October 3, 2022 Monday

Related news

October 3, 2022
October 2, 2022
October 2, 2022
October 1, 2022
September 30, 2022
September 30, 2022
September 29, 2022
September 29, 2022
September 29, 2022
September 28, 2022

അസമില്‍ പൗരത്വ ഭേദഗതി നിയമം ബിജെപിക്ക് വൻ തിരിച്ചടിയാകുന്നു

Janayugom Webdesk
ഗുവാഹത്തി
March 14, 2021 8:51 pm

അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പൗരത്വ ഭേദഗതി നിയമം (സിഎഎ) വന്‍ ചര്‍ച്ചാ വിഷയമാകുന്നു. സംസ്ഥാനത്തെ പ്രധാന മുന്നണികളെല്ലാം ഇപ്പോള്‍ തന്നെ സിഎഎയെ അനുകൂലിക്കുന്നവര്‍, പ്രതികൂലിക്കുന്നവര്‍ എന്നിങ്ങനെ തരംതിരിഞ്ഞുള്ള പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനം ഭരിക്കുന്ന ബിജെപിയും അവരുടെ സഖ്യ കക്ഷിയായ അസം ഗണ പരിഷതു(എജിപി) മാണ് സിഎഎയെ അനുകൂലിക്കുന്ന വിഭാഗം. പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമൊക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്), ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്) അടുത്തിടെ രൂപീകരിച്ച പ്രദേശീക പാര്‍ട്ടികളായ അസം ജാതീയ പരിഷത്ത് (എജെപി), റായ്ജോര്‍ ദള്‍ തുടങ്ങിയവരാണ് മറുപക്ഷത്തുള്ളത്. 

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇതിനോടകം തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ സിഎഎ പ്രധാന ചര്‍ച്ചാ വിഷയമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം പാസാക്കിയ 2019 ഡിസംബറിലും 2020തിന്റെ ആദ്യ മാസങ്ങളിലും വന്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനാണ് അസം സാക്ഷ്യം വഹിച്ചത്. രാഷ്ട്രീയ ഇതര സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, വ്യക്തികള്‍ തുടങ്ങി ആയിരക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങി. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ നടന്ന പൊലീസ് വെടിവയ്പ്പില്‍ സംസ്ഥാനത്ത് നാലു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഷയം ബിജെപിക്ക് വന്‍ തിരിച്ചടിയായി മാറിയേക്കും. 

ഓള്‍ അസം സ്റ്റുഡന്റസ് യൂണിയനും അസം ജാതീയതാവാദി യുവ ഛത്ര പരിഷദും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം രൂപീകരിച്ച എജെപി ഇതിനോടകം തന്നെ തെരഞ്ഞെടുപ്പില്‍ സിഎഎ പ്രധാന പ്രചാരണ വിഷയമാക്കി കഴിഞ്ഞു. സിഎഎ നടപ്പാക്കാന്‍ സമ്മതിക്കുന്നില്ലെന്നും മരിച്ചാലും അസമിനു വേണ്ടി പോരാടും എന്ന നിലപാടിലാണ് എജെപി അടക്കമുള്ള പ്രദേശിക പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം. അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്ത് പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. ബിജെപിയും ആര്‍എസ്എസും അസമിനെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് ഫെബ്രുവരിയില്‍ ശിവസാഗറില്‍ നടന്ന പൊതു റാലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. 

എന്നാല്‍ തെരഞ്ഞെടുപ്പിനിടെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ കറുത്ത അധ്യായം ജനമനസുകളില്‍ നിന്നും മായ്ച്ചു കളയാനാണ് ബിജെപിയുടെ ശ്രമിക്കുന്നത്. മിയാസിനെതിരെ ആക്രമണം അഴിച്ചുവിടുക എന്ന പ്രധാന ആയുധമാണ് സംസ്ഥാനത്ത് ഇപ്പോള്‍ ബിജെപി പയറ്റുന്നത്. അസമിലെ ബംഗാളി വംശജരായ മുസ്‌ലിം സമുദായത്തെ പരാമർശിക്കാൻ അവഹേളനപരമായി ഉപയോഗിക്കുന്ന പദമാണ് മിയാസ്. അതേസമയം സിഎഎ അസമില്‍ ഒരു ഘടകമല്ലെന്ന് ബിജെപി പറയുന്നു. എന്നാൽ വികസനരംഗത്തെ പോരായ്മകളും പാർട്ടിക്ക് തിരിച്ചടിയായി മാറുന്നുണ്ട്. മാര്‍ച്ച് 27 മുതല്‍ മൂന്ന് ഘട്ടങ്ങളിലായാണ് അസമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

ENGLISH SUMMARY:In Assam, the Cit­i­zen­ship Amend­ment Act is a major set­back for the BJP
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.