29 March 2024, Friday

കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍; സ്വകാര്യ കമ്പനികള്‍ക്ക് കൊയ്ത്ത്

Janayugom Webdesk
തിരുവനന്തപുരം
August 4, 2022 10:59 pm

പ്രധാനമന്ത്രി നരേന്ദ്രമോഡി കൊട്ടിഘോഷിച്ച് നടപ്പാക്കിയ കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കോടികളുടെ നേട്ടമുണ്ടാക്കിയത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍. അതേസമയം പദ്ധതിയില്‍ ഉള്‍പ്പെട്ട പൊതുമേഖലാ കമ്പനികള്‍ക്ക് നഷ്ടമുണ്ടായി.
പ്രധാനമന്ത്രി ഫസൽ ഭീമ യോജനയ്ക്ക് (പിഎംഎഫ്ബിവൈ) കീഴിൽ എം പാനൽ ചെയ്ത 13 സ്വകാര്യ കമ്പനികളിൽ 10 എണ്ണവും ലാഭമുണ്ടാക്കി. രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നഷ്ടം രേഖപ്പെടുത്തി. 

2016 ൽ ആരംഭിച്ച പിഎംഎഫ്ബിവൈ, പ്രകൃതിക്ഷോഭം, കീടങ്ങൾ, രോഗങ്ങൾ എന്നിവയിലൂടെ വിളനഷ്ടമുണ്ടാകുമ്പോൾ കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷയും സാമ്പത്തിക സഹായവും നല്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ്. നടത്തിപ്പിനായി 13 സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ 18 ജനറൽ ഇൻഷുറൻസ് കമ്പനികളെയാണ് അംഗീകരിച്ചിരുന്നത്. 2016 മുതൽ 21 വരെ 10 സ്വകാര്യ കമ്പനികള്‍ 24,350 കോടി ലാഭമുണ്ടാക്കിയപ്പോള്‍ രണ്ട് പൊതുമേഖലാ കമ്പനികള്‍ക്ക് 3,344 കോടി നഷ്ടമുണ്ടായതായി കൃഷിവകുപ്പ് പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ മൊത്തം പ്രീമിയമായി 1,38,312 കോടിയാണ് ലഭിച്ചത്. ഇതില്‍ സ്വകാര്യ കമ്പനികൾക്ക് കിട്ടിയത് 69,697 കോടി. ക്ലെയിം നല്കിയതാകട്ടെ 45,317 കോടിയും. 24,350 കോടി രൂപ ലാഭം. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജനറൽ ഇൻഷുറൻസ് ഏറ്റവും ഉയർന്ന ലാഭം നേടി; 4,731 കോടി. എച്ച്ഡിഎഫ്‍സി എർഗോ 4,060 കോടിയും ഇഫ്‍കോ ടോക്കിയോ ജനറൽ ഇൻഷുറൻസ് കമ്പനി 3,704 കോടിയും നേട്ടമുണ്ടാക്കി.

സർക്കാർ സ്ഥാപനങ്ങൾക്ക് പ്രീമിയമായി 68,645 കോടി ലഭിച്ചു. 56,728 കോടിയാണ് ക്ലെയിം നല്കിയത്. ഇതില്‍ അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ (എഐസി) മാത്രം 14,934 കോടി ലാഭം നേടി. നാഷണൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എന്നിവയുടെ ലാഭം യഥാക്രമം 140 കോടിയും 187 കോടിയും മാത്രമാണ്. ന്യൂ ഇന്ത്യ അഷ്വറൻസ്, ഓറിയന്റൽ ഇൻഷുറൻസ് എന്നീ കമ്പനികള്‍ 3,344 കോടിയുടെ കനത്ത നഷ്ടം നേരിട്ടു.

ഇന്‍ഷുറന്‍സ് കമ്പനികള്‍ 15 കാർഷിക സംസ്ഥാനങ്ങളിൽ നിന്ന് 31,000 കോടി രൂപയോളം പ്രീമിയമായി സ്വീകരിച്ചു. ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിൽ നിന്നാണ്. 28 ലക്ഷം മുതൽ 50 ലക്ഷം വരെ അംഗങ്ങളുള്ള ബിഹാർ, തെലങ്കാന, ഝാർഖണ്ഡ്, അസം എന്നിവിടങ്ങളിൽ നിന്ന് 4,524 കോടി കമ്പനികൾ നേടി. പദ്ധതി പ്രകാരം, കർഷകർ ധാന്യ വിളകൾക്ക് രണ്ട് ശതമാനം, ശീതകാല വിളകൾ 1.5 ശതമാനം, ഹോർട്ടികൾച്ചർ, വാണിജ്യ വിളകൾ എന്നിവയ്ക്ക് അഞ്ച് ശതമാനം വീതം പ്രീമിയമായി അടയ്ക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ വിഹിതം 43.4 ശതമാനവും കേന്ദ്ര വിഹിതം 41.1 ശതമാനവുമാണ്.

Eng­lish Summary:In Agri­cul­tur­al Crop Insur­ance Scheme; Har­vest­ing for pri­vate companies
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.