പുളിക്കല്‍ സനില്‍രാഘവന്‍

ജയ്പൂര്‍

July 08, 2021, 12:08 pm

രാജസ്ഥാൻ; കോൺഗ്രസ് സച്ചിൻപൈലറ്റിന് വഴങ്ങുന്നു

Janayugom Online

കോണ്‍ഗ്രസില്‍ വ്യക്തിതാല്‍പര്യം സംരക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാവാറില്ല എന്നു പറയുന്നുണ്ടെങ്കിലും പാര്‍ട്ടി വലിയ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുകയാണ്. ഏത് കൊല കൊമ്പന്‍ നേതാക്കന്‍മാരായാലും. വിട്ടുവീഴ്ച വേണ്ടന്ന നിലപാടിലായിരുനനു. ഹിമന്ത ശര്‍മ പോലുള്ള നേതാക്കളെ അങ്ങനെയാണ് കോണ്‍ഗ്രസിന് നഷ്ടമായത്. എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ നടന്ന ഒരു ഇന്റേണല്‍ സര്‍വേ വിട്ടുവീഴ്ച്ച വേണമെന്നാണ് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇതോടെ മാറ്റത്തിനാണ് ഹൈക്കമാന്‍ഡ് ഒരുങ്ങുന്നത്.

സ്റ്റൈല്‍ മാറ്റമാണ് പ്രധാനം. ഇനി ഒരാള്‍ പോലും പാര്‍ട്ടി വിട്ട് പോകരുതെന്നാണ് രാഹുലും പ്രിയങ്കയും തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയങ്ങള്‍ കുറയുന്നത് കൊണ്ട് ഹൈക്കമാന്‍ഡിന്റെ സ്വാധീനം കുറയുന്നു എന്ന് രാഹുലും പ്രിയങ്കയും തിരിച്ചറിഞ്ഞിട്ടുണ്ട്. രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ തിരഞ്ഞെടുപ്പ് അത്യാവശ്യമാണ്. അതുകൊണ്ട് പുതിയ രൂപത്തിലേക്ക് ഹൈക്കമാന്‍ഡ് മാറുകയാണ്. ഒരു സംസ്ഥാനത്ത് രണ്ട് നേതാക്കളെ ഒരേ രീതിയില്‍ വളര്‍ത്തുന്ന രീതിയാണിത്.സച്ചിന്‍ പയലറ്റിന് വലിയൊരു റോള്‍ നല്‍കാനാണ് പ്രിയങ്ക താല്‍പര്യപ്പെടുന്നത്.

അശോക് ഗെലോട്ടിനെ ഒന്ന് താഴ്ത്തി നിര്‍ത്താതെ രക്ഷയില്ലെന്നാണ് പ്രിയങ്ക രാഹുലിനെ അറിയിച്ചിരിക്കുന്നത്. 2023ല്‍ രാജസ്ഥാനില്‍ അധികാരം പിടിക്കണമെങ്കില്‍ ഇവര്‍ തമ്മില്‍ അധികാരം ബാലന്‍സ് ചെയ്യണം. സച്ചിനും സ്വന്തമായി വോട്ടുബാങ്കുള്ള നേതാവാണ്. ഗെലോട്ട് രാഷ്ട്രീയ തന്ത്രമുള്ള നേതാവായത് കൊണ്ട് പ്രിയങ്ക ഇത് വളരെ സൂക്ഷിച്ചേ ഡീല്‍ ചെയ്യൂ. സച്ചിന് 2024ല്‍ വലിയൊരു റോളും പ്രിയങ്ക മുന്നില്‍ കാണുന്നുണ്ട്. കോണ്‍ഗ്രസിന്റെ മിഷന്‍ 2024 ഇതോടെ പ്രിയങ്ക ഏറ്റെടുത്തെന്ന് വ്യക്തമാണ്.രാജസ്ഥാനില്‍ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടങ്ങി ഹൈക്കമാന്‍ഡ്. സച്ചിന്‍ പൈലറ്റിനൊപ്പമുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദില്ലിയിലെത്തി രാഹുലമായി സംസാരിച്ചിരുന്നു. ഇവര്‍ അശോക് ഗെലോട്ടുമായി അടുപ്പമുള്ളവരാണ്. അതേസമയം സച്ചിന്‍ പൈലറ്റിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ അശോക് ഗെലോട്ട് തയ്യാറായിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശങ്ങളും ലഭിച്ച് കഴിഞ്ഞു. പുനസംഘടനയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി അജയ് മാക്കനും അറിയിച്ചു. ഹൈക്കമാന്‍ഡിനെ ചില കാര്യങ്ങള്‍ കൂടി ഓര്‍മിപ്പിച്ചിരിക്കുകയാണ് സച്ചിന്‍. കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരുന്ന കാര്യം ഓര്‍മിക്കണം എന്ന് പൈലറ്റ് പാര്‍ട്ടിനേതാക്കളെ അറിയിച്ചു കഴിഞ്ഞു. . അന്ന് കോണ്‍ഗ്രസിനെ രാപകല്‍ ഇല്ലാതെ അധ്വാനിച്ച് അധികാരത്തിലെത്തിച്ചവര്‍ക്ക് പാര്‍ട്ടിയില്‍ അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇത് ഹൈക്കമാന്‍ഡിനുള്ള സന്ദേശം കൂടിയാണിത്. 2013ല്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായ ശേഷം അഞ്ച് വര്‍ഷത്തോളം സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനം നടത്തിയത് സച്ചിന്‍ പൈലറ്റായിരുന്നു.

