സമ്പൂര്‍ണ ആധിപത്യം ഉറപ്പിച്ച് വീണ്ടും എല്‍ഡിഎഫിന്റെ ചുവന്നപൂക്കള്‍ കേരള മണ്ണില്‍ വിരിഞ്ഞു. വലതിന്റെ ഉള്‍പ്പെടെയുള്ള കോട്ടകള്‍ കൂടി തകര്‍ത്താണ് ഇടതുപക്ഷം യുഡിഎഫിനെ തച്ചുടച്ചത്. പ്രതീക്ഷിച്ച മണ്ഡലങ്ങള്കൂടിയായ നേമവും കഴക്കൂട്ടവുംകൂടി കൈവിട്ടതോടെ കേരളത്തില്‍ ഇനി ഒരു ഉയര്‍ത്ത് എണീപ്പുണ്ടാകില്ലെന്ന് ബിജെപിയ്ക്കും വ്യക്തമായെന്നുറപ്പ്.
സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ചമച്ച പ്രതിപക്ഷത്തിന്റെ ശ്രമങ്ങളെല്ലാം പാഴാക്കിയാണ് മന്ത്രിമാര്‍ കെ കെ ശൈലജ, ടി പി രാമകൃഷ്ണന് ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ജയിച്ചുകയറിയത്.
വളരെ ആത്മവിശ്വാസത്തോടുകൂടി മത്സരരംഗത്ത് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ കോട്ട തകര്‍ന്നതോടെ എവിടെപ്പോയി ഒളിക്കുമെന്നുള്ള അവസ്ഥയിലാണിപ്പോള്‍. അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷം ഭരണതുടര്‍ച്ചക്ക് വേണ്ട കാര്യങ്ങളൊന്നും ഇടത് സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നാണ് യു ഡി എഫ് വിശ്വസിക്കുന്നതെന്നും അത് ജനങ്ങളോട് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുവെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നു. ജനവിധി അംഗീകരിക്കുമെന്നും തോല്‍വിയുടെ കാരണം അന്വേഷിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
വിശ്വാസം മുതലെടുത്ത് വോട്ട് പിടിക്കാമെന്ന് കരുതിയ ബിജെപിയുടെ തന്ത്രങ്ങള്‍ക്കും കനത്ത തിരിച്ചടിയാണ് ജനങ്ങള്‍ നല്‍കിയത്. നാണംകെട്ട ഇരട്ട തോല്‍വിയുടെ ഭാരമാണ് വരും വര്‍ഷങ്ങളില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വേട്ടയാടുക.
മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും സംസ്ഥാന അധ്യക്ഷന്‍കൂടിയായ കെ സുരേന്ദ്രന് തോറ്റത് കേരളത്തില്‍ താമര വേരുപിടിക്കില്ലെന്നുള്ളതിന് ഉത്തമ ഉദാഹരണമായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.
മഞ്ചേശ്വരത്തും കോന്നിയിലുമാണ് സുരേന്ദ്രന് തോറ്റത്. മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്റഫിനോടും കോന്നിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ യു ജനീഷ്കുമാരിനോടുമാണ് കെ സുരേന്ദ്രന് തോറ്റത്.
കോന്നിയില്‍ 59,641 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജനീഷ് കുമാര്‍ വിജയിച്ചത് മതം പറഞ്ഞുള്ള സുരേന്ദ്രന്റെ നാണംകെട്ട കുതന്ത്രങ്ങള്‍ ഇവിടുത്തെ ജനങ്ങള്‍ വിലയ്ക്കെടുത്തിട്ടില്ലെന്നതിന് തെളിവാണ്.കോന്നിയില്‍ മൂന്നാം സ്ഥാനമാണ് സുരേന്ദ്രന്.
