November 30, 2023 Thursday

Related news

November 28, 2023
November 13, 2023
November 13, 2023
November 9, 2023
November 8, 2023
November 4, 2023
November 3, 2023
October 29, 2023
October 23, 2023
October 13, 2023

വാഗ്ദാനപ്പെരുമഴ കുരുക്കിലാക്കി; ഡല്‍ഹിയില്‍ തലയൂരാന്‍ എഎപി

റെജി കുര്യന്‍
ന്യൂഡല്‍ഹി
May 17, 2022 8:33 pm

വാഗ്ദാന പെരുമഴയില്‍ അധികാരത്തിലേറിയ കെജ്‌രിവാള്‍ സര്‍ക്കാര്‍ ഒടുവില്‍ വാഗ്ദാനങ്ങളില്‍നിന്നും ഒളിച്ചോടുന്നു. കെജ്‌രിവാളിന്റെ റോബിന്‍ഹുഡ് നയത്തില്‍ ഡല്‍ഹിയിലെ വ്യവസായ സ്ഥാപനങ്ങള്‍ പലതും പൂട്ടിയതോടെ തൊഴിലാളികളും പെരുവഴിയിലായി.

ആപ്പിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍ മുഖ്യമായ രണ്ടെണ്ണമാണ് സൗജന്യ വൈദ്യതി, വെള്ളം എന്നിവ. ഡല്‍ഹിയില്‍ അധികാരത്തിലേറാന്‍ ആപ്പ് ഈ അടവു നയമാണ് സ്വീകരിച്ചത്. വിജയം കണ്ടതോടെ പഞ്ചാബിലും ഇതേ കാര്‍ഡിറക്കി. ഇനി നോട്ടം കേരളത്തിലേക്കാണ്. ആപ്പും ട്വന്റി ട്വന്റിയും കൈകോര്‍ത്ത വേദിയിലും ഇതേ വാഗ്ദാനങ്ങളാണ് കേരളത്തിലെ ജനങ്ങള്‍ക്കു മുന്നിലും ആപ്പ് മുന്നോട്ടു വെച്ചത്.

ഡല്‍ഹിയില്‍ പ്രതിമാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമായാണ് ആപ്പ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതിനു പുറമെ 20,000 ലിറ്റര്‍ വെള്ളം. അതേസമയം സാധാരണക്കാരന് നിശ്ചിത യൂണിറ്റ് വൈദ്യുതി സൗജന്യമാക്കിയപ്പോള്‍ വരുമാന നഷ്ടം നികത്താന്‍ വ്യവസായങ്ങള്‍ക്ക് നല്‍കിവന്ന വൈദ്യതി നിരക്കില്‍ വന്‍ വര്‍ദ്ധനയുണ്ടായി.

യൂണിറ്റിന് 7–8 രൂപയ്ക്ക് അതുവരെ ലഭിച്ചിരുന്ന വൈദ്യതിയുടെ നിരക്ക് 15–16 രൂപാ നിരക്കിലേക്ക് കുതിച്ചു. ഇതോടെ രാജ്യതലസ്ഥാനത്തെ പല വ്യവസായങ്ങളും അടച്ചുപൂട്ടി. ഇതിലൂടെയുണ്ടായ തൊഴില്‍ നഷ്ടവും അനുബന്ധ പ്രതിസന്ധികളും സംബന്ധിച്ച് കണക്ക് മറ്റൊരു ആശങ്കയായി മാറിയിട്ടുണ്ട്.

ഡല്‍ഹിയിലേക്ക് വാണിജ്യ വാഹനങ്ങള്‍ പ്രവേശിക്കുമ്പോള്‍ ഗ്രീന്‍ ടാക്‌സ് ഇനത്തില്‍ സര്‍ക്കാര്‍ നികുതി ഈടാക്കുന്നുണ്ട്. ഇത്തരത്തില്‍ ഈടാക്കുന്ന തുക ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനാണ് വിനിയോഗിക്കുന്നത്. എന്നാല്‍ ശൈത്യകാലത്തിന്റെ ആരംഭത്തില്‍ ഡല്‍ഹി ഗ്യാസ് ചേംബറായി മാറുന്ന കാഴ്ചയ്ക്ക് മാറ്റമില്ല.

