February 5, 2023 Sunday

പകർച്ചവ്യാധിയുടെ മുന്നിൽ പകച്ച് കാർഷിക‑ഭക്ഷ്യ വിതരണ ശൃംഖല

ഡോ.ജി എസ് ശ്രീദയ(അസിസ്റ്റന്റ് പ്രൊഫസര്‍, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി)
April 23, 2020 5:30 am

ലോകമാകെ കോവിഡ് ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ഈ വേളയിൽ കാർഷിക‑ഭക്ഷ്യ വിതരണ മേഖലയിൽ അത് ഉണ്ടാക്കികൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. ജീവനും ജീവനോപാധിയും ഒരുപോലെ ഈ പകർച്ചവ്യാധിയുടെ മുന്നിൽ പകച്ചുനിൽക്കുന്നു. ഏതു വിധേനയും ഈ മഹാവ്യാധിയുടെ പ്രത്യാഘാതങ്ങളിൽ നിന്ന് കാർഷിക‑ഭക്ഷ്യ വിതരണ ശൃംഖലകളെ സംരക്ഷിച്ചു ഈ ആരോഗ്യ പ്രതിസന്ധി ഒരു ഭക്ഷ്യ പ്രതിസന്ധിയായി പരിണമിക്കാതിരിക്കാൻ എല്ലാ ലോകരാഷ്ട്രങ്ങളും ശ്രമിക്കുന്നു.

ഇന്ത്യയിൽ മഹാമാരി പിടിപ്പെട്ട് മൂന്നാഴ്ചത്തെ ലോക്ഡൗണും പിന്നിട്ടിരിക്കുന്നു. ഈ കാലയളവിൽ ഭക്ഷ്യ ധാന്യങ്ങൾക്ക് വലുതായൊന്നും ക്ഷാമം നേരിട്ടിട്ടില്ല എന്നുള്ളതാണ് സത്യം. ജനം ഭീതിയോടെ സാധനങ്ങൾ വാരികൂട്ടിയതുമൂലം വിതരണ ശൃംഖല ഒന്നു പകച്ചതല്ലാതെ ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യം അനുഭവപ്പെട്ടിട്ടില്ല. മാത്രമല്ല, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പക്കൽ 50 ദശലക്ഷം ടൺ അരിയും, 27.5 ദശലക്ഷം ടൺ ഗോതമ്പും നാഫെഡിന്റെ പക്കൽ മൂന്ന് ദശലക്ഷം ടൺ പയറുവർഗ്ഗങ്ങളുമുണ്ട്. ഇതിൽ അരിയും ഗോതമ്പും കരുതൽ സ്റ്റോക്കിന്റെ ഏകദേശം മൂന്ന് മുതൽ നാല് ഇരട്ടി വരെ വരുന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ പ്രതീക്ഷിച്ചിരുന്ന ഈ ധാന്യ പയറുവർഗ്ഗ വിളകളുടെ അധിക വിളവ് അന്തർ സംസ്ഥാന തൊഴിലാളികളുടെ സഞ്ചാരത്തിലുള്ള നിയന്ത്രണങ്ങൾ മൂലം ലഭിക്കാൻ സാധ്യതയില്ലെങ്കിൽകൂടി, ഒരു ഭക്ഷ്യക്ഷാമം ഉണ്ടാകുകയില്ല എന്ന് വേണം കരുതാൻ. ഇനിയങ്ങോട്ട് കാര്യങ്ങൾ ഗൗരവമായി കണ്ടില്ലെങ്കിൽ സ്ഥിതിഗതികൾ എളുപ്പമാവില്ല.

