രാജേഷ് പുത്തൻപുരയിൽ

May 02, 2021, 11:29 am

ഇന്ന് സത്യജിത്ത് റേയുടെ ജന്മദിനം ജന്മശതാബ്ദിയിൽ സത്യാന്വേഷണത്തിന്റെ ചലച്ചിത്രകാരൻ

Janayugom Online

ലോക സിനിമയുടെ വെള്ളിത്തിരയിൽ ഇന്ത്യയെ പ്രതിഷ്ഠിച്ച ലോകോത്തര ചലച്ചിത്രകാരന്‍ സത്യജിത്ത് റേയുടെ ജന്മശതാബ്ദിയാണ് ഇന്ന്. ലോക സിനിമാവേദിയിൽ ഇന്ത്യൻ സിനിമയ്ക്ക് അന്തസും അംഗീകാരവും നേടിത്തന്ന ഈ അതികായന്റെ തിരോധാനത്തോടെ നമ്മുടെ സിനിമയുടെ നവോത്ഥാന കാലത്തിന് തിരശ്ശീല വീണുവെന്നുതന്നെ പറയാം. കലാപരമായി ഉന്നത നിലയിലുള്ള ഒരു ബംഗാളി കുടുംബത്തിൽ 1921 ലാണ് സത്യജിത്ത് റേ ജനിച്ചത്. ടാഗോർ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളതായിരുന്നു റേ കുടുംബം.ബിരുദപഠനത്തിനുശേഷം 1947ൽ റേയും സുഹൃത്തുക്കളും ചേർന്ന് കൊൽക്കത്തയിൽ ആദ്യമായി ഫിലിം സൊസൈറ്റി സ്ഥാപിച്ചു. ദ റിവർ എന്ന ചലച്ചിത്രത്തിന്റെ വാതിൽപ്പുറ ചിത്രീകരണത്തിനായി 1949ൽ നോയർ കൊൽക്കത്തയിൽ വന്നപ്പോഴുണ്ടായ കൂടിക്കാഴ്ചയാണ് റേയുടെ ചലച്ചിത്ര ജീവിതത്തെ തന്നെ ഏറെ സ്വാധീനിച്ചത്. ഇതിനെ തുടർന്നാണ് 1930കളിൽ പ്രസിദ്ധിയിലേക്കുയർന്ന വിഭൂതി ഭൂഷൺ ബാനർജിയുടെ പഥേർ പാഞ്ചലി എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരം നടക്കുന്നത്. 

റേയുടെ ആദ്യ സിനിമാ സംരംഭത്തിന്റെ പൂർത്തീകരണം പശ്ചിമബംഗാൾ ഗവൺമെന്റിന്റെ സഹായത്തോടെയായിരുന്നു എന്നത് പ്രത്യേകം എടുത്തുകാണേണ്ടതാണ്. ‘ഏറ്റവും നല്ല മനുഷ്യകഥ’ എന്ന് ‘പഥേർ പാഞ്ചലി’ കാൻ ചലച്ചിത്രോത്സവത്തിൽ പ്രകീർത്തിക്കപ്പെട്ടതിനൊപ്പം ഇന്ത്യൻ സിനിമ ലോക സിനിമാഭൂപടത്തിൽ ഇടം നേടുകയായിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രരംഗത്തെ തലതൊട്ടപ്പൻമാരായ ബർഗ്മാനും, ഫെലിനിയും, ഗോദാർഡും, ഡിസീക്കയും, കുറസോവയും മേധാവിത്വം പുലർത്തിപ്പോന്നിരുന്ന സിനിമാ സാമ്രാജ്യത്തിലേക്ക് ഇന്ത്യൻ സിനിമയെ അദ്ദേഹം നയിച്ചത് ദ്യശ്യബിംബത്തിന്റെ ദിവ്യശക്തി വിളിച്ചോതുന്ന ഒരു പുതിയ ചലച്ചിത്ര സംസ്കാരം ഊട്ടിവളർത്തിയെടുത്തുകൊണ്ടായിരുന്നു.
പാരമ്പര്യം മറികടക്കാതെ നമ്മുടെ സംസ്കാരത്തിന്റെ ശക്തിചൈതന്യം ആവാഹിച്ചെടുത്ത് ക്യാമറകൊണ്ട് ഇന്ത്യയുടെ ആത്മകഥ രചിച്ച സത്യാന്വേഷിയായ ഒരതുല്യ ചലച്ചിത്ര പ്രതിഭയായിരുന്നു റേ. 

