October 3, 2022 Monday

കോവിഡിന്റെ മറവിൽ കേന്ദ്ര സർക്കാർ കടുംവെട്ട് തുടരുന്നു

സി ദിവാകരന്‍
July 28, 2020 3:30 am

കോവിഡിന്റെ കാലത്ത് സമ്പൂർണ ലോക്ഡൗൺ മാത്രമല്ല, സമ്പൂർണ സ്വകാര്യവൽക്കരണവുമായി കേന്ദ്രസർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ ഒന്നൊന്നായി വില്പന നടത്തുന്നു. നരേന്ദ്ര മോഡിയുടെ രണ്ടാം ഊഴം ശാപമായി മാറുകയാണ്. സർക്കാരിന്റെ ജനദ്രോഹ നടപടികൾ നിർവിഘ്നം തുടരുന്നു. തനിക്ക് ഭൂരിപക്ഷം ഉണ്ടെന്നും ലോകത്താകെ ഏഴു കോടിയിൽപ്പരം അനുയായികൾ സോഷ്യൽ മീഡിയയിലുണ്ടെന്നും തന്റെ നെഞ്ചിന് 56” വീതിയുണ്ടെന്നും അവകാശപ്പെട്ട് ജനങ്ങളുടെ നേർക്ക് മോഡി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ നയങ്ങളെ ചെറുത്തുതോല്പിക്കാൻ ഇന്ത്യയിലെ തൊഴിലാളി-കർഷക–ബഹുജന വിഭാഗങ്ങൾ ഇതിനകം നിരവധി ദേശീയ സമരങ്ങൾക്ക് നേതൃത്വം കൊടുത്തു രംഗത്തെത്തി. രോഷാകുലരായ തൊഴിലാളികൾ രാജ്യത്തെപ്പിടിച്ചു കുലുക്കിയ ദേശീയ പണിമുടക്കിൽ ഏർപ്പെട്ടു. തൊഴിലാളികളുടെയും കർഷകരുടെയും പടുകൂറ്റൻ പ്രതിഷേധ റാലികളും മാർച്ചുകളും നടന്നു. തലതിരിഞ്ഞ വിദ്യാഭ്യാസ നയത്തിനും അതിരൂക്ഷമായ തൊഴിലില്ലായ്മയ്ക്കും എതിരെ രോഷാകുലരായ യുവജന വിദ്യാർത്ഥി വിഭാഗങ്ങൾ തെരുവിലിറങ്ങി. എല്ലാ ജനകീയ സമരങ്ങളെയും മോഡീഭരണകൂടം അവഗണിക്കുകയാണ്.

രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ അരങ്ങേറുന്നു. രാജ്യത്തെ തൊഴിലില്ലായ്മ കഴിഞ്ഞ മൂന്നര ദശാബ്ദക്കാലത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്കിലായെന്ന് ഔദ്യോഗിക കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. അസംഘടിത മേഖലയിൽ മാത്രം 10 കോടി തൊഴിൽരഹിതരായിക്കഴിയുന്നു. സാമ്പത്തിക വളർച്ച മുരടിച്ചു. സാമ്പത്തിക രംഗം കൊടുംകുറ്റവാളികളും നികുതി വെട്ടിപ്പുകാരും കയ്യടക്കി കഴിഞ്ഞു. അഞ്ചു ലക്ഷം കോടി രൂപയുടെ നികുതി സൗജന്യങ്ങൾ കുത്തകകൾക്ക് അനുവദിച്ചു. ദേശസാൽക്കരിച്ച ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത കുത്തകൾ, എട്ടു ലക്ഷം കോടി രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്. വിജയ്മല്യമാരും നീരവ് മോഡിമാരും പൊതുപണം കൊള്ളയടിച്ച് വിദേശങ്ങളിൽ ആർഭാട ജീവിതം നയിക്കുന്നു.

ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് നടപ്പിലാക്കിയ മോഡിയുടെ എല്ലാ സാമ്പത്തിക പരിഷ്കാരങ്ങളും ദാരുണമാം വിധം പരാജയപ്പെട്ടു. കള്ളപ്പണം കണ്ടുകെട്ടാൻ മോഡി സർക്കാർ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിച്ചു. അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും സാമ്പത്തിക മുരടിപ്പുമായിരുന്നു ഫലം. വിദേശത്ത് നിക്ഷേപം നടത്തിയ ഇന്ത്യാക്കാരുടെ കള്ളപ്പണം പിടിച്ചെടുത്ത് ഇന്ത്യയിലെ പാവപ്പെട്ടവർക്ക് വിതരണം ചെയ്യുമെന്ന് വീമ്പിളക്കിയെങ്കിലും ഒന്നും നടന്നില്ല. ഒരു രാജ്യം ഒരു നികുതി എന്ന പേരിൽ ജിഎസ്‌ടി നടപ്പിലാക്കി. ഇന്ത്യയിലെ നികുതി സമ്പ്രദായം പാടെ തകർന്നു. ഒരു രാജ്യത്തെ നികുതി സംവിധാനം തകർന്നാൽ ഉണ്ടാകുന്ന ദുരന്തങ്ങൾ ഇപ്പോൾ ജനങ്ങൾ നേരിടുകയാണ്.

കേന്ദ്രസർക്കാരും നരേന്ദ്ര മോഡിയും കടുത്ത ജനദ്രോഹ നടപടികളുടെ പെരുമഴ സൃഷ്ടിക്കുകയാണ്. തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിന്റെ പേരിൽ ശതകോടികൾ സംഭരിച്ച് രാമക്ഷേത്രം പണി പൂർത്തിയാക്കുന്ന തിരക്കിൽ നരേന്ദ്രമോഡി ഏർപ്പെടുമ്പോൾ രാജ്യം കോവിഡ് മഹാമാരിയുടെ ഫലമായി ശവപ്പറമ്പായി മാറുന്നു. ജനങ്ങളുടെ ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും പരിഹരിക്കാനുള്ള ജനകീയ ആവശ്യങ്ങൾ ഉയരുമ്പോൾ മോഡി അതീവ കൗശലത്തോടെ ചൈനീസ് കയ്യേറ്റത്തിന്റെയും പാകിസ്ഥാൻ ആക്രമണത്തിന്റെയും ജവാന്മാരുടെ ജീവത്യാഗത്തിന്റെയും ധീരതയുടെയും പേരിൽ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്നു. രാജ്യം ആപൽക്കരമായ സ്ഥിതിഗതികൾ നേരിടുമ്പോൾ ഇന്ത്യയിലെ ജനങ്ങൾ പടുത്തുയർത്തിയതും സമ്പദ്ഘടനയുടെ നെടുംതൂണുകളുമായ പൊതുമേഖല സ്ഥാപനങ്ങൾ പൂർണമായി വില്ക്കുകയോ, ഓഹരി കച്ചവടം നടത്തുകയോ ചെയ്തുകൊണ്ട് നമ്മുടെ സമ്പത്ത് കൊള്ളയടിക്കപ്പെടുന്നു.

ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ അടിസ്ഥാന ശിലയാണ് പ്രകൃതിദത്തമായ ധാതുലവണ നിക്ഷേപം. ഇന്ത്യയുടെ ഏറ്റവും സമ്പന്നമായ ഒരു മേഖലയാണ് കൽക്കരിഖനികളുടെ പ്രദേശം. പ്രത്യേകിച്ച് ആന്ധ്ര, ഒഡിഷ, ഝാർഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കൽക്കരിഖനികൾ രാജ്യത്തിന്റെ പൊതുസമ്പത്തായി പരിഗണിക്കുന്നു. സ്വാതന്ത്ര്യാനന്തരം ഇത്തരം തന്ത്രപ്രധാനമായ മേഖലകളിൽ സ്ഥിതിചെയ്യുന്ന ധാതുലവണ നിക്ഷേപങ്ങൾ രാജ്യത്തിന്റെ പൊതുമേഖലയിൽ സംരക്ഷിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഫലമായി രൂപീകരിക്കപ്പെട്ട പൊതുമേഖലാ സ്ഥാപനമാണ് ‘കോൾ ഇന്ത്യാ ലിമിറ്റഡ്’, കേന്ദ്ര സർക്കാരിന്റെയും ആന്ധ്രാ സർക്കാരിന്റെയും സംയുക്ത പങ്കാളിത്തമുള്ള സിംഗരേണി കൽക്കരിഖനികളുടെ കമ്പനി എന്നിവ. ഈ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള 41 ഖനികൾ പൂർണ്ണമായും സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുത്തുകൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോഡി ജൂൺ 18‑ന് വീഡിയോ കോൺഫറൻസ് വഴി നടത്തി.

