March 26, 2023 Sunday

തമിഴ്‌നാട്ടിൽ 17 ജില്ലകൾ റെഡ് സോണായി പ്രഖ്യാപിച്ചു

Janayugom Webdesk
ചെന്നൈ
April 13, 2020 10:57 am

തമിഴ്‌നാട്ടിൽ പതിനേഴ് ജില്ലകൾ റെഡ് സോണായി പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നൈയ്ക്ക് പുറമെ കോയമ്പത്തൂർ, തേനി, മധുര, ഈറോഡ്, തിരുപ്പൂർ ഉൾപ്പടെയുള്ള ജില്ലകൾ റെഡ് സോൺ ആയത്. തമിഴ്‌നാട്ടിൽ സമൂഹ വ്യാപനമെന്ന ആശങ്കയും ശക്തമാവുകയാണ്. ചെന്നൈയിലും കോയമ്പത്തൂരുമാണ് കൂടുതൽ കൊവിഡ് ബാധിതർ ഉള്ളത്. നാൾക്കുനാൾ കേസുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. രോഗബാധിതർ ഗണ്യമായി വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും കൃത്യമായ കണക്കുകൾ പുറത്തുവിടണമെന്നും ചൂണ്ടിക്കാട്ടി സ്റ്റാലിൻ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. രോഗവ്യാപന സാഹചര്യം വലിയ ആശങ്കയാണ് തമിഴ്‌നാട്ടിൽ ഉണ്ടാക്കിയിട്ടുള്ളത്.

കൊവിഡ് പടരുന്ന അവസ്ഥയിൽ തമിഴ്‌നാട്ടിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എയ്മ അടക്കമുള്ള മലയാളി സംഘടനകൾ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെടുന്ന കേരളം മറുനാടൻ മലയാളികളുടെ പ്രശ്നം കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. അതിനിടെ തമിഴ്‌നാട് മയിലാടുതുറെയിൽ പത്ത് വിദേശ മതപ്രചാരകർ അറസ്റ്റിൽ ആയിട്ടുണ്ട്. നാഗപട്ടണത്തെ മദ്രസയിൽ കഴിയുകയായിരുന്ന ഇവരെ നിരീക്ഷണത്തിലാക്കി. സന്ദർശക വിസയിലെത്തിയ ഇവർക്ക് മതപ്രവർത്തനം നടത്താൻ അനുമതി ഇല്ലായിരുന്നുവെന്നും കണ്ടെത്തി ആരോഗ്യ പ്രവർത്തകർക്ക് ഇടയിൽ അടക്കം കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന അവസ്ഥയാണ് തമിഴ്‌നാട്ടിൽ നിലവിൽ ഉള്ളത്. ചെന്നൈയിൽ രണ്ട് ഡോക്ടർമാർക്കും ഒരു മലയാളി ഉൾപ്പെടെ നാല് നഴ്സുമാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടർമാരുടെ എണ്ണം പത്തായി.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.