Saturday
24 Aug 2019

ളോഹയില്‍നിന്നും പട്ടാളവേഷത്തിലേക്ക് ഫാ.ജിസിന്‍റെ അസാധാരണയാത്ര

By: Web Desk | Thursday 9 May 2019 11:48 AM IST


കൊച്ചി : ളോഹയില്‍നിന്നും പട്ടാളവേഷത്തിലേക്കുള്ള അസാധാരണ  യാത്രയാണ് ഫാദര്‍ ജിസ് ജോസിന്‍റേത്,  എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്നായിരുന്നു അച്ചന്റെ ആ​ഗ്രഹം. സേനയില്‍ മത അധ്യാപകരുടെ ഒഴിവുണ്ടെന്ന് കണ്ടപ്പോള്‍ പിന്നെ ഒട്ടും വൈകിയില്ല, ആപ്ലിക്കേഷന്‍ അയച്ചു. മെഡിക്കല്‍ പരിശോധനകളും പ്രവേശന പരീക്ഷയും അഭിമുഖവുമെല്ലാം പിന്നിട്ട ശേഷം പൂനെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇന്റ​ഗ്രേഷനില്‍ നിയമനവും ലഭിച്ചു. ഇന്ന് രോ​ഗീപരിചരണത്തിനും തടവില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാനും അച്ചന്‍ റെഡിയാണ്. സിറോമലബാര്‍സഭയില്‍നിന്നും പട്ടാളത്തില്‍ നിയമിതനായ ആദ്യ അച്ചനാകുന്നു ജിസ്. നായിബ് സുബേദാര്‍ ആണ് റാങ്ക്.

നിയോ​ഗമാണ് 32 കാരനായ ഫാദര്‍ ജിസ് ജോസിനെ കരസേനയില്‍ എത്തിച്ചത്. യുപിഎസ്സിയില്‍ നിന്നും അപേക്ഷ സൈറ്റില്‍ കണ്ടപ്പോള്‍ ഉടന്‍ അയക്കുകയായിരുന്നു. രാജ്യസേവനത്തിന് ഏറ്റവും ഉത്തമമാര്‍ഗമാണ് താന്‍ സ്വീകരിച്ചതെന്നാണ് ഫാ. ജിസിന്‍റെ അഭിപ്രായം. വിദേശരാജ്യങ്ങളില്‍  സേനയില്‍  പുരോഹിതരുടെ സേവനം പതിവാണ്.

സേനാംഗളുടെ മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായാണ് ആത്മീയതയിലേക്കു നയിക്കാനും സാന്ത്വനം പകരാനും ആകുന്ന ഒരു പറ്റം പേരെ ഇന്ത്യന്‍ സേന നിയോഗിച്ചത്.

കരസേന നിയമിച്ച 19 ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍മാരില്‍ ഒരാളായി നിയമനം ലഭിച്ചതോടെ വരുന്ന 15 വര്‍ഷക്കാലം രാജ്യത്തെ വിവിധ സൈനിക യൂണിറ്റുകളില്‍ സേവനത്തിനായി ഫാദര്‍ ജിസും ഉണ്ടാകും. സൈനികരുടെ ആധ്യാത്മിക ജീവിതത്തിന് പിന്തുണ നല്‍കുന്നതിനൊപ്പം കൗണ്‍സിലിങ് നടത്താനും അച്ചന് ചുമതലയുണ്ട്.

കോതമം​ഗലം കല്ലൂര്‍ക്കാട് സ്വദേശിയായ ഫാദര്‍ ജിസ് ജോസ് ആലുവ സെന്റ് ജോസഫ്സ് പ്രൊവിന്‍സ് അം​ഗമാണ്. 2015ലാണ് വൈദിക പട്ടം സ്വീകരിച്ചത്. കലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദവും ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്ന് ബിസിഎയും എംസിഎയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Related News