കര്‍ണാടകയില്‍ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും, ഉപമുഖ്യമന്ത്രിയും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനുമായ ഡി കെ ശിവകുമാറും തമ്മിലുള്ള ശീത സമരമാണ് രൂക്ഷമാകുന്നത്.മുഖ്യമന്ത്രിസ്ഥാനം പങ്കിടാന്‍ കരാറുണ്ടെന്ന് ശിവകുമാര്‍ പറയുന്നു.എന്നാല്‍ അതിനുള്ള മുഖ്യമന്ത്രി സിദ്ധരാമയയ്യുടെ മറുപടിയാണ് ഇപ്പോള്‍ സജീവ ചര്‍ച്ചായയിരിക്കുന്നു. ഈ ആഴ്ച ആദ്യം ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രിയാകാനുള്ള തന്റെ ഊഴത്തിനായി കാത്തിരിക്കുകയാണെന്ന് ശിവകുമാര്‍ പറഞ്ഞിരുന്നു. ഈ പാര്‍ട്ടിയെ ഐക്യത്തോടെ നിലനിര്‍ത്തിയ ഗാന്ധി കുടുംബത്തോട് എനിക്ക് സ്‌നേഹമുണ്ട്.
വിശ്വസ്തതയ്ക്ക് മുന്നില്‍ ഞാന്‍ തല കുനിക്കും. വിശ്വസ്തത ഒരു ദിവസം റോയല്‍റ്റി നല്‍കുമെന്ന് എനിക്ക് തോന്നുന്നു. ഞാന്‍ ഇപ്പോഴും അതിനായി കാത്തിരിക്കുകയാണ്. ഞങ്ങള്‍ക്ക് ചില ധാരണകളൊക്കെയുണ്ട്. അത് മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,എന്നായിരുന്നു ശിവകുമാര്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഇത് സംബന്ധിച്ച ചോദ്യത്തോട് ഒരു കരാറുമില്ല എന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. എന്നിരുന്നാലും ഹൈക്കമാന്‍ഡ് എന്ത് തീരുമാനിച്ചാലും തങ്ങള്‍ അതിന് അനുസരിച്ച് പോകും എന്നും സിദ്ധരാമയ്യ മാണ്ഡ്യയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും ജയം നേടിയാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തില്‍ തിരിച്ചെത്തിയത്.എന്നാല്‍ തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു.
ഒടുവില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുകയും ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കുകയുമായിരുന്നു. അന്ന് തൊട്ടെ സിദ്ധരാമയ്യയും ശിവകുമാറും അധികാരം പങ്കിടല്‍ കരാര്‍ ഉണ്ടാക്കിയതായി ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു.രണ്ടര വര്‍ഷത്തേക്ക് സിദ്ധരാമയ്യയും ബാക്കി ടേമില്‍ ശിവകുമാറും എന്നതാണ് ധാരണ എന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ മുഖ്യമന്ത്രി 2025–26 ബജറ്റ് അവതരിപ്പിച്ചതിന് ശേഷം അധികാര കൈമാറ്റം നടക്കുമെന്നും ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. അതിനിടെ സിദ്ധരാമയ്യയുടെ പ്രതികരണത്തിന് മറുപടിയുമായി ഡി കെ ശിവകുമാറും രംഗത്തെത്തി.
മുഖ്യമന്ത്രി പറഞ്ഞുകഴിഞ്ഞാല്‍, അതില്‍ എതിര്‍പ്പില്ല. മുഖ്യമന്ത്രി പറയുന്നത് അന്തിമമാണ്, എതിര്‍പ്പുകളില്ല. ഞാന്‍ എപ്പോഴും ആ കസേരയോട് വിശ്വാസ്യതയും കൂറും ഉള്ളവനാണ്. ഞാന്‍ പാര്‍ട്ടിയോട് വിശ്വസ്തനാണ്. മുഖ്യമന്ത്രി ഇതില്‍ മറുപടി പറഞ്ഞു കഴിഞ്ഞു.. ഇനി കൂടുതല്‍ ചോദ്യങ്ങളോ ചര്‍ച്ചകളോ ഇല്ല,എന്നായിരുന്നു ശിവകുമാര്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ 224 അംഗ നിയമസഭയില്‍ 135 സീറ്റിലും വിജയിച്ചാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചത്. തുടര്‍ഭരണം മോഹിച്ചെത്തിയ ബിജെപി 66 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ ജെഡിഎസ് 19 സീറ്റില്‍ മാത്രമാണ് വിജയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.