23 April 2024, Tuesday

Related news

April 23, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 21, 2024

ഗുജറാത്തിൽ ബിജെപി പ്രതിസന്ധിയില്‍ വിമതര്‍ക്ക് മേല്‍ക്കൈ

Janayugom Webdesk
അഹമ്മദാബാദ്
November 20, 2022 11:31 pm

തുടർച്ചയായ ഏഴാം വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്ന ഗുജറാത്തിൽ മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്ത വിമതപ്പടയുടെ ഭീതിയില്‍ ബിജെപി.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും അദ്ദേഹത്തിന്റെ വലംകെെ അമിത് ഷായുടെയും സ്വന്തം സംസ്ഥാനത്താണ് നേതൃത്വം ഇടപെട്ടിട്ടും അടങ്ങാത്ത കലിയുമായി വിമതർ ഇടഞ്ഞു നിൽക്കുന്നത്. ഇന്നലെ സ്വതന്ത്രരായി പത്രിക സമര്‍പ്പിച്ച ഏഴ് നേതാക്കളെ ബിജെപിയില്‍ നിന്നും പുറത്താക്കി. രണ്ടരപ്പതിറ്റാണ്ട് പുറത്തു നിൽക്കുകയും കഴിഞ്ഞ തവണ കേവലം ഏതാനും സീറ്റുകൾക്ക് കെെവിടുകയും ചെയ്ത ഭരണം തിരിച്ചുപിടിയ്ക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനും വിമതശല്യം തലവേദനയാകുന്നു. 

മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, മന്ത്രി ഭൂപേന്ദ്ര സിങ് ചുദസാമ തുടങ്ങിയവർ അടക്കമുള്ള വൻനിരയെ അനുനയിപ്പിക്കാൻ ബിജെപി നേതൃത്വം പെടാപ്പാട് പെടുകയാണ്. ആദ്യ രണ്ട് പട്ടികകളിലായി 166 സ്ഥാനാർത്ഥികളെയാണ് ഈ മാസം ആദ്യം പ്രഖ്യാപിച്ചത്. അതിന് തൊട്ടുപിന്നാലെ പ്രശ്നങ്ങൾ ആരംഭിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ മന്ത്രിസഭയിലെ അഞ്ച് മന്ത്രിമാരും നിയമസഭാ സ്പീക്കർ നിമാബെൻ ആചാര്യയും ഉൾപ്പെടെ 42 സിറ്റിങ് എംഎൽഎമാർക്ക് ടിക്കറ്റ് നിഷേധിച്ചതോടെ പലരും സ്വതന്ത്രരായി പത്രിക നൽകിയിട്ടുണ്ട്. ഇന്നാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലേക്ക് പത്രിക പിന്‍വലിക്കാനുള്ള അവസാനദിനം. 

മുന്‍ എംഎല്‍എമാരായ ഹര്‍ഷദ് വാസവ, അരവിന്ദ് ലഠാനി, ദിനേഷ് പട്ടേല്‍, ധവാല്‍സിംഹ് സാല, മധു ശ്രീവാസ്തവ, മൗജി ദേശായി എന്നിവരെയാണ് ഇന്നലെ പുറത്താക്കിയത്. ഇവരില്‍ ഹര്‍ഷദ് വാസവ ആദിവാസി മേഖലകളില്‍ വലിയ സ്വാധീനമുള്ള നേതാക്കളിലൊരാളാണ്.
പ്രഖ്യാപിച്ച സ്ഥാനാർത്ഥികളിൽ പലരും കോൺഗ്രസ് വിട്ടു വന്നവരായത് വിമതരെ കൂടുതൽ ചൊടിപ്പിച്ചു. ആദ്യഘട്ട നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഗാന്ധിനഗറിലെ സംസ്ഥാന ബിജെപി ഓഫീസിൽ തന്നെ പ്രതിഷേധമുണ്ടായിരുന്നു, ചോര്യസി മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയെ തഴഞ്ഞതിൽ പ്രതിഷേധിച്ച് സൂറത്തിൽ നിന്നുള്ള പ്രവർത്തകരും പ്രകടനം നടത്തിയിരുന്നു. 

വിമതനീക്കം നടത്തുന്ന ബിജെപി നേതാക്കളെ ഒപ്പം നിർത്താൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം കരുനീക്കം നടത്തുന്നുണ്ട്. എന്നാൽ അതിനിടയിൽ ഇവിടെയും സീറ്റുമോഹികൾ വിമത ഭീഷണി ഉയർത്തി. മുൻ കേന്ദ്രമന്ത്രിയും മുൻ പിസിസി അധ്യക്ഷനുമായ ഭരത് സിങ് സോളങ്കി സീറ്റ് വില്പന നടത്തിയെന്ന ആരോപണവും ഉയര്‍ത്തി. കോൺഗ്രസിന് ഏറെ പ്രതീക്ഷയുള്ള മെഹ്സാനയിലെ ഭാവേഷ് പട്ടേലും മുതിർന്ന നേതാവ് വീരേന്ദ്ര റാത്തോർ സീറ്റ് കച്ചവടം നടത്തിയെന്ന ആരോപണവുമായി രംഗത്തെത്തി. അനുയായികൾ ആവശ്യപ്പെടുന്ന പക്ഷം മത്സരരംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
ദളിത് നേതാവ് ജിഗ്നേഷ് മേവാനി ഉൾപ്പെടെ 39 സ്ഥാനാർഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചതിനു പിന്നാലെ അഹമ്മദാബാദിലെ ജമാൽപുർ, ഖഡിയ, വത്വ സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയും പ്രതിഷേധമുണ്ടായി. കഴിഞ്ഞ തവണ സ്വതന്ത്രനായി ജയിച്ച മേവാനി ആദ്യമായാണ് കോൺഗ്രസ് ചിഹ്നത്തിൽ പോരിനിറങ്ങുന്നത്. 

Eng­lish Sum­ma­ry: In the BJP cri­sis in Gujarat, the rebels have the upper hand

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.