പി ആര്‍ സുകുമാരന്റെ  വേർപാട് സാംസ്‌കാരിക പ്രസ്ഥാനത്തിന് തീരാനഷ്ടo  

Web Desk
Posted on April 23, 2019, 8:33 pm
ഷാജി ഇടപ്പള്ളി 
കൊച്ചി : നാടക രംഗത്തും സാഹിത്യ സാംസ്‌കാരിക മേഖലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച  കലാകാരനും സമാധാന സൗഹൃദ പ്രസ്ഥാനത്തിന്റെ നേതൃനിരയിലും ശോഭിച്ച പി ആർ സുകുമാരന്റെ വേർപാട് സാംസ്കാരിക പ്രസ്ഥാനത്തിനാകെ തീരാനഷ്ടമാണ് . നാടകവും സാഹിത്യവുമായി പ്രവർത്തിച്ചിരുന്ന പി ആർ സുകുമാരൻ എഴുപതുകളിൽ  പെരുമ്പാവൂർ നാടകശാല  എന്ന നാടകസമിതി  രൂപികരിച്ചുകൊണ്ടാണ് കലാരംഗത്ത് നിറസാന്നിധ്യമായത്. കാലടി ഗോപിയുടെ നേതൃത്വവും ഈ കലാസമിതിക്ക് ഊർജം പകർന്നു.  പ്രശസ്തരായ ചലച്ചിത്ര താരങ്ങളായ കുതിരവട്ടം പപ്പു, മാള അരവിന്ദന്‍, നെല്ലിക്കോട് ഭാസ്‌കരന്‍, ബാബു നമ്പൂതിരി, കുട്ട്യേടത്തി വിലാസിനി, കുമരകം രഘുനാഥ് തുടങ്ങി ഒട്ടേറെപ്പേര്‍ തുടക്കം കുറിച്ചത് ഈ നാടകസമിതിയുടെ അരങ്ങിൽനിന്നാണ്. പെരുമ്പാവൂർ ബോയ്സ്  ഹൈസ്കൂളിലെ അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചിരുന്ന കാലയളവിൽ എറണാകുളത്തും  സമീപ ജില്ലകളിലും സാംസ്‌കാരിക പരിപാടികളിൽ   സജീവമായിരുന്നു.കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ കൂടിയായിരുന്ന സുകുമാരൻ മുൻ മുഖ്യമന്ത്രിയും സി പി ഐ നേതാവുമായിരുന്ന പി കെ വാസുദേവൻനായരുമായി നല്ല സൗഹൃദത്തിലായിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത പി.കെ. വാസുദേവന്‍ നായരെക്കുറിച്ചുള്ള ‘ഒരേ ഒരു പി.കെ.വി’ എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധേയമായിരുന്നു. സാഹിത്യ രംഗത്തും നിരവധി സംഭാവനകൾ ഇദ്ദേഹത്തിന്റേതായുണ്ട്. സാംസ്കാരിക മേഖലയിലാകെ നിറഞ്ഞുനിന്നിരുന്ന പി ആർ സുകുമാരൻ  ദീർഘനാൾ ഇപ്റ്റയുടെയും യുവകലാസാഹിതിയുടെയും  സംസ്ഥാന കമ്മിറ്റി അംഗമായും  പ്രവർത്തിച്ചിരുന്നു. സമാധാന സൗഹൃദ പ്രസ്ഥാനമായ  ഐപ്‌സോയുടെ നേതൃത്വത്തിലും   തിരുവനന്തപുരം ജില്ലയിലെ പ്രധാന നേതാവായിരുന്നു. പഴയ ഇസ്കസിലും തുടർന്ന് ഇസ്കഫിന്റെയും ദേശീയ കമ്മിറ്റി അംഗമായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ പരിപാടികൾക്ക് നേതൃത്വം നൽകിയ മികച്ച സംഘടകനുമായിരുന്നു. തോപ്പില്‍ഭാസി നാടക പഠനകേന്ദ്രം, എന്‍.ഇ. ബാലറാം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സ്, ലെനിന്‍ ബാലവാടി തുടങ്ങിയ സംഘടനകളില്‍ ഭാരവാഹിത്വം വഹിച്ചു. സംഗീതത്തിലൂടെ ശാന്തിയും സമാധാനവും എന്ന ലക്ഷ്യത്തിലൂടെ പ്രവര്‍ത്തിക്കുന്ന സ്വരാഞ്ജലി എന്ന സംഘടനയുടെ പ്രസിഡന്റാണ്. നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക്  കേരള സംഗീത നാടക അക്കാഡമി ഗുരുപൂജ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.തിരുവനന്തപുരം  പേയാട്  പള്ളിമുക്ക് പ്‌ളാങ്കുടി പ്രിയദര്‍ശിനി ലെയ്നില്‍ പി.ടി.ആര്‍.എ — 313ല്‍ താമസിച്ചിരുന്ന പി ആർ സുകുമാരൻ 88 — മത്തെ  വയസ്സിലാണ്  വിടപറഞ്ഞിട്ടുളളത്. സംസ്കാരം നാളെ    ഉച്ചയ്ക്ക് ഒരുമണിക്ക് തിരുവനന്തപുരം  ശാന്തികവാടത്തില്‍ നടക്കും.
ഭാര്യ എന്‍. ഇന്ദിര  നിര്യാതയായി.പെരുമ്പാവൂർ ഗേൾസ് സ്കൂൾ അധ്യാപികയായിരുന്നു.   മക്കള്‍: പി.എസ്. ഷാജു (ഡെപ്യൂട്ടി മാനേജര്‍, വിജയമോഹിനി മില്‍സ്), പി.എസ്. രാജീവ് (മാനേജിംഗ് ഡയറക്ടര്‍, കേരള ലാന്‍ഡ് ഡവലപ്മെന്റ് കോര്‍പറേഷന്‍), പി. എസ്. ബിന്ദു (മാനേജിംഗ് ഡയറക്ടര്‍, ശ്രീവിശ്വം ഗ്യാസ് ഏജന്‍സി, പാല), പി.എസ്. സിന്ധു (ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍, കൊച്ചിന്‍ കോര്‍പറേഷന്‍). മരുമക്കള്‍: വി.പി. വിശ്വംഭരന്‍ (റിട്ട. എച്ച്. ഒ.ഡി, സെന്‍ട്രല്‍ പോളിടെക്‌നിക്), സി. ബാബു (റിട്ട. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, കേരള പൊലീസ്), സബിത മിനി. സി.കെ. (ടൗണ്‍ പ്ലാനര്‍, ചീഫ് ടൗണ്‍ പ്ലാനറുടെ ഓഫീസ്), ബീന ലക്ഷ്മണ്‍ (അസിസ്റ്റന്റ് ഡയറക്ടര്‍, കൃഷി വകുപ്പ്).
പി ആർ സുകുമാരന്റെ നിര്യാണത്തിൽ ഇസ്‌കഫ്  ദേശീയ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അഡ്വ കെ നാരായണൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പ്രശാന്ത് രാജൻ എന്നിവർ അനുശോചിച്ചു.