Web Desk

ന്യൂഡൽഹി:

February 11, 2021, 10:52 pm

ലഡാക്കിൽ ടാങ്കുകൾ പിൻവാങ്ങി

Janayugom Online

ലഡാക്കിലെ പാംഗോങ് മേഖലയിൽ ആരംഭിച്ച ഇന്ത്യ‑ചൈന സൈനിക പിന്മാറ്റത്തിന്റെ ആദ്യഘട്ടം പൂർത്തിയാകാൻ 15–20 ദിവസമെടുക്കുമെന്ന് റിപ്പോർട്ട്. മേഖലയുടെ തെക്കൻ പ്രദേശത്ത് ഇന്ത്യ കൈവശപ്പെടുത്തിയിരിക്കുന്ന തന്ത്രപ്രധാന പ്രദേശങ്ങളിൽ നിന്ന് ഈ ഘട്ടത്തിൽ പിന്മാറേണ്ടി വരുമെന്നും ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പിന്മാറ്റം സംബന്ധിച്ച് കൃത്യമായ കരാറുണ്ട്. ഓരോ ഘട്ടത്തിലും ഇരു രാജ്യങ്ങളും പരസ്പര പരിശോധനകൾ നടത്തും. പാംഗോങ് തടാകത്തിന്റെ മറ്റ് ഭാഗങ്ങളിൽ കാര്യങ്ങൾ പുരോഗമിക്കുന്ന രീതിയിൽ സംതൃപ്തരായാൽ മാത്രമെ കൈലാഷ് റേഞ്ചിൽ നിന്നും ഇന്ത്യ പിന്മാറൂ എന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വടക്കൻ തീരത്തെ ഫിംഗർ 8 ലേക്ക് മടങ്ങാൻ ചൈന സമ്മതിച്ചിട്ടുണ്ട്. തെക്കൻ തീരത്തെ ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും പിന്മാറ്റം ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയായി.

ഇരുവശത്തും നൂറിലധികം ടാങ്കുകൾ ഉണ്ടായിരുന്നു. ഇതിന്റെ വീഡിയോ കരസേന പുറത്തു വിട്ടിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും യുദ്ധ സന്നാഹങ്ങൾ എത്രത്തോളം സമീപത്തായിരുന്നു എന്ന് വീഡിയോയിൽ വ്യക്തമായിരുന്നു. പാംഗോങ് മേഖലയിലെ പിന്മാറ്റം പൂർത്തിയായി 48 മണിക്കൂർ കഴിഞ്ഞ് പത്താം കോർ കമാൻഡർ തല യോഗം ചേരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സൈനിക പിന്മാറ്റം സംബന്ധിച്ച് ചൈനീസ് പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ വു ക്വിയാനാണ് ആദ്യം വാർത്ത പുറത്തുവിട്ടത്. പാംഗോങ് തടാകത്തിന്റെ തീരത്തുള്ള ഇരുരാജ്യങ്ങളുടെയും സൈനികർ ഫെബ്രുവരി 10 മുതൽ പിൻവാങ്ങുമെന്നാണു വു ക്വിയാന്റെ പ്രസ്താവനയിൽ പറഞ്ഞത്. പിന്നാലെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും നിർണായക സൈനിക പിന്മാറ്റം സ്ഥിരീകരിച്ചു. ചൈനീസ് സേന ഫിംഗർ എട്ടിലേക്ക് പിൻമാറും. ഇന്ത്യയുടെ സേന ഫിംഗർ മൂന്നിൽ നിലയുറപ്പിക്കും.

ഇതിനിടയിലുളള മേഖലകൾ നോൺപട്രോളിങ് സോണായിരിക്കുമെന്നാണ് പ്രതിരോധമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യ ഒരിഞ്ച് വിട്ടുവീഴ്ചയില്ലാതെയാണ് ധാരണയിലെത്തിയതെന്നും രാജ്നാഥ് സിംഗ് പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ അറിയിച്ചു. അതിർത്തിത്തർക്കം രൂക്ഷമായ പ്രദേശത്ത് കഴിഞ്ഞവർഷം മേയ് മുതൽ ഇരു സൈന്യങ്ങളും സംഘർഷത്തിലാണ്. സേനാ പിന്മാറ്റം ആരംഭിച്ചതോടെ പ്രശ്നങ്ങൾക്ക് നേരിയ തോതിൽ അയവ് വന്നിരിക്കുകയാണ്.

ENGLISH SUMMARY: In Ladakh the tanks retreated

YOU MAY ALSO LIKE THIS VIDEO