സമ്പർക്കവിലക്കു കാരണം അടഞ്ഞുകിടക്കുന്ന അതിർത്തികൾ, ചരക്കുഗതാഗത നിയന്ത്രണം, ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനത്തിലും സംസ്കരണത്തിലുമുള്ള തൊഴിൽ നിയന്ത്രണങ്ങൾ, കടുത്ത സമയനിയന്ത്രണത്തോടുകൂടി പ്രവർത്തിക്കുന്ന പലചരക്കുകടകൾ, ലോറികളുടെയും ഡ്രൈവർമാരുടെയും അഭാവം എന്നിങ്ങനെ പരസ്പരപൂരിതമായി കിടക്കുന്ന ഘടകങ്ങൾ ഭക്ഷ്യ / കാർഷിക വിതരണ ശൃംഖലയെ ജാഗ്രത പുലർത്തിയില്ലെങ്കിൽ ഭാഗികമായോ പൂർണമായോ തകർക്കുവാനിടയുണ്ട്. കഴിഞ്ഞ കുറേ കാലങ്ങളായി ധാന്യവർഗ്ഗങ്ങളേക്കാൾ പഴം-പച്ചക്കറി ഉല്പാദനത്തിന് രാജ്യം കൂടുതൽ ശ്രദ്ധകൊടുത്തു വരികയായിരുന്നു. സമയബന്ധിതമായി സംഭരണവും വിതരണവും നടത്തേണ്ട ഈ ഉയർന്ന മൂല്യവിളകൾ ഈ ഘട്ടത്തിൽ വലിയ പ്രതിസന്ധി നേരിടേണ്ടിവരുന്നു. അതുകൊണ്ടുതന്നെ ധാന്യ‑പയറുവർഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പഴം-പച്ചക്കറി മേഖലകളിൽ വിലവ്യതിയാനം പ്രതീക്ഷിക്കാവുന്നതാണ്. കാർഷിക ഉല്പന്നങ്ങൾ അവശ്യവസ്തുക്കളായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അവയ്ക്കു ക്ഷാമം നേരിടില്ല.

പക്ഷേ, കൃഷിയിടങ്ങളിൽ പാലിക്കേണ്ട പ്രോട്ടോക്കോൾ, അതിഥി തൊഴിലാളികളുടെ അഭാവം എന്നിവയൊക്കെ ഉല്പാദനം കുറയ്ക്കാനിടയാകുന്നു. പകർച്ചവ്യാധിയുടെ ആദ്യഘട്ടങ്ങളിൽ കണ്ട ഭക്ഷ്യവസ്തുക്കളുടെ അധികമായുള്ള ആവശ്യകത ഇനിയും കുറയാനിടയുണ്ട്. സ്ഥിരവരുമാനം ഉറപ്പില്ലാത്ത അവസ്ഥയിൽ അധികച്ചെലവ് ഒഴിവാക്കാനാകും ശ്രദ്ധിക്കുക. അതിനോടൊപ്പം രോഗവ്യാപന ഭീഷണിയിൽ, പരമാവധി വീടുകളിൽ തന്നെ ഭക്ഷണം പാകം ചെയ്തു കഴിക്കുവാനുള്ള അവസ്ഥയിൽ, ഹോട്ടൽ മേഖല ഭീഷണിയിലാവും എന്നുറപ്പാണ്. ഇത്തരത്തിലുള്ള തിരിച്ചടികൾ ഏറ്റവുമധികം ബാധിക്കുന്നത് ചെറുകിട കർഷകർ, ചെറുകിട‑ഇടത്തരം സംരംഭകർ, മത്സ്യ‑മാംസ മേഖലയിലെ തൊഴിലാളികൾ, ക്ഷീരകർഷകർ, അസംഘടിത‑കുടിയേറ്റ തൊഴിലാളികൾ എന്നിവരൊക്കെയാണ്.

യൂറോപ്പ്, ചൈന, അമേരിക്ക മുതലായ രാജ്യങ്ങളിലേക്ക് കൂടുതലായി കയറ്റുമതി ചെയ്യുന്ന തേയില, സുഗന്ധവ്യഞ്ജനങ്ങൾ, സീഫുഡ്, അരി, മാംസം, എന്നിവയ്ക്കും തിരിച്ചടി നേരിടും. ഇവയെല്ലാം തന്നെ നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ തകിടം മറിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാനിരക്ക് 2020 ൽ വളരെയധികം കുറയുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സാധനങ്ങളുടെ/ഭക്ഷ്യവസ്തുക്കളുടെ ആവശ്യകത, വിതരണം, വിപണി എന്നീ മൂന്ന് ഘടകങ്ങളെയും ഈ മഹാമാരി ഒരുപോലെ പ്രതിസന്ധിയിലാക്കി. തുടക്കത്തിൽ നിർമ്മാണമേഖലയെ മാത്രം ബാധിച്ച ഈ മാന്ദ്യത ക്രമേണ സർവീസ് രംഗങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു.

