Janayugom Online
Iraqi Communist Party candidate, Suhad al-Khatib wins a parliament seat

ഇറാഖിൽ കമ്മ്യൂണിസ്റ്റ് വനിതയുടെ വെന്നിക്കൊടി

Web Desk
Posted on May 23, 2018, 9:55 pm

സുഹദ് അൽ ഖതീബ്

ബാഗ്ദാദ്: ഇപ്പോൾ ഇറാഖിൽ കമ്മ്യൂണിസ്റ്റുകാർ പുതിയ ചരിത്രം രചിക്കുന്നു.  ഷിയാ ഇസ്ലാമിക ദൈവശാസ്ത്രത്തിന്റെ പുരാതന ഈറ്റില്ലമായ നജഫിലെ പാർലമെന്റ് സീറ്റിൽ ഇതാദ്യമായി ഒരു കമ്മ്യൂണിസ്റ്റ് വനിത വിജയിച്ചു വന്നു, ഇറാഖി  കമ്മ്യൂണിസ്റ്റ് പാർട്ടി (ഐ സി പി)യുടെ സുഹദ് അൽ ഖതീബ്.

ഐ സി പി സഖ്യത്തിലേർപ്പെട്ട സെയിറൂൺ സഖ്യത്തിനാണ് ഇറാഖിൽ തെരെഞ്ഞെടുപ്പ് വിജയം നേടാൻ കഴിഞ്ഞത്. ഷിയാ മതപണ്ഡിതൻ  മുഖ്‌തദ അൽ സദറിനെ പിന്തുണക്കുന്നവരും ഇറാഖി  റിപ്പബ്ലിക്കൻ പാർട്ടിയും ചേർന്ന മുന്നണിക്കു സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 90 ദിവസത്തിനുള്ളിൽ സർക്കാർ രൂപീകരിക്കണം.

ഇതാദ്യമായാണ് സുഹദ് അൽ ഖതീബ് പാർലമെന്റിലേക്ക് മത്സരിക്കുന്നത്. അധ്യാപികയും, ദാരിദ്ര്യത്തിനെതിരെയുള്ള ആക്ടിവിസ്റ്റും വനിതാ ആക്ടിവിസ്റ്റും ആയ ഖതീബ് പറയുന്നു: “ഞാൻ 2014 ൽ മത്സരിച്ചില്ലെങ്കിലും നജഫിലെ എല്ലാ ജനങ്ങളെയും ഞങ്ങൾ കൂട്ടമായി ചെന്ന് കണ്ടിരുന്നു. അവരുടെ പ്രശ്നങ്ങൾ കേട്ടു, ചേരികളിലും പാവപ്പെട്ട ചുറ്റുവട്ടങ്ങളിലും ഉള്ള അവരെ സഹായിക്കാൻ നോക്കി.”

സെയിറൂൺ സഖ്യത്തിന്റെ ടിക്കറ്റിൽ മത്സരിക്കാൻ തന്റെ വിദ്യാർത്ഥികളും സഹപ്രവർത്തകരും നിര്ബന്ധിക്കുകയായിരുന്നുവെന്നു ഖതീബ്. “ജനങ്ങൾ എന്റെ അടുത്തു വന്നു, രാഷ്ട്രീയക്കാർ എങ്ങനെ ഉണ്ടാകണമെന്ന ഒരു റോൾ മോഡൽ ആയാണ് അവർ എന്നെ കണ്ടത്. ഒരു സ്കൂൾ നടത്തുന്ന ചെറിയ ദൗത്യം പോലെ, വിജയകരമായി രാജ്യവും നടത്താം” ഖതീബ് പ്രത്യാശയോടെ പറഞ്ഞു.

ഇറാൻ ഇറാഖിൽ കൈകടത്തുന്നതിനെതിരെ ഉണ്ടാക്കിയ ഈ സഖ്യം രാജ്യത്തെ പുതിയ രാഷ്ട്രീയ നിലപാടിന്റെ പ്രതിഫലനമാണ്. യാഥാസ്ഥിതിക സാഡ്രിസ്റ് വിഭാഗവും മതേതര കമ്മ്യൂണിസ്റ്റുകളും എങ്ങനെ ചേരുമെന്ന് കുറേ വര്ഷം മുമ്പ്  ആർക്കും ചിന്തിക്കാൻ കഴിയില്ലായിരുന്നു.

ഇരുവർക്കും തമ്മിൽ യോജിക്കാവുന്ന മേഖലകളിൽ — തൊഴിലില്ലായ്മക്കെതിരെ, അഴിമതിക്കെതിരെ, ഇറാൻ ഇവിടെ അധിവേഷം നടത്താൻ ശ്രമിക്കുന്നതിനെതിരെ — ഞങ്ങൾ യോജിപ്പുണ്ടാക്കി, ഐ സി പി ജനറൽ സെക്രട്ടറി റയിദ് ജഹിദ് ഫഹ്‌മി പറഞ്ഞു. മതേതരത്വം, വനിതാ അവകാശങ്ങൾ എന്നിങ്ങനെയുള്ള  എതിർപ്പുള്ള കാര്യങ്ങളിൽ ശ്രദ്ധ ഊന്നാതെ. ഞങ്ങൾ രണ്ടു കൂട്ടരുടെയും സാമൂഹ്യ അടിത്തറ ഏതാണ്ട് സമാനമാണ്, അദ്ദേഹം പറഞ്ഞു.