Tuesday
17 Sep 2019

ഓ! കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍, യുവരക്തത്തിന്റെ തിളച്ചുകയറ്റം !

By: Web Desk | Thursday 2 August 2018 10:31 PM IST


rahul-gandhi janayugom

V P Unnikrishnan

കോണ്‍ഗ്രസില്‍ ‘യുവരാജാ’വായി ആരോഹണം ചെയ്യപ്പെട്ടപ്പോള്‍ – കോണ്‍ഗ്രസ് ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ – രാഹുല്‍ഗാന്ധി ഉചൈസ്തരം പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകസമതിയിലും നിര്‍ണായകഘടകങ്ങളിലും യുവരക്തത്തിന്റെ സാന്നിധ്യമുറപ്പാക്കുകയാണ് തന്റെ ആത്യന്തികവും അന്തിമവുമായ ലക്ഷ്യമെന്നാണ്. തിരുവായ്ക്ക് എതിര്‍വായില്ലെന്നത് കോണ്‍ഗ്രസ് അനുചരവൃന്ദങ്ങളുടെ പതിവുശീലമാണ്. അതുകൊണ്ടുതന്നെ വന്ദ്യവയോധികരായ എ കെ ആന്റണിയും മോത്തിലാല്‍ വോറയുമെല്ലാം വാചാലരായി. യുവരക്തങ്ങളെ കൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ചടുലവും സമ്പന്നവും സമ്പുഷ്ടവുമാക്കണമെന്ന്.
യുവരാജാവ് പ്രഥമരാജാവുതന്നെയായി. മാതാവ് സോണിയാഗാന്ധിയില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷപദം ഏറ്റെടുത്തു. പ്രധാനമന്ത്രി കസേരയിലേക്ക് ആദ്യഘട്ടത്തില്‍ സ്വയം അവരോധിച്ചു. കെണി പിണഞ്ഞെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മായാവതിക്കും മമതാബാനര്‍ജിക്കും വേണ്ടി സ്ഥാനത്യാഗം ചെയ്യുവാന്‍ സന്നദ്ധനെന്ന് പ്രഖ്യാപിച്ചു. സിംഹാസനാരോഹണം വെടിയുന്ന ത്യാഗീവര്യന്റെ മുഖപ്പാവ് സ്വയം എടുത്തണിഞ്ഞു.
പ്രവര്‍ത്തകസമിതി പുനഃസംഘടിപ്പിച്ചപ്പോള്‍ എവിടെ ‘യുവരക്തം’ എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികമാണ്. വൃദ്ധകേസരികളായ മോത്തിലാല്‍ വോറയും എ കെ ആന്റണിയും മന്‍മോഹന്‍സിങ്ങുമെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലുണ്ട്. അവരെക്കാള്‍ പ്രായത്തില്‍ പിന്നില്‍ നില്‍ക്കുന്ന ദ്വിഗ് വിജയ് സിങ്ങും ജനാര്‍ദ്ദന്‍ ദ്വിവേദിയുമെല്ലാം പ്രവര്‍ത്തകസമിതിയുടെ പട്ടികയില്‍ നിന്ന് പുറത്ത്. അമ്പതുവയസിന് താഴെയുള്ള ആരെയാണ് യുവരക്ത പ്രവാഹത്തിനുവേണ്ടി വാചാലക്കസര്‍ത്തു നടത്തിയ രാഹുല്‍ഗാന്ധി പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയത്. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍തന്നെ! കാലചക്രങ്ങള്‍ മാറും. പക്ഷേ, നിലപാടുകള്‍ മാറില്ല.
