മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ആശ്വാസം. നിയമസഭാ കൗൺസിൽ അംഗമായി നാമനിർദ്ദേശം ചെയ്യുന്നതിന്റെ ആദ്യപടിയായി ഗവർണർ ഭഗത് സിങ് കോഷിയാരി തെരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതി. മന്ത്രിസഭായോഗം രണ്ടാംതവണയും ഉദ്ധവിനെ നാമനിർദ്ദേശം ചെയ്തുകൊണ്ടുള്ള ശുപാർശ സമർപ്പിച്ചതിന് പിന്നാലെയാണ് ഗവർണറുടെ നടപടി. കോവിഡ് പടർന്നതോടെ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം നഷ്ടമായതാണ് മുഖ്യമന്ത്രിക്ക് നിയമസഭാംഗമാകാനുള്ള സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചത്. നവംബര്‍ 28നാണ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
ആറ് മാസത്തിനകം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടണമെന്നാണ് നിയമം. ഇതുപ്രകാരം മെയ് 28ന് ഈ സമയം അവസാനിക്കും. കോവിഡ് പ്രതിസന്ധിയില്‍ നിലവിൽ തെരഞ്ഞെടുപ്പുകളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. കഴിഞ്ഞവർഷം നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ തന്ത്രപരമായി മാറ്റിനിർത്തിക്കൊണ്ട് ശിവസേന‑കോൺഗ്രസ്-എൻസിപി പാർട്ടികൾ ചേർന്ന് മഹാവികാസ് അഘാഡിയെന്ന പേരിൽ സഖ്യം രൂപീകരിച്ച് അധികാരത്തിലേറുകയായിരുന്നു. ഗവര്‍ണര്‍ക്ക് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് അംഗത്തെ ശുപാര്‍ശ ചെയ്യാനുള്ള പ്രത്യേക അധികാരമുണ്ട്. ഭരണപക്ഷത്തുള്ള എന്‍സിപിയുടെ രണ്ട് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയതിനെ തുടര്‍ന്നുണ്ടായ രണ്ട് ഒഴിവുകൾ കൗണ്‍സിലില്‍ നിലവിലുണ്ട്.
എന്നാല്‍ ശുപാർശ ലഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഗവര്‍ണറുടെ ഭാഗത്ത് നിന്നും നടപടികളൊന്നും ഉണ്ടാകാത്തതിന് കാരണം ബിജെപിയുടെ സമ്മർദ്ദമാണെന്ന് ശിവസേന ആരോപിച്ചിരുന്നു. കഴിഞ്ഞമാസം ഒമ്പതിനാണ് മന്ത്രിസഭ ഗവർണർക്ക് ശുപാർശ കൈമാറിയത്. ഇതിൽ നടപടിയൊന്നും സ്വീകരിക്കാത്തതിനെത്തുടർന്ന് രണ്ടാമതും കാബിനറ്റ് ചേർന്ന് ശുപാർശ ഗവർണർക്ക് കഴിഞ്ഞദിവസം സമർപ്പിച്ചു. കോവിഡ് പടർന്നുപിടിച്ചതോടെ തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയില്ലാത്തതിനാൽ ഗവര്‍ണര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഉദ്ധവിന് രാജി വയ്ക്കേണ്ട സാഹചര്യമാണ് ഉടലെടുത്തിരുന്നത്.
സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം സൃഷ്ടിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഉദ്ധവ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിൽനിന്നും കൃത്യമായ സന്ദേശം രാജ്ഭവനിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പിന്നീട് അഭിപ്രായപ്പെട്ടിരുന്നു. അതേസമയം കേന്ദ്രഭരണവും ഗവർണറുടെ അധികാരവും ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിൽ നിന്നും ബിജെപി നേതൃത്വം പിന്തിരിയണമെന്ന് മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റൗത്ത് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.