മഞ്ചേശ്വരത്ത് 1000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എ കെ എം അഷ്റഫ് വിജയിച്ചത്. മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് മത്സരിക്കുന്ന മഞ്ചേശ്വരത്ത് ഇത്തവണ വിജയം കൈപിടിയിലാക്കാമെന്നായിരുന്നു ബി ജെ പി കണക്കുകൂട്ടിയത്. കഴിഞ്ഞ തവണ 89 വോട്ടിനാണ് കെ സുരേന്ദ്രന് മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. 2011ലും, 2016ലും, ഏറ്റവും ഒടുവില്‍ 2019ലെ ഉപതെരഞ്ഞെടുപ്പിലും സി പി ഐ എമ്മിന് മൂന്നാം സ്ഥാനമാണ് മഞ്ചേശ്വരത്ത് നേടാനായിരുന്നത്.
കഴക്കൂട്ടത്തെ സ്ഥിതിയും വ്യത്യസ്തമല്ല. ശോഭ സുരേന്ദ്രന് ചിത്രത്തില്‍ പോലും പെടുത്താനാകാത്ത വിധം ദയനീയ തോല്‍വിയാണ് കഴക്കൂട്ടത്ത് നേരിടേണ്ടി വന്നത്. 20100 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എല്‍ ഡി എഫിന്റെ കടകംപള്ളി സുരേന്ദ്രന് ആണ് മുന്നില്‍. ചോദിച്ചുവാങ്ങിയ സീറ്റില്‍പ്പോലും വിജയം കരസ്ഥമാക്കാന്‍ ശോഭാ സുരേന്ദ്രനും കഴിഞ്ഞില്ല.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ച വി മുരളീധരനെതിരെ കേന്ദ്ര നേതൃത്വത്തെ സമീപിച്ച് പ്രശ്നം വഷളാക്കുകയും പാര്‍ട്ടിക്കുള്ളില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തെല്ലാമാണ് ശോഭാ സുരേന്ദ്രന് ഇത്തവണ മത്സരരംഗത്തിറങ്ങിയത്. അതേസമയം പാര്‍ട്ടിക്കുള്ളിലെ കലഹം നാട്ടിലെങ്ങും പാട്ടായത് ബിജെപിയ്ക്ക് കഴക്കൂട്ടത്ത് സീറ്റ് നഷ്ടപ്പെടാന്‍ കാരണമായെന്നാണ് വിലയിരുത്തലുകള്‍. ശബരിമല വിഷയം മുന്‍നിര്‍ത്തി വോട്ട് പിടിക്കാമെന്നുതന്നെയായിരുന്നു ശോഭാ സുരേന്ദ്രന്റെയും ഉള്ളിരിപ്പ്. അതേസമയം ഇന്ധന വില വര്‍ധനവ്, പാചക വാതക വില വര്‍ധനവ് തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രത്തിന്റെ നിലപാട് ബിജെപിക്കെതിരെ തരംഗം സൃഷ്ടിക്കുന്നതിന് കാരണമായി.
സ്ഥാനാര്‍ത്ഥി നിര്‍ണയം, പ്രചാരണം മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഇടതുപക്ഷത്തിനൊപ്പം നില്ക്കാന് ഇരു മുന്നണിക്കുമായില്ല. സ്ഥാനമോഹവും പാര്‍ട്ടിക്കുള്ളിലെ കലഹവുമാണ് ഈ തെരഞ്ഞെടുപ്പില്‍ മറ്റ് മുന്നണികള്‍ക്കുള്ളില്‍ മുഴച്ചുനിന്നതും. കോവിഡ് മഹാമാരിക്കിടയില്‍പ്പോലും ജനങ്ങള്‍ക്കൊപ്പം നിന്ന ഇടതുപക്ഷത്തെയും അതേസമയം ജനങ്ങള്‍ക്കെതിരെ നിന്ന കേന്ദ്രത്തെയും പോളിങ് ബൂത്തിലെത്തിയ വോട്ടര്‍മാര്‍ മറന്നില്ല.
ഇടതുപക്ഷ സര്‍ക്കാര്‍ ജനകീയ സര്‍ക്കാര്‍ തന്നെയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് കേരള ജനത.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.