ഇന്ത്യൻ സിനിമ എടുത്തണിഞ്ഞിരുന്ന മിഥ്യയുടെയും കാപട്യത്തിന്റെയും അലങ്കാരങ്ങൾ മെല്ലെ മെല്ലെ അദ്ദേഹം പറിച്ചുമാറ്റി. റേയിലെ മൗലിക പ്രതിഭയ്ക്ക് കാൻ ഫെസ്റ്റിവലിൽ അംഗീകാരം ലഭിച്ചതോടെ ഭാരതത്തിന്റെ ദാരിദ്യ്രം വിദേശങ്ങളിൽ വിറ്റ് കാശാക്കുകയാണെന്ന് ആർത്തിരമ്പിയവർ സ്വയം വായ്മൂടിക്കെട്ടി. യഥാർത്ഥത്തിൽ ദാരിദ്യ്രത്തിൽ കഴിഞ്ഞ ഒരു ബ്രാഹ്മണ കുടുബത്തിന്റെ കഥയിലൂടെ ഇന്ത്യയുടെ അവസ്ഥയെ തന്റേതായ കാഴ്ചപ്പാടിൽ ലോകത്തിന് കാട്ടിക്കൊടുക്കുക മാത്രമേ ഈ നവോത്ഥാന നായകൻ ചെയ്തിട്ടുള്ളു.
സത്യജിത്ത് റേ എന്ന അത്ഭുത വ്യക്തിയെ കേന്ദ്രീകരിച്ചാണ് മലയാള സിനിമയിലെ എല്ലാ വിപ്ലവങ്ങളും ആദ്യമായി അരങ്ങേറിയത്. വഴിമാറി സഞ്ചരിക്കാൻ ധൈര്യം കാണിച്ച അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരവും, കൊടിയേറ്റവും, അരവിന്ദന്റെ ഉത്തരായനവും, തമ്പും റേയുടെ സ്വാധീനത്തിൽ പിറന്ന ചലച്ചിത്ര സൃഷ്ടികളാണ്. 

സിനിമ എന്ന മാധ്യമത്തിനു മേൽ സമ്പൂർണമായ ആധിപത്യം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുള്ള അപൂർവം സംവിധായകരിൽ ഒരാളായിരുന്നു സത്യജിത്ത് റേ. സംവിധാനം, തിരക്കഥ, രചന, ഛായാഗ്രഹണം, ചിത്രസംയോജനം, കലാസംവിധാനം, ടൈറ്റിൽ ഡിസൈനിംഗ്, പോസ്റ്റർ ഡിസൈനിംഗ്, സംഗീത സംവിധാനം തുടങ്ങിയ മേഖലകളിലല്ലാം അസാമാന്യ കൈയടക്കത്തോടെ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭ.
അത്യഗാധമായ നിരീക്ഷണപാടവും സൗന്ദര്യാത്മകമായ സമീപനവും പുലർത്തിയിരുന്ന അനുഗൃഹിത കലാകാരനായിരുന്നു റായ്. 

അനന്ത വൈവിധ്യമാർന്ന ജീവിതത്തിന്റെ കണ്ണികൾക്കിടയിലുള്ള അന്തർധാരകളും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവ ബന്ധത്തിന്റെ ഉറവിടങ്ങളും തേടിയുള്ള എഴുപത്തിയൊന്ന് വർഷത്തെ ജീവിതയാത്രയിൽ മാനുഷിക മൂല്യങ്ങളെ തൊട്ടുണർത്തുന്നവയും ജീവിത യാഥാർത്ഥ്യങ്ങൾ തുടിച്ചു നിൽക്കുന്നവയുമായ ചലച്ചിത്ര ഇതിഹാസങ്ങൾ മഹാനായ ഈ കലാകാരൻ ലോകത്തിന് കാഴ്ചവച്ചു.
റേയുടെ സിനിമയുടെ സത്ത പൂർണമായി പ്രതിഫലിപ്പിക്കുന്നവയാണ് അപുത്രയം. സെല്ലുലോഡിൽ രചിച്ച ഒരു ഇതിഹാസമത്രെ അപുത്രയം. നാലു പതിറ്റാണ്ടുകൾ നീണ്ട ചലച്ചിത്ര സപര്യക്കിടയിൽ മൂന്ന് ഹ്രസ്വ ചിത്രങ്ങളും അഞ്ച് ഡോക്യുമെന്ററികളും. അപുത്രയം (1955 — 1959) മുതൽ അഗന്തുക് (1991) വരെയുള്ള ഒന്നിനൊന്ന് വ്യത്യസ്തമായ 29 മുഴുനീള ചലച്ചിത്രങ്ങളുമാണ് റായ് തന്റെ അടയാളപ്പെടുത്തലുകളുമായി ലോകത്തിന് സമർപ്പിച്ചത്. 

ENGLISH SUMMARY:In the birth cen­te­nary of Satya­jit Ray
You may also like this video