ഖനികൾ മാത്രമല്ല, കോൾ ഇന്ത്യ ലിമിറ്റഡിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള “സെൻട്രൽ മൈൻ പ്ലാനിംഗ് ആന്റ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് സേവനങ്ങൾ സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ പ്രഖാപിച്ചു. വീഡിയോ വഴി പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം വിചിത്രമായിരുന്നു. “ദീർഘനാളുകളായി ലോക്ഡൗണിലായിരുന്ന ഖനികൾക്ക് ഞാൻ മോചനം നൽകുന്നു” എന്നായിരുന്നു അത്. സർക്കാരിന്റെ നടപടികളെ ചെറുക്കാൻ ഈ മേഖലയിൽ പണിഎടുക്കുന്ന അഞ്ചര ലക്ഷം ഖനിത്തൊഴിലാളികൾ പണിമുടക്കി. പണിമുടക്കം മൂന്നു ദിവസം നീണ്ടുനിന്നു. 2020 ജൂലൈ രണ്ടിന് തുടങ്ങിയ പണിമുടക്കം ജൂലൈ അഞ്ചിന് അവസാനിച്ചു. ഇന്ത്യയിലെ പ്രമുഖ കേന്ദ്ര ട്രേഡ് യൂണിയനുകളായ എഐടിയുസി, ഐഎൻടിയുസി, സിഐടിയു, എച്ച്എംഎസ്, ട്രേഡ് യൂണിയൻ കോ ഓർഡിനേഷൻ, ആർഎസ്എസ് നേതൃത്വം നൽകുന്ന ഭാരതീയ മസ്ദൂർ സംഘ് എന്നിവ പണിമുടക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഖനി മേഖലയിലെ തൊഴിലാളികളുടെ അഞ്ച് ഫെഡറേഷനുകളും പണിമുടക്കത്തിൽ സജീവ പങ്കാളികളായി. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ തൊഴിലാളികൾ മാത്രമല്ല ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ എന്നീ സംസ്ഥാന സർക്കാരുകളും പ്രതിഷേധവുമായി രംഗത്ത് എത്തി.

രാജ്യത്തിന്റെ അമൂല്യ നിക്ഷേപമായ ഖനികൾ കൊള്ളയടിക്കാനുള്ള ലേല നടപടികൾ പോലും സർക്കാർ ഉദാരമാക്കി. ഈ പ്രക്രിയയിൽ ആർക്കും പങ്കെടുക്കാം മുൻകാല പരിചയം പോലും ആവശ്യമില്ല. ഇന്ത്യയിലെ ഖനികൾ ഖനനം നടത്താനുള്ള സ്വാതന്ത്ര്യം സ്വകാര്യ കമ്പനികൾക്ക് അനുവദിച്ചുകൊണ്ടുള്ള നടപടികൾ 2019 മുതൽ ആരംഭിച്ചെങ്കിലും തൊഴിലാളികളുടെ അതിശക്തമായ ചെറുത്തുനില്പു കാരണം നീണ്ടുപോയി. രാജ്യവും ജനങ്ങളും കോവിഡ് മഹാമാരിയുടെ ദുരിതത്തിൽ നട്ടം തിരിയുന്ന അവസരം മോഡി സർക്കാരിന് എല്ലാം സ്വകാര്യവൽക്കരിക്കാൻ സുവർണാവസരമായി മാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.