രക്തശാലി മാത്രമല്ല പരമ്പരാഗത നെല്ലിനങ്ങളായ ഞവരയും ബ്ലാക്ക് ജാസ്മിനുമെല്ലാം ഇപ്പോൾ പേരാമ്പ്രയിലെ വയലുകളിൽ വിളയുന്നുണ്ട്. ആദ്യഘട്ടത്തിൽ രണ്ടര ഏക്കറിൽ രക്തശാലിയായിരുന്നു കൃഷി ചെയ്തിരുന്നത്. രണ്ടാം ഘട്ടത്തിൽ പത്ത് ഏക്കറിൽ രക്തശാലിക്കൊപ്പം ഞവരയും ബ്ലാക്ക് ജാസ്മിനുമെല്ലാം കൃഷി ചെയ്തിട്ടുണ്ട്. കേരളത്തിൽ അന്യം നിന്നുപോകുന്നതും എന്നാൽ ഔഷധഗുണവും വിപണന സാധ്യതയുമുള്ള പരമ്പരാഗത നെല്ലിനങ്ങളുടെ ഉല്പാദനം വ്യാപിപ്പിച്ച് മുന്നോട്ട് പോവുകയാണ് പേരാമ്പ്ര ഗ്രാമപഞ്ചായത്തും കൃഷി ഭവനും.
നെല്ല് പ്രോത്സാഹനത്തിന് നിരവധി പദ്ധതികളുണ്ടെങ്കിലും പരമ്പരാഗത നെല്ലിനു മാത്രമായി ഒരു പദ്ധതി ആവിഷ്ക്കരിച്ച കേരളത്തിലെ ആദ്യ പഞ്ചായത്തായിരുന്നു പേരാമ്പ്ര. ഉല്പാദിപ്പിച്ച രക്തശാലി പേരാമ്പ്ര റൈസ് എന്ന ബ്രാന്റിൽ വിപണിയിലെത്തിക്കുകയും ചെയ്തു. തുടർന്നാണ് കൂടുതൽ കർഷകരിലേക്കും കൃഷിക്കൂട്ടങ്ങളിലേക്കും വിത്തുകൾ നൽകി കൃഷി വ്യാപിപ്പിച്ചിരിക്കുന്നത്.
ഉയർന്ന പ്രതിരോധ ശേഷിക്ക് പരമ്പരാഗത നെല്ലിനങ്ങൾ നല്ലതാണെന്ന് ശാസ്ത്രീയ പഠനങ്ങളുണ്ട്. ഈ നെല്ലിനങ്ങളുടെ വൈക്കോൽ കന്നുകാലികളുടെ പാലിന്റെ ഗുണമേന്മ വർധിപ്പിക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നു. വിപണിയിൽ 250 രൂപ മുതലാണ് വില. മറ്റ് നെല്ലിനങ്ങളെ അപേക്ഷിച്ച് ഉല്പാദന ചെലവ് കുറവാണെന്നതും ഉയർന്ന മാർക്കറ്റ് ഡിമാന്റുമെല്ലാം പ്രത്യേകതകളാണ്. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന പരമ്പരാഗത നെല്ലിനങ്ങളെ സംരക്ഷിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന തിരിച്ചറിവിലാണ് പഞ്ചായത്ത് ഭരണസമിതിയും കൃഷി ഭവനും ചേർന്ന് ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ട് പോയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് പറഞ്ഞു.
1960കളിൽ കേരളത്തിന്റെ നെല്ലുത്പാദനത്തിന്റെ 85 ശതമാനത്തിലധികവും പരമ്പരാഗത നെല്ലിനങ്ങളായിരുന്നു. എന്നാൽ ഇന്നിവ നാമാവശേഷമാണ്. ഈ സാഹചര്യത്തിലാണ് പേരാമ്പ്ര റൈസ് എന്ന പേരിൽ അരി വിപണിയിലെത്തിച്ചത്. പൂർണ ലാഭവിഹിതം കർഷകർക്ക് ലഭിക്കുകയും ചെയ്തു. ഇത് കൂടുതൽ കാര്യക്ഷമമാക്കാൻ ഒരു വിപണന കേന്ദ്രം ആരംഭിക്കാനുള്ള നടപടികൾ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു. വളരെയധികം അഭിമാനത്തോടെയാണ് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ഇത്തരമൊരു പദ്ധതിയിൽ പങ്കാളിയായതെന്ന് കർഷകനായ സജീവൻ എളയാടത്ത് പറഞ്ഞു. അരി മാത്രമല്ല മഞ്ഞൾപൊടി, കൂവപ്പൊടി, കൂൺ തുടങ്ങി പേരാമ്പ്രയുടെ ഇരുപതോളം ബ്രാൻഡുകളും പഞ്ചായത്തും കൃഷിഭവനും ചേർന്ന് വിപണിയിലെത്തിച്ചിരുന്നു. കഴിഞ്ഞ ഓണക്കാലത്ത് പേരാമ്പ്രയുടെ സ്വന്തം പേരാമ്പ്ര ഫ്ളവേഴ്സും വിപണിയിലെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.