ഒ പ്രതീഷ്‌

കാഞ്ഞങ്ങാട്‌

December 23, 2020, 5:03 pm

പൂക്കുവാന്‍, കായ്‌ക്കുവാന്‍ പി.സ്‌മാരക മുറ്റത്ത്‌ ടീച്ചര്‍ നട്ട നെല്ലിമരം

Janayugom Online

നഗരത്തിന്റെ ഹൃദയഭാഗത്ത്‌ നില്‍ക്കുന്ന പി.സ്‌മാരക ഗ്രന്ഥാലയത്തിന്റെ മുറ്റത്ത്‌ പൂക്കുവാനും കായ്‌ക്കുവാനും വെമ്പി നില്‍ക്കുന്ന ഒരു നെല്ലിമരമുണ്ട്‌. പി.യുടെ പിറന്നാള്‍ ദിനത്തില്‍ സുഗതകുമാരി ടീച്ചര്‍ നട്ട്‌ പിടിപ്പിച്ച മരം. മൂത്തവര്‍ ചൊല്ലിയ പോലെ മുതുനെല്ലിക്കയെ പോലെ തലയെടുപ്പോടെ പൂക്കുവാന്‍ നില്‍ക്കുന്ന നെല്ലിമരം. ജീവിതത്തിന്റെ കയ്‌പ്പും ചവര്‍പ്പും എന്താണെന്ന്‌ പ്രകൃതിയുടെ നല്ല പാഠത്തിലൂടെ പറഞ്ഞു തന്ന മാതൃ കവയിത്രി.
പൂക്കളില്ലാത്ത പുലരിയില്ലാത്ത ഏതോ വിളിക്കു പിന്നാലെ പാട്ടു മൂളി കടന്ന്‌ പോയപ്പോള്‍, പ്രകൃതിയുടെ മകള്‍ അവശേഷിച്ച്‌ പോയ പ്രതിരോധത്തിന്റെ പ്രതിഷേധത്തിന്റെ അണയാത്ത സ്‌നേഹത്തിന്റെ പാഠമായി നെല്ലിമരം ഇന്നും പി സ്‌മാരക മുറ്റത്ത്‌ തഴച്ച്‌ വളരുന്നു. ഭൂമിയിലെ പുല്ലും പുഴുവും മരവും മനുഷ്യരും വരെയെത്തുന്നവരുടെ കരുണയും കരുതലും ടീച്ചറുടെ കവിതകളില്‍ കാണാം. എന്‍ഡോ സള്‍ഫാന്‍ വിഷമഴ പെയ്‌ത കാസര്‍കോടന്‍ ഗ്രാമങ്ങളിലെ അരജീവിതങ്ങള്‍ക്കും അവരുടെ അമ്മമാര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ സുഗതകുമാരി ടീച്ചര്‍, പ്രകൃതിക്ക്‌ മുറിവേറ്റടുത്തെല്ലാം എത്തിയിട്ടുണ്ട്‌.അവര്‍ അവശേഷിച്ച്‌ പോയ നന്മ മരത്തിന്റെ നിറഞ്ഞ പൂന്തേന്‍ നുകരാന്‍ മലയാളം എന്നും കൊതിക്കും.