ആഗോള ജിഡിപിയുടെ 16 ശതമാനം പ്രദാനം ചെയ്യുകയും ലോകത്തിലെ കച്ചവട ഗതാഗത ശൃംഖലയുടെ കേന്ദ്ര ബിന്ദുവുമായ ചൈനയുടെ തകർച്ച ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. കുത്തനെ ഇടിയുന്ന ഉപഭോഗം, നിക്ഷേപങ്ങൾ, കയറ്റുമതി എന്നിവയൊക്കെ സമ്പദ്ഘടനയെ തകർക്കുന്ന ഘടകങ്ങളാണ്. ഇത്തരത്തിലുള്ള പ്രതിസന്ധികളിൽ നിന്നും എങ്ങനെ കരകയറാം എന്നതിന് ഒരു ഉദാത്ത മാതൃക തന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണല്ലോ കേരള സർക്കാർ. എല്ലാ വിഭാഗക്കാരുടെയും പ്രത്യേകിച്ച് ദുർബല വിഭാഗങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, സ്കൂൾഭക്ഷണം തടസ്സം കൂടാതെ വിദ്യാർത്ഥികൾക്ക് എത്തിക്കുക, സാമൂഹിക സുരക്ഷാ പദ്ധതികൾ ദുർബല വിഭാഗങ്ങളിൽ എത്തുന്നു എന്ന് ഉറപ്പുവരുത്തുക, കമ്മ്യൂണിറ്റി കിച്ചൻ, അർഹരായവർക്ക് ചില നികുതിയിളവുകൾ പ്രഖ്യാപിക്കുക, അതുപോലെ ചെറുകിടകർഷകർ, മത്സ്യത്തൊഴിലാളികൾ, ചെറുകിട‑ഇടത്തരം സംരംഭകർ, അസംഘടിത തൊഴിലാളികൾ, ഇവർക്കുവേണ്ടി ചെറിയ ഗ്രാന്റ് അനുവദിക്കുക, ക്ഷേമപെൻഷനുകൾ മുൻകൂറായി വിതരണം ചെയ്യുക, വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പൊതുവിതരണ ശൃംഖലകൾ, ചരക്കുഗതാഗതം സുഗമമായി നടക്കുന്നതിനു തടസ്സമുള്ള ഏതു സംഭവങ്ങളിലും അടിയന്തരമായി ഇടപെടുക, ഭക്ഷ്യവസ്തുക്കളുടെ പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നീ ദുരുപയോഗങ്ങൾ തടയുക എന്നിങ്ങനെ കേരള സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്ന പല പദ്ധതികളും മറ്റു സർക്കാരുകൾക്ക് മാതൃകയാക്കാവുന്നതാണ്.

കാർഷികമേഖലയിലും സർക്കാരിന്റെ ഇടപെടലുകൾ ശ്ലാഘനീയമാണ്. തൊഴിലാളിക്ഷാമം മൂലം ബുദ്ധിമുട്ടിലായ പ്രദേശങ്ങളിൽ ഹോർട്ടികോർപ്പ്, സപ്ലൈകോ എന്നിവവഴി സർക്കാർ തന്നെ സംഭരണ‑വിതരണത്തിൽ ശക്തമായ ഇടപെടലുകൾ നടത്തിയിരിക്കുന്നു. സന്ദർഭത്തിനൊത്തുയർന്നുകൊണ്ട് കൃഷി ഓഫീസർമാരുടെ സംഘടന നടത്തിയ “പൈനാപ്പിൾ ചലഞ്ച്” സർക്കാർ ഉദ്യോഗസ്ഥർക്കൊക്കെ മാതൃകയാണ്. കോവിഡ് 19 എന്ന പകർച്ചവ്യാധി നമ്മെ പഠിപ്പിക്കുന്ന മറ്റൊരു പ്രധാന കാര്യമാണ് ‘ഭക്ഷ്യദേശിയത’ അഥവാ ‘ഫുഡ് നാഷണലിസം’. കയറ്റുമതി ഇറക്കുമതി നയങ്ങളിൽ വ്യതിയാനം വരുത്തിക്കൊണ്ട് രാജ്യങ്ങൾ മാത്രമല്ല സംസ്ഥാനങ്ങളും ഒരു പരിധിവരെ സാധനങ്ങൾ കയറ്റിയയ്ക്കുന്നതു ചുരുക്കുന്നതോടുകൂടി കേരളത്തെപ്പോലുള്ള ഒരു ഉപഭോകൃത സംസ്ഥാനം തികച്ചും വെട്ടിലാകും. അതിനാൽ തന്നെ നമുക്കുചുറ്റും ലഭ്യമായ സ്ഥലത്തു പരമാവധി കൃഷി ചെയ്യുക എന്നത് ഓരോ പൗരന്റെയും കടമ മാത്രമല്ല ഇത്തരത്തിൽ മികച്ച പ്രവർത്തനം നടത്തുന്ന സർക്കാരുകളോടുള്ള ഉത്തരവാദിത്തം കൂടിയാണ്.

ENGLISH SUMMARY: In front of the epi­dem­ic Agri-food sup­ply chain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.