സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ജീവനക്കാരിയെ സർവീസിൽ തിരികെ പ്രവേശിപ്പിച്ചു. ജീവനക്കാരി ജോലിയിൽ തിരികെ പ്രവേശിച്ചെങ്കിലും അവധിയിൽ പോയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഗൊഗോയ്ക്കെതിരെ പരാതി ഉന്നയിച്ചതിനെ തുടർന്ന് ജീവനക്കാരിയെ ആദ്യം സ്ഥലമാറ്റി. പിന്നീട് സർവീസിൽ നിന്നും നീക്കം ചെയ്തു. രാജ്യത്ത് കുറ്റമറ്റരീതിയിൽ പ്രവർത്തിക്കേണ്ട നീതിന്യായ സംവിധാനം പരാതി ഉന്നയിച്ച യുവതിയോടും കുടുംബത്തോടും വൈര്യനിര്യാതന ബുദ്ധിയോടെയാണ് പെരുമാറിയതെന്ന് ആരോപണം ഉയർന്നിരുന്നു.
ഭർത്താവിനെതിരെ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്തു. സഹോദരനെ ഡൽഹി പൊലീസിൽ നിന്നും സസ്പെന്റ് ചെയ്തു. 2019 ഏപ്രിൽ മാസത്തിൽ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിൽ ജോലി ചെയ്യുന്നതിനിടെയാണ് അതിക്രമം ഉണ്ടായെന്നാണ് യുവതി പരാതി നൽകിയത്. പരാതിയിൽ കുറ്റാരോപിതനായ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അടിയന്തരമായി കോടതി വിളിച്ച് ആരോപണങ്ങൾ നിഷേധിച്ചു. തുടർന്ന് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഉൾപ്പെട്ട മൂന്നംഗ സമിതിയെ പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ചു. എന്നാൽ പരാതിക്കാരിയുടെ ആവലാതികൾ അവഗണിച്ച് ഗൊഗോയ്ക്ക് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ടാണ് മുന്നംഗ സമിതി സമർപ്പിച്ചത്.
ചീഫ് ജസ്റ്റിസിനെതിരെ പരാതി ഉന്നയിച്ചതോടെ തന്റെ ജോലി ഉൾപ്പടെ എല്ലാം നഷ്ടപ്പെട്ടതായി യുവതി ആരോപിച്ചിരുന്നു. എന്റെ കുടംബാംഗങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. താൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന കണ്ടെത്തൽ തികച്ചും അന്യായമാണെന്ന് യുവതി പിന്നീട് ആരോപിച്ചിരുന്നു. മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങൾക്ക് ശേഷം തനിക്കെതിരെ രജിസ്റ്റർ ചെയ്തിരുന്ന വഞ്ചനാ കേസ് ഡൽഹി കോടതി അവസാനിപ്പിച്ചു. 2019 ജൂണിൽ യുവതിയുടെ ഭർത്താവ്, സഹോദരൻ എന്നിവരെ സർവീസിൽ തിരിച്ചെടുത്തു. യുവതിയുടെ പരാതി കൈകാര്യം ചെയ്ത സുപ്രീം കോടതി നിലപാടുകൾക്കെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയർന്നത്. വിവിധ വനിതാ സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധിച്ചിരുന്നു. തികച്ചും മുൻവിധിയോടെയാണ് യുവതിയുടെ പരാതി കൈകാര്യം ചെയ്തതെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി ലോക്കൂറൂം ആരോപിച്ചിരുന്നു.
English Summary: In se xual allegation against former Chief Justice employee admitted to service
You may also like this video