Web Desk

നെടുങ്കണ്ടം

June 06, 2020, 8:05 pm

നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ യുവാവിനെ മര്‍ദ്ദിച്ചതായി പരാതി

Janayugom Online

രാജ്കുമാര്‍ ഉരുട്ടികൊലയിലൂടെ കുപ്രസിദ്ധി നേടിയ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്‍ മര്‍ദ്ദനത്തിലൂടെ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചയാളെ എസ്.ഐയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനമേറ്റ തേര്‍ഡ്ക്യാമ്പ് ചെറിയാത്ത് ഷാജിമോനെ(46) തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ലോക്ഡൗണ്‍ കാലത്ത് വീട്ടിലെ ബില്‍ത്തുക റീഡിംഗിനായി വന്ന ആളെ ഷാജിമോന്‍ ഏല്‍പ്പിച്ചിരുന്നു.

എന്നാല്‍ അടുത്തമാസത്തെ ബില്‍ത്തുകയോടൊപ്പം തലേമാസത്തെ ബില്ലും ഫൈന്‍ ഉള്‍പ്പടെയാണ് വന്നത്. കുടിശികയുള്ള ബില്ല് അടച്ചതാണെന്ന് പറഞ്ഞെങ്കിലും തൂക്കുപാലം സെക്ഷനിലെ ഉദ്യോഗസ്ഥര്‍ വീട്ടിലെ ഫ്യൂസ് ഊരുകയും ചെയ്തു. ഇത് സംബന്ധിച്ച് ഷാജിമോന്‍ സെക്ഷന്‍ ഓഫീസില്‍ വിളിക്കുകയും ചെയ്തു. പിന്നീട് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നെടുങ്കണ്ടം എസ്.ഐ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി ഷാജിമോന്‍ പറയുന്നു.

സ്റ്റേഷനില്‍ എത്തിയ സമയത്ത് കഴുത്തില്‍ പിടിച്ച് തള്ളുകയും തല ലോക്കപ്പ് മുറിയുടെ കമ്പിയില്‍ ഇടിക്കുകയും ചെയ്തു. ഇതിനുപുറമെ ലാത്തിക്ക് പകരം ഉപയോഗിക്കുന്ന കെയ്ന്‍ ഉപയോഗിച്ച് പുറത്തും നെഞ്ചിലും അടിച്ചതായും ബൂട്ടിട്ട് ചവിട്ടി വീഴ്ത്താന്‍ ശ്രമിച്ചെന്നും ഷാജി പറഞ്ഞു. സംഭവത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും ഷാജി പറഞ്ഞു. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് നെടുങ്കണ്ടം എസ്.ഐ കെ ദിലീപ് കുമാര്‍ പറഞ്ഞു. ഷാജിമോന്‍ ജീവനക്കാരെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്‍ഡ് എഞ്ചിനീയര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്താന്‍ ഷാജിയെ വിളിക്കുകയാണുണ്ടായത്. കെ.എസ്.ഇ.ബിയുടെ പരാതിയില്‍ ഷാജിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും നെടുങ്കണ്ടം എസ്ഐ അറിയിച്ചു.

ENGLISH SUMMARY:in nedumkan­dam police sta­tion police beat­en man
You may also like this video