന്നത്.

മൈനസ് 60 ഡിഗ്രിയാണ് നിലവിലെ താപനില. ക്യാംപെല്ലാം മഞ്ഞുമൂടിയ അവസ്ഥയിലും. ഓപറേഷന്‍ മേഘ്ദൂതിലൂടെ 1984ലാണ് ഇന്ത്യന്‍ സൈന്യം സിയാച്ചിന്‍ മഞ്ഞുമല പിടിച്ചെടുക്കുന്നത്. തന്ത്രപ്രധാന മേഖലയായതിനാല്‍ത്തന്നെ കനത്ത കാവലാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.