കൊച്ചി തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; ഒരാൾക്ക് ഗുരുതര പൊള്ളൽ 

Web Desk
Posted on June 13, 2018, 9:37 pm
കൊച്ചി : കൊച്ചി തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു. ഒരാൾക്ക് ഗുരുതരമായി  പൊള്ളലേറ്റു.
കൊച്ചി തീരത്തു നിന്നും 14 .5  നോട്ടിക്കൽ മൈൽ ദൂരത്ത് നങ്കൂരമിട്ടിരുന്ന ഇന്ത്യൻ കപ്പലായ എം വി നളിനിക്കാണ്‌  തീ പിടിച്ചത്. നാവിക സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ നിയന്ത്രണ വിധേയമാക്കി. എൻജിൻ റൂമിലുണ്ടായ പൊട്ടിത്തെറിയാണ് തീ പിടിത്തത്തിനു കാരണമെന്നാണ് അനുമാനം. നാഫ്തയുമായി പോവുകയായിരുന്ന കപ്പലിൽ 22  ജീവനക്കാരുണ്ട്. ഇതിൽ ഒരാൾക്ക് 80  ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
ഗുജറാത്തിലെ മുന്ദ്ര തീരത്തു നിന്നും കൊളംബോയിലേക്ക് പോയ കപ്പലിലാണ് തീപിടുത്തമുണ്ടായത്. കപ്പലിലെ വൈദ്യുതി സംവിധാനം പൂർണമായും തകരാറിലായി, പ്രൊപ്പൽഷൻ സംവിധാനവും പ്രവർത്തന രഹിതമാണ്. നേവിയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ അപകട സ്ഥലത്തേക്കു പോയാണ് രക്ഷ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. സീ കിങ്  ഹെലിക്കോപ്ടറും സംഭവ സ്ഥലത്തേക്ക് പോകാൻ സജ്ജമാക്കുന്നുണ്ട്. നേവിയുടെ ഐ എൻ എസ് കല്‍പേനിയും യാത്ര തിരിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡും രക്ഷ പ്രവർത്തനത്തിന് ബോട്ട് അയച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രവിധേയമായതായും അപകടത്തിൽ പെട്ടയാളെയും മറ്റു  കപ്പലിൽ കുടുങ്ങിയിട്ടുള്ളവരെയും ഉടൻ രക്ഷപെടുത്തുമെന്ന്  നേവി വൃത്തങ്ങൾ അറിയിച്ചു.