യൗവ്വനയുക്തമായ ഒരു പ്രവര്‍ത്തകസമിതിയുടെ ഭൂതകാലം കോണ്‍ഗ്രസിനുണ്ടായിരുന്നു. കോണ്‍ഗ്രസ് ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന 21 അംഗ പ്രവര്‍ത്തകസമിതിയില്‍ പകുതിയോളം അംഗങ്ങളെ അധ്യക്ഷന് നാമനിര്‍ദേശം ചെയ്യാം. ബാക്കി പകുതി അംഗങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ കടന്നെത്തണം. ഭരണഘടന കോണ്‍ഗ്രസിനെ സംബന്ധിച്ച് കേവലം പാഴ്ക്കടലാസായതുകൊണ്ട് ഭരണഘടനാതത്വം പലപ്പോഴും ലംഘിക്കപ്പെട്ടിട്ടുണ്ട്. രാഹുല്‍ഗാന്ധിയുടെ സ്ഥാനാരോഹണത്തിനുശേഷം പ്രവര്‍ത്തകസമിതി അംഗങ്ങളെയും പിസിസി അധ്യക്ഷന്മാരെയും എഐസിസി അധ്യക്ഷന് നാമനിര്‍ദേശം ചെയ്യാമെന്ന് ‘ഞാനും എന്റെ തോഴിയും’ എന്നനിലയ്ക്ക് കൈയടിച്ച് അംഗീകരിച്ചു.
വയലാര്‍ രവിയെപ്പോലെ ഒരു യൗവനയുക്തന്‍, രാജേഷ് പൈലറ്റിനെ പോലെ ഒരു ചെറുപ്പക്കാരന്‍, മാധവറാവു സിന്ധ്യയെപ്പോലെ ഒരു കര്‍മ്മകൗശലന്‍, ചന്ദ്രശേഖറിനെ പോലെ കലഹബോധം മുറുകെ പിടിച്ച ഒരാള്‍…. എന്നിവരെല്ലാം പ്രവര്‍ത്തകസമിതി അംഗങ്ങളായി കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ മുഖ്യധാരയിലെത്തിയ ചരിത്രംപോലും രാഹുല്‍ഗാന്ധിയെ പോലെ പുതുതലമുറ നായകന്‍മാരും ഉപദേഷ്ടാക്കളും വിസ്മരിക്കുന്നു. വിസ്മരിക്കുവാന്‍ ആ ചരിത്രം രാഹുലുമാര്‍ക്ക് അറിയേണ്ട എന്നത് മറ്റൊരുകാര്യം. ശരദ്പവാറും അര്‍ജുന്‍സിങ്ങും അരുണ്‍ നെഹ്‌റുവും വി പി സിങ്ങും എന്‍ ഡി തിവാരിയും ട്രബിള്‍ ഷൂട്ടറായ ജി കെ മൂപ്പനാരും പ്രധാനമന്ത്രിപദത്തിലെത്തിയ ലാല്‍ ബഹുദൂര്‍ശാസ്ത്രിയും കാമരാജും ദേവരശും ‘ഇന്ത്യയെന്നാല്‍ ഇന്ദിര’ എന്ന മുദ്രാവാക്യം മേമ്പൊടിയായി, അലങ്കാരമായി ചാര്‍ത്തിയ ഇന്ദിരാഗാന്ധിയുമൊന്നും വാര്‍ധക്യകാലത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് എഴുന്നെള്ളിക്കപ്പെട്ടവരല്ല. ആ ചരിത്രസത്യങ്ങളെയാണ് വര്‍ത്തമാനകാല കോണ്‍ഗ്രസ് ഫ്യൂഡലിസ്റ്റുകള്‍ അപ്പാടെ തമസ്‌കരിക്കുന്നത്.
രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച ജംബോ വര്‍ക്കിങ് കമ്മിറ്റിയില്‍ 21 അംഗങ്ങളല്ല ഉള്ളത്. സ്ഥിരം ക്ഷണിതാക്കള്‍, വിശിഷ്ട ക്ഷണിതാക്കള്‍, പ്രത്യേക ക്ഷണിതാക്കള്‍ (അതായത് സമയോചിതം ക്ഷണിക്കാവുന്നവര്‍), പോഷകസംഘടനാ ഭാരവാഹികള്‍, പിസിസി അധ്യക്ഷന്മാര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് അവതരിപ്പിക്കപ്പെട്ടത്.