വെള്ളം സൗജന്യമെന്ന് അവകാശപ്പെടുമ്പോഴും പകരം മലിനജലം കൈകാര്യം ചെയ്യുന്നതിനുള്ള ഫീസ് ബില്ലില്‍ ഉള്‍പ്പെടുത്തും. വെള്ളം സൗജന്യമാകുമ്പോള്‍ അത്രതന്നെ മലിന ജലവും ഓരോ വീടുകളിലും ഉണ്ടാകുമെന്ന കണക്കു പ്രകാരമുള്ള തുക ഈ ഇനത്തില്‍ ഈടാക്കുന്ന വളഞ്ഞവഴിയാണ് സ്വീകരിച്ചിരിക്കുന്നത്.

ബില്ല് അടയ്‌ക്കേണ്ടി വരുന്നത് പ്രതിവര്‍ഷത്തിലേക്ക് മാറിയതിനാല്‍ വന്‍തോതിലുള്ള ബില്ലാണ് ഒറ്റയടിക്ക് ഉപഭോക്താവിന് അടയ്‌ക്കേണ്ടി വരുന്നത്. വൈദ്യുതി സൗജന്യമാക്കിയ ജുഗ്ഗികളിലെ പല വീടുകളിലും ആയിരങ്ങളും പതിനായിരങ്ങളും ബില്ല് വന്നത് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ബിജെപി ആപ്പിനെതിരെ ആയുധമാക്കിയിരുന്നു.

സൗജന്യ വൈദ്യുതി എന്ന വാഗ്ദാനം ഇനി അധികകാലം തുടരാകില്ലെന്ന പുതിയ തിരിച്ചറിവിലാണ് കേജരിവാള്‍ സര്‍ക്കാര്‍. ഒക്ടോബര്‍ ഒന്നു മുതല്‍ ആവശ്യപ്പെടുന്നവര്‍ക്ക് മാത്രമായി വൈദ്യുതി സൗജന്യം ചുരുക്കുമെന്ന് കേജരിവാള്‍ വ്യക്തമാക്കിയിരുന്നു. അതായത് ഘട്ടം ഘട്ടമായി സര്‍ക്കാര്‍ ഈ സൗജന്യത്തില്‍ നിന്നും പിന്‍വലിയുമെന്ന് സാരം.

വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ ആപ്പ് സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ ഒരു പരിധിവരെയെങ്കിലും വിജയം കണ്ടെങ്കിലും പൂര്‍ണമായിട്ടില്ല. ആരോഗ്യമേഖലയില്‍ മൊഹല്ല ക്ലിനിക്കുകളുടെ ജനപ്രീതി നഷ്ടമായിട്ടുണ്ട്. ഇപ്പോള്‍ പരിശോധനകള്‍ മാത്രം. മരുന്നില്ല. അവശ്യമെങ്കില്‍ മറ്റ് ആശുപത്രികളിലേക്ക് ഫറര്‍ ചെയ്യുന്ന കേന്ദ്രങ്ങളായി മൊഹല്ല ക്ലിനിക്കുകള്‍ മാറി. പേരിനു പോലും മരുന്നൊന്നും ലഭിക്കുന്നില്ലെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും അവശ്യ മരുന്നുകള്‍ പോലും ലഭ്യമല്ല.

ഒരു മേഖലയില്‍ കിട്ടുന്ന വരുമാനം സര്‍ക്കാരിന്റെ മുഖഛായ മെച്ചപ്പെടുത്താനായി മറ്റൊരു മേഖലയിലേക്ക് മാറ്റപ്പെടുമ്പോള്‍ അര്‍ഹതയുള്ള പല മേഖലകളും അവഗണന നേരിടേണ്ടി വരും. 2020–21ല്‍ ഡല്‍ഹി സര്‍ക്കാരിന്റെ ധനകമ്മി 14,562 കോടി രൂപയായിരുന്നപ്പോള്‍ സര്‍ക്കാര്‍ പരസ്യത്തിനായി ചിലവഴിച്ചത് 293 കോടി രൂപയാണ്.

2022–23ല്‍ ധനകമ്മി 9,194 കോടിലേക്ക് താഴ്ത്തുകയാണ് ലക്ഷ്യമെന്ന് ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. അതായത് കൊട്ടിഘോഷിക്കപ്പെടുന്ന ഡല്‍ഹിയുടെ ധനസ്ഥിതി അത്രകണ്ട് മെച്ചമല്ലെന്ന് സാരം. സൗജന്യങ്ങളില്‍ നിന്നും ഡല്‍ഹി സര്‍ക്കാരിനു പിന്നോട്ടു പോയാല്‍ മാത്രമേ സാമാന്യ ജനക്ഷേമം സമഗ്രമായി നടപ്പിലാക്കാനാകൂ എന്ന് സാമ്പത്തിക വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നുണ്ട്.

Eng­lish summary;in del­hi aap promis­es are failed

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.