എന്നാല്‍ അവസാന നിമിഷം മുഖ്യമന്ത്രി പദം ഗെലോട്ട് നേടിയെടുക്കുകയായിരുന്നു. സോണിയ ഗാന്ധിക്ക് രാജസ്ഥാനിലെ കാര്യങ്ങള്‍ അറിയാമെന്നും, അജയ് മാക്കന്‍ അത് പരിഹരിക്കാനായി ജയ്പൂരിലെത്തിയതെന്നും സച്ചിന്‍ പറഞ്ഞു. അതേസമയം ജൂലായില്‍ തന്നെ പുനസംഘടന ഉണ്ടാവുമോ എന്ന കാര്യത്തില്‍ അജയ് മാക്കന്‍ ഉറപ്പ് നല്‍കിയിട്ടില്ല. നാല് മന്ത്രിസ്ഥാനം സച്ചിന്‍ പക്ഷത്തിന് നല്‍കാനാണ് സാധ്യത. ഇതിനിടെ മോദി സര്‍ക്കാരിനെതിരെ സച്ചിന്‍ രംഗത്തെത്തി. ഇന്ധന വിലവര്‍ധനവിലായിരുന്നു വിമര്‍ശനം. എത്ര കാലം ബിജെപി മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി മുന്നോട്ട് പോകുമെന്ന് സച്ചിന്‍ ചോദിച്ചു.അതേസമയം ഗെലോട്ട് തല്‍ക്കാലത്തേക്ക് വഴങ്ങിയെങ്കിലും പ്രശ്‌നം വലിയ തോതില്‍ നിലനില്‍ക്കുന്നുണ്ട്. ഏറ്റവും വലുത് സ്വതന്ത്രരെയും ബിഎസ്പി നേതാക്കളെയും എങ്ങനെ ഉള്‍പ്പെടുത്തുമെന്നതാണ്. ഒമ്പത് മന്ത്രിസ്ഥാനവും തങ്ങള്‍ക്ക് തന്നെ വേണമെന്നാണ് ബിഎസ്പി എംഎല്‍എമാര്‍ അടക്കം ആവശ്യപ്പെട്ടത്. ഇവരില്ലാതെ ഗെലോട്ടിന് മുന്നോട്ടും പോകാനാവില്ല. എന്നാല്‍ ഈ ഫോര്‍മുല രാഹുല്‍ ഗാന്ധിക്ക് സ്വീകാര്യമല്ല. മൂന്ന് മന്ത്രിസ്ഥാനം വരെ കൊടുക്കാമെന്നാണ് രാഹുലിന്റെ നിലപാട്. ആറ് വരെ തങ്ങള്‍ക്ക് ലഭിക്കണമെന്നാണ് സച്ചിന്റെ ആവശ്യവും.

Eng­lish sum­ma­ry; In Rajasthan, the Con­gress gives in to Sachin Pilot

You may also like this video;