ഈ മെഗാ കമ്മിറ്റിയില്‍ അമ്പതുവയസിനു താഴെ പ്രായമുള്ളവര്‍ ആരുണ്ട്? എത്രപേരുണ്ട്? എന്ന ചോദ്യം പ്രസക്തമാണ്. അറുപതിനോടടുക്കുന്ന കെ സി വേണുഗോപാല്‍ എന്ന കേരളീയനെ ‘യുവരക്തം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് മലയാളക്കരയില്‍ ഫഌക്‌സ് ബോര്‍ഡുകളുടെ പ്രവാഹമുണ്ടാകുന്നു. സെല്‍ജ കല്യാണം കഴിക്കാത്തതുകൊണ്ട് കുമാരി സെല്‍ജയാണ്. പക്ഷേ പ്രായം അമ്പതിന്റെ മധ്യഘട്ടം പിന്നിടുന്നു. യുവരക്തത്തിനുവേണ്ടി വാചാലനായ ആന്റണി എണ്‍പത് വയസ് പിന്നിടുന്നു. ‘കതിരിന്മേല്‍ വളം’ വച്ചിട്ടെന്തുകാര്യം എന്ന ചോദ്യം ആന്റണിമാരുടെ കാര്യത്തില്‍ പ്രസക്തമാവുകയാണ്.
‘യുവരക്തത്തി’നുവേണ്ടി വാചാലനായ രഹുല്‍ഗാന്ധി അവതരിപ്പിച്ച പുതിയ പ്രവര്‍ത്തക സമിതി അംഗങ്ങളുടെ പട്ടിക നോക്കൂ; ‘രാഹുല്‍ഗാന്ധി, സോണിയാഗാന്ധി, മന്‍മോഹന്‍സിങ്, എ കെ ആന്റണി, മോത്തിലാല്‍ വോറ, ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേല്‍, കമാരി സെല്‍ജ, ഉമ്മന്‍ചാണ്ടി, സിദ്ധരാമയ്യ, അശോക് ഗഹ്‌ലോട്ട്, കെ സി വേണുഗോപാല്‍, അംബികാസോണി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ആനന്ദ്ശര്‍മ്മ, അരുണ്‍ ഗോഗോയ്, മുകുള്‍ വാസ്‌നിക്ക്, അവിനാഷ് പാണ്ഡേ, രഘുവീര്‍ മീണ… 21 അംഗ പ്രവര്‍ത്തക സമിതിയിലെ യുവരക്തങ്ങളുടെ പ്രവാഹം ഇരുമ്പുകയാണ്. മുന്‍ സൂചിപ്പിച്ചതുപോലെ കെ സി വേണുഗോപാല്‍ എന്ന അറുപതിനോട് പ്രായമെത്തുന്ന വ്യക്തിയുടെ ഛായാചിത്രം ഫഌക്‌സുകളില്‍ അച്ചടിച്ച് യുവസാന്നിധ്യത്തെ കുറിച്ച് ആചാരവെടി മുഴക്കി കേരളത്തിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ ചാരിതാര്‍ത്ഥ്യമടയുന്നു.
പി സി ചാക്കോയും മുനിയപ്പയും ഉള്‍പ്പെടെയുള്ള ‘യുവരക്തങ്ങ’ളെ തിരുകിക്കയറ്റി രാഹുല്‍ഗാന്ധി പ്രത്യേകക്ഷണിതാക്കളെയും പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തി. വല്ലപ്പോഴും പ്രവര്‍ത്തകസമിതിയിലേക്ക് ക്ഷണിക്കപ്പെടുന്നവരുടെ ജംബോ പാനലിലും ‘ചെറുപ്പക്കാരു’ടെ അതിപ്രസരം! തന്നെ. യുവരക്തം ഇങ്ങനെ തിളച്ചുമറിയുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എങ്ങനെ രക്ഷാതീരത്ത് എത്തിച്ചേരാതിരിക്കും. ‘സംഭവാമി യുഗേ! യുഗേ!’