May 27, 2023 Saturday

Related news

May 27, 2023
May 26, 2023
May 25, 2023
May 25, 2023
May 21, 2023
May 18, 2023
May 18, 2023
May 17, 2023
May 17, 2023
May 15, 2023

ഝാർഖണ്ഡ് തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന് വൻ ഭൂരിപക്ഷം, തകർന്നടിഞ്ഞ് ബിജെപി

Janayugom Webdesk
December 23, 2019 10:33 pm

റാഞ്ചി: രാജ്യത്ത് രാഷ്ട്രീയ വ്യതിയാനം വ്യക്തമാക്കി ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ മഹാസഖ്യത്തിന് വൻ ഭൂരിപക്ഷം. ആകെയുള്ള 81 സീറ്റുകളിൽ 47 എണ്ണത്തിൽ ഭൂരിപക്ഷം ഉറപ്പിച്ചാണ് കോൺഗ്രസ്- ഝാർഖണ്ഡ് മുക്തിമോർച്ച ( ജെഎംഎം) — രാഷ്ട്രീയ ജനതാദൾ സഖ്യം അധികാരത്തിൽ എത്തുന്നത്. ജെഎംഎം നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് നേതൃത്വം ഇതിനകം അറിയിച്ചിട്ടുണ്ട്. അന്തിമ ഫലം വരുന്നതോടെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശം ഉന്നയിക്കാനാണ് തീരുമാനമെന്ന് ഹേമന്ത് സോറൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പരാജയം ഉൾക്കൊണ്ട് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ രഘുബർദാസ് ഇന്നലെ രാത്രിയോടെ ഗവർണറെ കണ്ട് രാജി സമർപ്പിച്ചു. ബിജെപിക്ക് 25 സീറ്റുകൾ മാത്രമാണ് നേടാനായത്. എൻഡിഎ സഖ്യകക്ഷിയായിരുന്ന എജെഎസ് യു മൂന്ന് സീറ്റുകളിൽ വിജയിച്ചു.

മറ്റുള്ളവർ ആറ് സീറ്റുകളിലാണ് വിജയിച്ചത്. മുഖ്യമന്ത്രിയായ രഘുബർദാസ് ഉൾപ്പെടെ ബിജെപിയുടെ ഭൂരിഭാഗം പ്രമുഖരും പരാജയപ്പെട്ടു. ഈസ്റ്റ് ജംഷഡ്പൂർ മണ്ഡലത്തിലാണ് രഘുബർദാസ് പരാജയപ്പെട്ടത്. 2018 മുതൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പതനമാണ് സൂചിപ്പിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, പൗരത്വ ഭേദഗതി ബിൽ, രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക മാന്ദ്യം എന്നീ മോഡി സർക്കാരിന്റെ തീരുമാനങ്ങളാണ് ബിജെപിയുടെ തകർച്ചയ്ക്ക് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഝാർഖണ്ഡിലെ ആദിവാസി മേഖലകളിലാണ് ബിജെപി തകർന്നടിഞ്ഞത്. സംസ്ഥാനത്ത് രൂക്ഷമായ തൊഴിലില്ലായ്മയിൽ യുവാക്കൾ ശക്തമായി പ്രതിഷേധിച്ചെങ്കിലും ഗൗരവത്തിലെടുക്കാൻ ബിജെപി നേതൃത്വം തയ്യാറായില്ല. ഇത് പരാജയത്തിന്റെ ആക്കം കൂട്ടി. അടുത്തു നടക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത പരാജയമാകും ബിജെപിയെ കാത്തിരിക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

you may also like this video…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.