യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനില്‍ ഓടി കയറാമെന്ന് കരുതേണ്ട

Web Desk
Posted on January 06, 2019, 5:43 pm
ന്യൂഡല്‍ഹി: റയില്‍വേ സ്റ്റേഷനുകള്‍ ഇനി മുതല്‍ സ്മാര്‍ട്ടാകുന്നു. വിമാനയാത്രാ മാതൃകയിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരാനാണ് ഇന്ത്യന്‍ റയില്‍വേ പദ്ധതിയിടുന്നത്. ട്രെയിന്‍ പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് സ്റ്റേഷനിലെത്തി സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കണം. റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഡയറക്ടർ ജനറൽ അരുൺ കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ പ്രയാഗ്‌രാജ് റയിൽവേ സ്റ്റേഷനിൽ നടപ്പാക്കി.
ഈ മാസം തന്നെ ഹൂബ്ലി റയില്‍വേ സ്റ്റേഷനിലും മറ്റ് 202 സ്റ്റേഷനുകളിലും ഇത് ഉടന്‍ നടപ്പിലാക്കും. ഉന്നത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധനകളാകും സ്‌റ്റേഷനുകളില്‍ ഉണ്ടാകുക.

ഇതിന്‍റെ ഭാഗമായി റയില്‍വേ സ്‌റ്റേഷനും അവിടേക്ക് കടക്കാനുള്ള വഴികളും പ്രത്യേകം നിശ്ചയിക്കും. റയില്‍വേ സേനയെ വിന്യസിച്ചത് സുരക്ഷ കര്‍ശനമാക്കും. എന്നാല്‍ യാത്രക്കാര്‍ക്ക് അധികം ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലാകും പരിശോധനകളെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാതെ സാങ്കേതിക വിദ്യ ഉപയോഗിച്ചാകും പരിശോധന.

2016 ല്‍ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ 202 സ്‌റ്റേഷനുകളും നിരന്തര നിരീക്ഷണത്തിന് കീഴില്‍ വരും. സിസിടിവി ക്യാമറ, ബോംബുകള്‍ കണ്ടെത്താനും നിര്‍വീര്യമാക്കാനുമുള്ള സംവിധാനം, ലഗേജുകള്‍ പരിശോധിക്കാനുള്ള സ്‌കാനറുകള്‍, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ സഹായത്തോടെയാണ് ചെക്കിങ് നടപടികള്‍ നടത്തുക.

ആദ്യഘട്ടത്തില്‍ എല്ലാവര്‍ക്കും പരിശോധനയുണ്ടാകില്ല. പകരം സ്റ്റേഷനിലെത്തുന്ന എട്ടോ ഒമ്പതോ യാത്രക്കാരില്‍ ഒരാള്‍ക്കോ ഒന്നിലേറേ പേര്‍ക്കോ എന്ന കണക്കില്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും.